| Wednesday, 15th March 2023, 9:34 pm

അറുപത്തിയാറാം വയസില്‍ വീണ്ടും പ്രവാസിയായ ജമീലക്ക് സാന്ത്വനവുമായി തങ്ങള്‍ എത്തി; നാട്ടില്‍ വീടുവെച്ച് നല്‍കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: അറുപത്തിയാറാം വയസില്‍ വീണ്ടും ജോലിതേടി ഗള്‍ഫിലെത്തിയ ജമീലക്ക് സഹായ ഹസ്തവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട്
സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍. ജമീലയുടെ ജന്മനാടായ തൃശൂര്‍ ചേലക്കരയില്‍
വീട് വെച്ചുനല്‍കുമെന്ന് ജമീലക്ക് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉറപ്പുനല്‍കി.

കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ ദുബായിലെ ഖിസൈസില്‍ ജമീല വീട്ടുവേലചെയ്യുന്ന ഫ്‌ലാറ്റിലെത്തി അവരെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് വീട് വെച്ചുനല്‍കുമെന്ന കാര്യം മുനവറലി ശിഹാബ് തങ്ങള്‍ ജമീലയെ അറിയിച്ചത്.

തന്റെ കണ്ണീര് ദൈവം കണ്ടെന്നും തങ്ങള്‍ വന്നതില്‍ വലിയ സന്തോഷമുണ്ടെന്നും ജമീല പറഞ്ഞു. അറുപതാം വയസില്‍ പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ എത്തിയ ജമീലയെ ഏക മകളുടെ ഭര്‍ത്താവ് വീട്ടില്‍ നിന്ന് ഇറക്കിവിട്ടതോടെയാണ് അവര്‍ വീണ്ടും പ്രവാസിയായത്. ഇവരുടെ കഥ എഡിറ്റോറിയല്‍ എന്ന ചാനലാണ് പുറത്തുകൊണ്ടുവന്നിരുന്നത്.

ജമീലയുടെ അനുഭവം വേദനാജനകമാണെന്നും തന്റെ സഹൃത്തിന്റെ സഹായത്തോടെയാണ് വീടുവെച്ച് നല്‍കുന്നതെന്നും മുനവറലി തങ്ങള്‍ പറഞ്ഞു.

ജമീല മുനവ്വറലി തങ്ങൾക്കൊപ്പം, ചിത്രം കടപ്പാട്- അരുണ്‍ രാഘവന്‍

ഇരുപത്തിരണ്ടാം വയസിലാണ് ജമീല ആദ്യം പ്രവാസിയാകുന്നത്. സിംഗിള്‍ മദറായ ജമീല ഏക മകളെ പഠിപ്പിക്കാനാണ് ഗള്‍ഫിലെത്തിയത്. തുടര്‍ന്ന് മകളുടെ നാല് പെണ്‍മക്കളുടെ വിവാഹവും കഴിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയ ശേഷമാണ് തന്റ അറുപതാം വയസില്‍ ജമീല പ്രവാസ ജീവിതം മതിയാക്കി നാട്ടിലെത്തുന്നത്.

എന്നാല്‍ ആരോഗ്യം മോശമായി വരുമാനം നിലച്ച ജമീലയെ മകളുടെ ഭര്‍ത്താവ് വീട്ടില്‍ നിന്നും ഇറക്കിവിടുകയായിരുന്നു. ഇതിന് പിന്നാലെ അവര്‍ക്ക് വീണ്ടും പ്രവാസിയാകേണ്ടിവന്നു. ഒരു വീട് വെക്കണം എന്ന ലക്ഷ്യവുമായാണ് അവര്‍ വീണ്ടും ദുബായിലെത്തിയിരുന്നത്.

Content Highlight: Panakkad Syed Munavarali Shihab Thangal a helping hand to Jamila, who came to the Gulf again in search of work at the age of sixty-six

We use cookies to give you the best possible experience. Learn more