വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിയ്ക്ക് വിടുന്നതിനെതിരെ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയോടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരുന്നതിനുള്ള സാധ്യത തെളിയുന്നു. റാലി ഉദ്ഘാടനം ചെയ്ത സാദിഖലി തങ്ങള്‍ നടത്തിയ പ്രസംഗം സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും കടന്നാക്രമിച്ചുള്ളതായിരുന്നു.
34 വര്‍ഷം മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളുടെ അനിയനാണ് സാദിഖലി ശിഹാബ് തങ്ങള്‍. 55 കാരനായ സാദിഖലി ശിഹാബ് തങ്ങള്‍ സമസ്തയുടെ പിളര്‍പ്പിന് ശേഷം 15 വര്‍ഷക്കാലം എസ്.കെ.എസ്.എസ്.എഫിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു.
2000 മുതല്‍ 2007 വരെ മുസ്‌ലിം യൂത്ത് ലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന സാദിഖലി തങ്ങള്‍ മുസ്‌ലിം ലീഗിന്റെ മലപ്പുറം ജില്ലാ പ്രസിഡന്റാണ്. നിലവില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണെങ്കിലും അദ്ദേഹം അനാരോഗ്യം മൂലം വിശ്രമത്തിലാണ്.
ഈ അവസരത്തില്‍ സാദിഖലി തങ്ങള്‍ നേതൃസ്ഥാനത്തേക്ക് കടന്നുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വഖഫ് നിയമനത്തിലെ സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്തായിരുന്നു സാദിഖലി തങ്ങളുടെ പ്രസംഗമെങ്കിലും അതിലുടനീളം സമുദായ ഐക്യത്തെക്കുറിച്ചും അദ്ദേഹം വാചാലനായിരുന്നു.
സമുദായ ഐക്യത്തെ ലീഗ് കണ്ണിലെ കൃഷ്ണമണി പോലെ കാണുന്നുവെന്നും അതുകൊണ്ടാണ് സമസ്ത നേതാക്കള്‍ ലീഗിനൊപ്പം ചേര്‍ന്ന് നിന്നതെന്നുമായിരുന്നു തങ്ങള്‍ പറഞ്ഞത്. ആ കട്ടില്‍ കണ്ട് ക്ലിഫ് ഹൗസിലടക്കം ആരും പനിച്ചു കിടക്കേണ്ടെന്നും സാദിഖലി തങ്ങള്‍ പരിഹസിച്ചിരുന്നു.
വഖഫ് നിയമന വിവാദത്തില്‍ ലീഗിനെ ഒതുക്കി മതസംഘടനകളുമായി സൗഹാര്‍ദപൂര്‍ണമായ ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കുമ്പോഴാണ് സാദിഖലി തങ്ങള്‍ തന്നെ പ്രതിരോധം തീര്‍ത്തതെന്നും ശ്രദ്ധേയമാണ്.
ഹൈദരലി തങ്ങള്‍ അനാരോഗ്യം മൂലം വിശ്രമത്തിലായതോടെയാണ് പാര്‍ട്ടി വേദികളില്‍ നേതൃനിരയിലേക്ക് സാദിഖലി തങ്ങള്‍ കടക്കുന്നത്. നേരത്തെ ചന്ദ്രിക കള്ളപ്പണ വിവാദത്തില്‍ പാണക്കാട് മുഈന്‍ അലി തങ്ങള്‍ നേതൃത്വത്തിനെതിരെ പരസ്യമായ നിലപാടെടുത്തപ്പോള്‍ സാദിഖലി തങ്ങളായിരുന്നു തങ്ങള്‍ കുടുംബത്തില്‍ നിന്ന് പ്രതികരണവുമായി പാര്‍ട്ടിയ്ക്ക് പ്രതിരോധം തീര്‍ത്തത്.
വഖഫ് സംരക്ഷണ റാലിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരായ ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായിയുടെ അധിക്ഷേപ പ്രസംഗത്തില്‍ സാദിഖലി തങ്ങള്‍ റിയാസിനെ നേരിട്ട് വിളിച്ച് ഖേദം പ്രകടിപ്പിക്കുയും ചെയ്തിരുന്നു. മാത്രമല്ല അധിക്ഷേപം നടത്തിയവരെ വിളിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതും സാദിഖലി തങ്ങളായിരുന്നു.
കേരളത്തിലെ മുസ്‌ലിം ലീഗ് രാഷ്ട്രീയത്തില്‍ 48 വര്‍ഷത്തോളമായി നേതൃപദവിയാണ് പാണക്കാട് തങ്ങള്‍ കുടുംബത്തിനുള്ളത്. അരനൂറ്റാണ്ടിനടുത്തായി തങ്ങള്‍ കുടുംബത്തിലെ അംഗത്തിനാണ് ലീഗിലെ പ്രസിഡന്റ് സ്ഥാനം.
ബാഫഖി തങ്ങളുടെ മരണത്തെത്തുടര്‍ന്ന് പുതിയ പ്രസിഡന്റായി പാണക്കാട് പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങള്‍ എന്ന പി.എം.എസ്എ. പൂക്കോയ തങ്ങള്‍ നിയമിതനായി. 1973 ലായിരുന്നു ഇത്.
1975 ജൂലൈയില്‍ പൂക്കോയ തങ്ങള്‍ മരിച്ചതോടെ അദ്ദേഹത്തിന്റെ മൂത്തമകന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ലീഗ് പ്രസിഡന്റായി.
പിന്നീട് മൂന്ന് പതിറ്റാണ്ടോളം മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു കേരളത്തിലെ ലീഗിന്റെ അധ്യക്ഷന്‍. 2009 ല്‍ മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തോടെ സഹോദരനായ ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റ് സ്ഥാനത്തേക്കെത്തുകയായിരുന്നു.
സാദിഖലി ശിഹാബ് തങ്ങള്‍ പ്രസിഡന്റാവുകയാണെങ്കില്‍ ഈ കണ്ണിയിലെ നാലാമനാകും അദ്ദേഹം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Panakkad Syed Sadiqali Shihab Thangal may be next IUML State President