Kerala News
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്, മുസ്‌ലിം ലീഗില്‍ ഭിന്നത; കമറുദ്ദീനുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കി പാണക്കാട് തങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 10, 11:44 am
Thursday, 10th September 2020, 5:14 pm

മലപ്പുറം: ജ്വല്ലറി  നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ മുസ്‌ലിം ലീഗ് എം.എല്‍.എ എം.സി കമറുദീനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ലീഗില്‍ ഭിന്നത. കമറുദ്ദീനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുടെയും സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കമറുദ്ദീനുമായുള്ള കൂടിക്കാഴ്ച പാണക്കാട് തങ്ങള്‍ ഒഴിവാക്കി. ഇരു വിഭാഗവും മലപ്പുറത്തെത്തിയ സാഹചര്യത്തിലാണ് തീരുമാനം.

ഇന്ന് രാവിലെ പാണക്കാടെത്തി വിശദീകരണം നല്‍കാനായിരുന്നു ലീഗ് നേതൃത്വം എം.സി കമറുദ്ദീന് നിര്‍ദ്ദേശം നല്‍കിയിരുന്നത്. തട്ടിപ്പിനരയായ നിക്ഷേപകര്‍ക്ക് നാലു മാസത്തിനകം പണം തിരിച്ചു നല്‍കാമെന്ന് കമറുദ്ദീന്‍ ലീഗിന് ഉറപ്പു നല്‍കിയിരുന്നു. പണം തിരിച്ചു നല്‍കുന്നതു വരെ കമറുദ്ദീനെ കാസര്‍കോട് ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍, മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി അംഗം എന്നീ സ്ഥാനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്നതായിരുന്നു ലീഗ് നേതൃത്വം തീരുമാനിച്ചിരുന്നത്.

എന്നാല്‍ അച്ചടക്ക നടപടി ഒഴിവാക്കാന്‍ കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്, കാസര്‍കോട് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുള്ള എന്നിവരെയും കൂട്ടിയാണ് കമറുദ്ദീന്‍ മലപ്പുറത്തെത്തിയത്. ഈ നീക്കം നേരത്തെ അറിഞ്ഞ കമറുദ്ദീന്‍ വിരുദ്ധ വിഭാഗവും മലപ്പുറത്തെത്തി.

ഇരു വിഭാഗവും മലപ്പുറത്തെത്തിയത് അനിഷ്ട സംഭവങ്ങള്‍ക്കിടയാക്കുമെന്നു മുന്നില്‍ കണ്ടാണ് കമറുദ്ദീനോട് തല്‍ക്കാലം പാണക്കാടേക്ക് വരേണ്ട
തില്ലെന്ന് നേതൃത്വം അറിയിച്ചത്. തുടര്‍ന്ന് വഴി മധ്യേ കമറുദീന്‍ തിരിച്ചു പോവുകയായിരുന്നു.

അതേ സമയം നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ നേതാക്കളുമായി ഹൈദരലി ശിഹാബ് തങ്ങള്‍ കൂടിക്കാഴ്ച നടത്തുന്നുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ