കോഴിക്കോട്: ലിംഗവിവേചനം കാട്ടുന്ന പാര്‍ട്ടിയല്ല മുസ്‌ലിം ലീഗ് എന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. നിയമസഭയിലെ മുഖ്യമന്ത്രി പിണറായി വിജയന്റെ പരോക്ഷ വിമര്‍ശനത്തിനായിരുന്നു സാദിഖലി തങ്ങളുടെ മറുപടി.
‘മുസ്‌ലിം ലീഗിനോളം വനിതകളെ പരിഗണിച്ചവര്‍ കുറവായിരിക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ ലീഗിന് രണ്ടായിരത്തില്‍ അധികം വനിതാ പ്രതിനിധികളുണ്ട്,’ അദ്ദേഹം പറഞ്ഞു.
ഹരിതക്ക് പുതിയ കമ്മിറ്റിയെ കൊണ്ട് വരികയാണ് ചെയ്തത്. പിന്നെ എവിടെയാണ് ലിംഗ വിവേചനമെന്നും സാദിഖലി തങ്ങള്‍ ചോദിച്ചു.
നിയമസഭയിലെ വിവാദങ്ങള്‍ക്ക് നിയമസഭയില്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഹരിതയ്‌ക്കെതിരായ ലീഗ് നടപടി ഭരണപക്ഷം നിയമസഭയില്‍ ഉന്നയിച്ചിരുന്നു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെടുത്തിയാണ് ഹരിത വിഷയം ഭരണപക്ഷം ചോദ്യോത്തര വേളയില്‍ ഉന്നയിച്ചത്.
ഹരിതയുമായി ബന്ധപ്പെട്ട ചോദ്യം റദ്ദാക്കണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചില്ല. ഇത് ചോദ്യോത്തര വേളയില്‍ ഭരണ-പ്രതിപക്ഷ ബഹളത്തിനിടയാക്കി.
ഇതിന് പിന്നാലെയായിരുന്നു സ്ത്രീവിരുദ്ധ ഇടപെടലുകളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ മാറി നില്‍ക്കണമെന്ന് പറഞ്ഞ് മുഖ്യമന്ത്രി ലീഗിനെതിരെ പരോക്ഷ വിമര്‍ശനം നടത്തിയത്.