കോഴിക്കോട്: മുന്‍ ഹരിതാ നേതാക്കള്‍ക്കെതിരായ നടപടി പുനപരിശോധിക്കാവുന്നതാണ് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.
മുന്‍ ഹരിതാ നേതാക്കല്‍ ലീഗില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണെന്നും അവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തിട്ടില്ലെന്നും സാദിഖലി തങ്ങള്‍ സൂചിപ്പിച്ചു. മീഡിയവണ്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സാദിഖലി തങ്ങളുടെ പ്രതികരണം.
‘ഇപ്പോഴും ഹരിത പ്രവര്‍ത്തിക്കുന്നുണ്ട്. കമ്മിറ്റിയില്‍ ഒരു മാറ്റമുണ്ടാക്കി എന്നേയൊള്ളു. അവരിപ്പോഴും ലീഗുകാരാണ്. അവര്‍ വേറെ എങ്ങോട്ടും പോയിട്ടില്ല. ചിലര്‍ ക്ഷണിച്ചു എന്നൊക്കെയാണ് കേട്ടത്. എന്നിട്ടും അവര്‍ പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കുകയാണ്,’ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മുന്നണിമാറ്റം സംബന്ധിച്ച് തമാശയ്ക്കുപോലും ലീഗ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും സാദിഖലി പറഞ്ഞു. സുന്നി ഐക്യത്തിന് മുന്‍കൈയെടുക്കും. ഇരുവിഭാഗം സുന്നികളും യോജിപ്പിലെത്തണം. സമസ്ത നേതാക്കളുമായി ഗുരുശിഷ്യബന്ധമാണ് തനിക്കുള്ളത്. സമസ്തയും ലീഗും തമ്മില്‍ പൊക്കിള്‍കൊടി ബന്ധമാണെന്നും സാദിഖലി ചൂണ്ടിക്കാട്ടി.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചതിനെത്തുടര്‍ന്നാണ് സാദിഖലി തങ്ങളെ ലീഗിന്റെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തത്.
ലീഗ് മതേതര ചേരിയില്‍ കോണ്‍ഗ്രസിനൊപ്പം അടിയുറച്ച് നില്‍ക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞിരുന്നു. ലീഗിന്റെ നിലപാടും പ്രവര്‍ത്തനവും രണ്ടല്ല. മുന്‍കാല നേതാക്കള്‍ കാണിച്ചുതന്നെ പാതയിലൂടെ ലീഗിനെ മുന്നോട്ട് നയിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞിരുന്നു.
CONTENT HIGHLIGHTS: Panakkad Sadiqali Shihab Thangal may reconsider action against former Haritha leaders