മലപ്പുറം: മുസ്‌ലിം ലീഗ് മതേതര ചേരിയില്‍ കോണ്‍ഗ്രസിനൊപ്പം അടിയുറച്ച് നില്‍ക്കുമെന്ന് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്ത പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.
ലീഗിന്റെ നിലപാടും പ്രവര്‍ത്തനവും രണ്ടല്ല. മുന്‍കാല നേതാക്കള്‍ കാണിച്ചുതന്നെ പാതയിലൂടെ ലീഗിനെ മുന്നോട്ട് നയിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ലീഗിന്റെ പുതിയ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാസിസ്റ്റുകളുടെ കടന്നുകയറ്റത്തിനെതിരെ മതേതര ശക്തിക്കളെ കെട്ടിപ്പടുക്കേണ്ടതുണ്ട്. അതിനായി രാജ്യം ഉറ്റുനോക്കുന്നത് കേരളത്തെയാണ്. ഇതിനാില്‍ അധിഷ്ഠിതവും പുതിയ കാലഘട്ടത്തിന്റെ വികസനവും മാറ്റങ്ങളും ഉള്‍ക്കൊണ്ടുള്ള രാഷ്ട്രീയം, യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയാണ് ലീഗിന്റെ
ഉത്തരവാദിത്തം. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായ സമയത്തുള്ള ബന്ധം പുതിയ പദവിയില്‍ ഗുണം ചെയ്യും. ലീഗിന്റെ പാരമ്പര്യത്തേയും തുടരുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചതിനെത്തുടര്‍ന്നാണ് സാദിഖലി തങ്ങളെ ലീഗിന്റെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തത്. ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ നടന്ന യോഗത്തില്‍ മുതിര്‍ന്ന നേതാക്കളായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, എം.പി അബ്ദുസമദ് സമദാനി, പി.വി. അബ്ദുള്‍ വഹാബ്, പി.എം.എ. സലാം തുടങ്ങിയവരും പങ്കെടുത്തു.