| Wednesday, 23rd August 2017, 10:01 am

'ഇരട്ടത്താപ്പിന് ഉത്തമ ഉദാഹരണം' പാണക്കാട് തങ്ങളുടെ ചെറുമകന്റെ ആഢംബരവിവാഹത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരപുത്രന്റെ  ആര്‍ഭാടവിവാഹത്തെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വിവാദം. ആര്‍ഭാട വിവാഹത്തിനെതിരെ ശക്തമായി രംഗത്തുവന്ന മുസ്‌ലിം ലീഗ് തന്നെ ആര്‍ഭാടവിവാഹം നടത്തുന്നതിനെ പരിഹസിച്ച് സോഷ്യല്‍ മീഡിയകളില്‍ നിരവധിയാളുകള്‍ രംഗത്തുവന്നിരിക്കുകയാണ്.

പാണക്കാട് തങ്ങളുടെ സഹോദരപുത്രന് സയ്യിദ് അസീലിന്റെ വിവാഹമാണ് വിവാദമായിരിക്കുന്നത്. വിവാഹദിനത്തിലെ അസീലിന്റെയും ഭാര്യയുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടെ നല്‍കിയാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. 200ലേറെ പവനാണ് വധു അണിഞ്ഞതെന്നും ആര്‍ഭാട വിവാഹത്തിനെതിരെ പ്രമേയം പാസാക്കിയ ലീഗിന്റെ ഇരട്ടത്താപ്പാണ് ഇത് തുറന്നുകാട്ടുന്നതെന്നും ഒരുവിഭാഗം വിമര്‍ശിക്കുന്നു.

ആഢംബര വിവാഹത്തിനെതിരെ മുസ്‌ലിം ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടിയും യൂത്ത് ലീഗ് നേതാവും പാണക്കാട് കുടുംബാംഗവുമായ മുനവറലി ശിഹാബ് തങ്ങളും നടത്തിയ പ്രസ്താവനകളുടെ സ്‌ക്രീന്‍ഷോട്ടുകളും ഈ വിവാഹചിത്രത്തിനൊപ്പം പ്രചരിക്കുന്നുണ്ട്.

ആഢംബര വിവാഹങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുസ്‌ലിം ലീഗ് മന്ത്രിമാരും നേതാക്കളും വിട്ടുനില്‍ക്കും എന്നാണ് 2014ല്‍ മുസ്‌ലിം ലീഗ് കാമ്പെയ്‌നിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്. വിവാഹ ധൂര്‍ത്തിനെതിരെ ഏത് രാഷ്ട്രീയപാര്‍ട്ടിയുമായും വേദി പങ്കിടാന്‍ തയ്യാറകണമെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസുമായും ഇടതുപാര്‍ട്ടികളുമായും ലീഗ് നേതൃത്വം യോജിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ കുറ്റ്യാടി എം.എല്‍.എ പാറക്കല്‍
എം.എല്‍.എയുടെ മകന്റെ ആര്‍ഭാട വിവാഹവും ലീഗ് നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെയാണ് ആര്‍ഭാട വിവാഹത്തിനെതിരെ മുനവറലി ശിഹാബ് തങ്ങള്‍ രംഗത്തുവന്നത്. “നമ്മുടെ വിവാഹങ്ങള്‍ പള്ളികളില്‍ മാത്രം ഒതുക്കി അത്യാവശ്യം കുടുംബങ്ങളെയും നാട്ടുകാരെയും മാത്രം പങ്കെടുപ്പിച്ച് നടത്തിയാല്‍ എത്ര മനോഹരമായിരിക്കും.” എന്നാണ് ലീഗ് നിലപാടിനെതിരെ പ്രശംസിച്ചുകൊണ്ട് മുനവറലി ശിഹാബ് തങ്ങള്‍ കുറിച്ചത്. ഈ പ്രസ്താവനകളുടെ പത്രക്കട്ടിങ്ങുകള്‍ നല്‍കിയാണ് സോഷ്യല്‍ മീഡിയ മുസ്‌ലിം ലീഗ് നേതാവിന്റെ കുടുംബത്തില്‍ നടന്ന ആര്‍ഭാട വിവാഹത്തെ പരിഹസിക്കുന്നത്.

“വിവാഹങ്ങള്‍ വളരെ ലളിതമായി നടത്തി മാതൃക കാട്ടണമെന്ന മുസ്‌ലിം ലീഗ് തീരുമാനത്തിന്റെ ഭാഗമായി വളരെ “ലളിതം” ആയിരുന്നു വിവാഹം. വധു അണിഞ്ഞതൊന്നും സ്വര്‍ണ്ണാഭരണമല്ല എന്ന് പ്രത്യേക ഫത്തുവ ഉള്ളത് കാരണം എല്ലാ ലീഗുകാരും അതങ്ങട് വിശ്വസിക്കുക. വെറുതെ അവിടെയും ഇവിടെയും ഇരുന്ന് “മ്മടെ തങ്ങന്‍മാര്‍ക്ക് അടുപ്പിലുമാകാല്ലേ..” എന്നൊന്നും പറഞ്ഞ് ദൈവ കോപം ഏറ്റുവാങ്ങിയേക്കരുത്.” എന്നാണ് ആര്‍ഭാഡ വിവാഹത്തെ പരിഹസിച്ചുകൊണ്ട് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.


Also Read: മഞ്ചേരിയില്‍ വീട്ടില്‍ പ്രസവിച്ചതിനെ തുടര്‍ന്ന് മരിച്ച യുവതിയെ ‘ശഹീദാ’ക്കി കുടുംബം


“ആദ്യം സ്വയം നന്നാവ് എന്നിട്ട് പോരെ അസര്‍മുല്ല നാട്ടാരെ നന്നാക്കാന്‍” എന്നാണ് മറ്റൊരാളുടെ പരിഹാസം.

“മറ്റുള്ളവരുടെ കാര്യങ്ങള്‍ മാത്രമേ പറഞ്ഞുളളൂ…ഞമ്മക്ക് ഇത് ബാധകമല്ല” എന്നാണ് മറ്റൊരു കമന്റ്.

അതേസമയം ചെറുമകന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ചെറുമകനാണെന്നും പാണക്കാട് ഹൈദരലി തങ്ങളല്ലെന്നും പറഞ്ഞ് ഒരുവിഭാഗം ആരോപണങ്ങളെ പ്രതിരോധിച്ചു രംഗത്തെത്തിയിട്ടുണ്ട്. ഒരാളുടെ വിവാഹം എങ്ങനെയാവണമെന്നത് അയാളുടെ വ്യക്തിപരമായ തീരുമാനമല്ലേയെന്നും ഇക്കൂട്ടര്‍ ചോദിക്കുന്നു.

We use cookies to give you the best possible experience. Learn more