മലപ്പുറം: പാണക്കാട് കുടുംബത്തെ കുറിച്ച് അറിയാത്ത ആളല്ല സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറയുമായ എ. വിജയരാഘവനെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.
തങ്ങളുടെ നാട്ടുകാരനും തന്റെ സഹപാഠിയും കൂടിയായ വിജയരാഘവന്‍ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഇത്തരം നിലപാടുകള്‍ എടുക്കരുതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ടുപോയി മുസ്‌ലീം ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചതിനെക്കുറിച്ചുള്ള എ.വിജയരാഘവന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.
‘ വിജയരാഘവന്‍ ഞങ്ങളുടെ മുനിസിപ്പിലാറ്റിക്കാരനാണ്. അദ്ദേഹത്തിന് ഞങ്ങളുടെ കുടുംബത്തെ അറിയാത്തതൊന്നുമല്ല. ചെറുപ്പം തൊട്ടേ അദ്ദേഹത്തിന് ഞങ്ങളെ അറിയാവുന്നതാണ്. ഞങ്ങളുടെ കുടുംബം എന്താണ് ചെയ്യുന്നത്, നിലപാട് എന്താണ് എന്നൊക്കെ വ്യക്തമായി അറിയുന്ന ആളാണ് ഞങ്ങളുടെ നാട്ടുകാരന്‍ കൂടിയായ വിജയരാഘവന്‍.
പക്ഷേ അദ്ദേഹം ചില രാഷ്ട്രീയ താത്പര്യത്തിന് വേണ്ടിയാണ് ഇങ്ങനെയൊക്കെ പറയുന്നത്. അതൊരിക്കലും ശരിയായില്ല എന്ന് തന്നെയാണ് ഞങ്ങളുടെ അഭിപ്രായം. അദ്ദേഹം എന്റെ കൂടെ പഠിച്ച ആളാണ്. അദ്ദേഹത്തിന് ഞങ്ങളെ അറിയാം. രാഷ്ട്രീയത്തിന് വേണ്ടി നിലപാടുകള്‍ മറക്കരുത് എന്ന് മാത്രമാണ് പറയാനുള്ളത്’, സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടിയുടേയും ചെന്നിത്തലയുടേയും സന്ദര്‍ശന ലക്ഷ്യമെന്നായിരുന്നു വിജയരാഘവന്‍ പറഞ്ഞത്. എന്നാല്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും താന്‍ പറയാത്ത കാര്യങ്ങള്‍ തന്റെ പേരില്‍ കെട്ടിവെക്കേണ്ടതില്ലെന്നും പിന്നീട് വിജയരാഘവന്‍ പ്രതികരിച്ചിരുന്നു. ലീഗ് മതാധിഷ്ഠിതപാര്‍ട്ടിയാണെന്നും വിജയരാഘവന്‍ പറഞ്ഞു.
താങ്കള്‍ കഴിഞ്ഞ ദിവസം ലീഗ് മതമൗലികവാദമുള്ള പാര്‍ട്ടിയാണെന്ന് പറയുന്നു. ഇപ്പോള്‍ മതാധിഷ്ഠിത പാര്‍ട്ടിയാണെന്ന് പറയുന്നു. അത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും നിങ്ങള്‍ അങ്ങനെ കേട്ടെങ്കില്‍ അത് കേള്‍വിയില്‍ വന്ന പ്രശ്‌നം കൊണ്ടായിരിക്കുമെന്നും താന്‍ പറയാത്ത കാര്യങ്ങള്‍ തന്റെ പേരില്‍ പറയേണ്ടതില്ലെന്നുമായിരുന്നു വിജയരാഘവന്റെ പ്രതികരണം.
ഇന്ന് രാവിലെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നേതാക്കളും പാണക്കാട്ടെ ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി മുസ്‌ലീം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പുറമെ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി എ മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരും ഈ സമയം പാണക്കാട് തറവാട്ടിലുണ്ടായിരുന്നു. മുല്ലപ്പള്ളി മടങ്ങിയ ശേഷമാണ് മെത്രാപ്പോലീത്തമാരായ ഡോ ഗീവര്‍ഗീസ് മാര്‍ യൂലിയോസ്,ഡോ. യാക്കോബ് മാര്‍ ഐറെനിയോസ് എന്നിവര്‍ എത്തിയത്.
പാണക്കാട് കുടുംബത്തെക്കുറിച്ചുള്ള എ. വിജയരാഘവന്റെ പ്രസ്താവന അസംബന്ധമാണെന്ന് സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളെ കണ്ട കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
പാണക്കാട് കുടുംബം രാജ്യത്തിന്റെ മതേതത്വത്തിന് നല്‍കിയ സംഭാവനകള്‍ എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക