മലപ്പുറം: സി.പി.ഐ.എമ്മില്ലാത്ത കേരളം അപകടകരവും വിനാശകരവുമായിരിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍.
ഫാസിസത്തിനെതിരെ പോരാടാന്‍ കേരളത്തില്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും മുസ്‌ലിം ലീഗുമെല്ലാം ഉണ്ടായിരിക്കണമെന്നും ബി.ജെ.പി ഒഴികെയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും എതിരല്ല മുസ്‌ലിം ലീഗ് എന്നും അദ്ദേഹം പറഞ്ഞു.
ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശക്തമായ ന്യൂനപക്ഷങ്ങളും ഇടതുമുന്നണിയുടെ സ്വാധീനവും കൊണ്ട് സംഘപരിവാറിന്റെ കാവി രാഷ്ട്രീയത്തെ എതിര്‍ക്കുന്നതില്‍ മുന്‍നിരയിലുള്ള സംസ്ഥാനമാണല്ലോ കേരളം. എന്നാല്‍ മുസ്‌ലിം ലീഗ് ഇടത് പാര്‍ട്ടികളെ എതിര്‍ക്കുകയാണ്. ഇടതുപക്ഷമില്ലാത്ത ഒരു കേരളത്തെക്കുറിച്ച് ചിന്തിക്കാനാവുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സാദിഖലി തങ്ങള്‍.
”കോണ്‍ഗ്രസ് പാര്‍ട്ടിയില്ലാത്ത ഒരു കേരളം എങ്ങനെയായിരിക്കും. സി.പി.ഐ.എമ്മില്ലാത്ത കേരളം പോലെ വിനാശകരമായിരിക്കും അതും.
ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കാനും ഫാസിസത്തിനെതിരെ പോരാടാനും ഇവിടെ കോണ്‍ഗ്രസും സി.പി.ഐ.എമ്മും മുസ്‌ലിം ലീഗുമെല്ലാം ഉണ്ടായിരിക്കണമെന്നാണ് ഞങ്ങളുടെ നിലപാട്.
ബി.ജെ.പി ഒഴികെയുള്ള മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും എതിരല്ല ഞങ്ങള്‍,” സാദിഖലി തങ്ങള്‍ പറഞ്ഞു.
മുസ്‌ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിനും സാദിഖലി തങ്ങള്‍ മറുപടി പറയുന്നുണ്ട്. ”ജമാഅത്തെ ഇസ്‌ലാമിയുമായി ഞങ്ങള്‍ക്ക് ഒരു കാലത്തും സഖ്യമുണ്ടായിരുന്നില്ല.
ജമാഅത്തെ ഇസ്‌ലാമിയുടെ പൊളിറ്റിക്കല്‍ പാര്‍ട്ടിയായ വെല്‍ഫയര്‍ പാര്‍ട്ടിയുമായി ഒരു തെരഞ്ഞെടുപ്പ് ധാരണ മാത്രമാണ് ഉണ്ടായിരുന്നത്, അതും വളരെ കുറച്ച് സ്ഥലങ്ങളില്‍ മാത്രം.
സി.പി.ഐ.എമ്മിനാണ് ജമാഅത്തെ ഇസ്‌ലാമിയുമായി സഖ്യമുണ്ടായിരുന്നത്. സി.പി.ഐ.എം ജമാഅത്തെ ഇസ്‌ലാമിയുമായി സഖ്യമുണ്ടാക്കുമ്പോള്‍ അത് നല്ല കാര്യവും മുസ്‌ലിം ലീഗ് വെല്‍ഫയര്‍ പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കുമ്പോള്‍ അത് വലിയ വിവാദമാകുകയും ചെയ്യുന്നത് എങ്ങനെയാണ്,” സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Panakkad Sadiq Ali Shihab Thangal says Kerala without Congress will be equally disastrous like Kerala without CPIM