| Saturday, 1st July 2023, 9:51 pm

സമസ്തക്കൊപ്പം, മര്‍ക്കസില്‍ പഠിപ്പിക്കുക എസ്.എന്‍.ഇ.സി; സി.ഐ.സിക്കായി യോഗം ചേര്‍ന്നെന്ന വാര്‍ത്തയില്‍ മുനവ്വറലി തങ്ങളുടെ യൂടേണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സി.ഐ.സി- സമസ്ത തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍
തന്റെ പേരില്‍ വരുന്ന വാര്‍ത്തകള്‍ നിഷേധിച്ച് വളാഞ്ചേരി മര്‍ക്കസ് പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍.

വളാഞ്ചേരി മര്‍കസില്‍ വാഫി-വഫിയ്യ കോഴ്സുകള്‍ നിര്‍ത്തലാക്കിയ വിഷയത്തില്‍ തന്റെ പേര് ചേര്‍ത്ത് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നതില്‍ മാനസികമായി വലിയ പ്രയാസമുണ്ടാക്കുന്നണ്ടെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മര്‍കസില്‍ വാഫി-വഫിയ്യ കോഴ്സുകള്‍ നിര്‍ത്തലാക്കിയ വിഷയത്തില്‍ ഒരു സമിതി രൂപീകരിച്ചിരുന്നു. ഈ സമിതി കണ്ടെത്തിയ കാര്യങ്ങള്‍ അറിയിക്കാന്‍ അതുമായി ബന്ധപ്പെട്ടവര്‍ തന്റെയടുത്തും സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെയടുത്തും വന്നിരുന്നു. അതിനപ്പുറത്തേക്ക് അവിടെ യോഗം ചേരുകയോ എന്തെങ്കിലും പ്രത്യേക തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ലെന്നും തങ്ങള്‍ അറിയിച്ചു. സമസ്ത ആവിഷ്‌ക്കരിച്ച എസ്.എന്‍.ഇ.സിയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും മര്‍ക്കസ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും തങ്ങള്‍ പറഞ്ഞു.

മലപ്പുറം ജില്ലയിലെ സമസ്തയുടെ പ്രധാനപ്പെട്ട സ്ഥാപനങ്ങളില്‍ ഒന്നാണ് വളാഞ്ചേരി മര്‍ക്കസ്. സി.ഐ.സി- സമസ്ത തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ഹക്കീം ഫൈസി ആദൃശേരി നേതൃത്വം നല്‍കുന്ന വാഫി-വഫിയ്യ കോഴ്സുകള്‍ നിര്‍ത്തലാക്കിയിരുന്നു. ഈ
തര്‍ക്കം നിലനില്‍ക്കെ, പാണക്കാട് ചേര്‍ന്ന യോഗത്തില്‍ കോഴ്സ് അനുവദിക്കാന്‍ തീരുമാനിച്ചതായിട്ടായിരുന്നു വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നത്.

സി.ഐ.സിക്കെതിരെ നേരത്തെ കടുത്ത നിലപാടെടുത്ത മര്‍ക്കസിന്റെ സെക്രട്ടറി അദൃ
ശേരി ഹംസക്കുട്ടി മുസ്‌ലിയാരുടെ അസാന്നിധ്യത്തില്‍ പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ വിശദീകരണവുമായി പാണക്കാട് മുനവ്വറലി ശിഹാബ് രംഗത്തെത്തുന്നത്.

അതേസമയം, സമസ്തയുടെ സ്ഥാപനങ്ങള്‍ തട്ടിയെടുക്കാന്‍ അനുവദിക്കില്ലെന്നാണ് നേരത്തെ വന്ന വാര്‍ത്തകളോട് എസ്.കെ.എസ്.എസ്.എഫ് പ്രതികരിച്ചിരുന്നത്. സമസ്തയുടെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി അതിന്റെ സ്ഥാപനങ്ങളെ കയ്യിലൊതുക്കാനും ധിക്കാരപരമായ നീക്കങ്ങള്‍ നടത്താനുള്ള ചില തത്പര കക്ഷികളുടെ ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങളിലും സമസ്തയുടെ അണികള്‍ വിഷയത്തില്‍ പരസ്യപ്രതിഷേധം നടത്തിയിരുന്നു.

ഇതുകൂടാതെ മര്‍ക്കസില്‍ എസ്.എന്‍.ഇ.സി ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട്
ജൂലൈ അഞ്ചിന് വളാഞ്ചേരിയില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ എസ്.വൈ.എസ് അടക്കമുള്ള സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

വാഫി- വഫിയ്യ കേഴ്‌സിന് പകരം സമസ്ത ആവിഷ്‌ക്കരിച്ച എസ്.എന്‍.ഇ.സി പഠന സംവിധാനം മര്‍ക്കസില്‍ ആരംഭിക്കാനാണ് സമസ്ത ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി മുമ്പ് മര്‍ക്കസില്‍ യോഗം ചേരുകയും വിദ്യാര്‍ത്ഥികനികള്‍ അടക്കം സമസ്ത നേതാവ് എം.ടി. അബ്ദുള്ള മുസ്‌ലിയാരെ തടയുകയും ചെയ്തിരുന്നത് വിലിയ വിവാദമായിരുന്നു.

മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സി.ഐ.സിയുമായി ബന്ധപ്പെട്ട് നമ്മുടെ പേര് കൂടി ചേര്‍ത്ത് തീര്‍ത്തും തെറ്റിദ്ധാരണാ-ജനകമായ വാര്‍ത്തകള്‍ വരുന്നുവെന്നത് മാനസികമായി വലിയ പ്രയാസമുണ്ടാക്കുന്നു. വളാഞ്ചേരി മര്‍ക്കസില്‍ വാഫി വഫിയ്യ കോഴ്‌സുകള്‍ നിര്‍ത്തലാക്കി തീരുമാനം വന്നിരുന്നു. അതിനിടക്ക് അവിടെ കേസും അനുബന്ധ പ്രശ്‌നങ്ങളും സംഭവിച്ചപ്പോള്‍ നിലവില്‍ അവിടെ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് പഠനം പൂര്‍ത്തീകരിക്കാന്‍ അനുമതി നല്‍കി മര്‍ക്കസ് കമ്മിറ്റി തീരുമാനം എടുത്തു.

വാഫി വഫിയ്യ സമസ്ത വിരുദ്ധമാണ്, കോഴ്‌സ് തുടരാന്‍ പാടില്ല എന്നാവശ്യപ്പെട്ടും ആളുകള്‍ നമ്മെ സമീപിക്കുകയുണ്ടായി. ആ ഘട്ടത്തില്‍ പ്രസ്തുത വിഷയം പഠിക്കാനും അത് സംബന്ധമായി എന്താണ് ചെയ്യേണ്ടതെന്ന് ആലോചിക്കാനും ഒരു സമിതി രൂപികരിച്ചു. ആ സമിതി കണ്ടെത്തിയ കാര്യങ്ങളുടെ സംക്ഷേപം നമ്മെ അറിയിക്കാന്‍ സമിതിയുമായി ബന്ധപ്പെട്ടവര്‍ നമ്മുടെയടുത്തും സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെയടുത്തും വന്നിരുന്നു.

അവര്‍ വന്നു സംസാരിച്ചുപോയി എന്നതല്ലാതെ അവിടെ മീറ്റിങ് കൂടുകയോ എന്തെങ്കിലും പ്രത്യേക തീരുമാനം എടുക്കുകയോ ചെയ്തിട്ടില്ല. യാഥാര്‍ത്ഥ്യം ഇതായിരിക്കേ, ഇപ്പോള്‍ ഇത് സംബന്ധമായി ആശയക്കുഴപ്പം സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നുവെന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്.

എസ്.എന്‍.ഇ.സിയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും മര്‍ക്കസ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന മഹദ് സംഘടനയും നമ്മുടെ കുടുംബവുമായുള്ള ബന്ധം നിര്‍വ്വചനങ്ങള്‍ക്കപ്പുറത്ത് അഭേദ്യമായ ഒന്നാണ്.

പിതാമഹന്മാരായ സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളും സയ്യിദ് പി എം.എസ്.എ പൂക്കോയ തങ്ങളും അവരീ പ്രസ്ഥാനത്തിന് വേണ്ടിയര്‍പ്പിച്ച അതുല്യമായ സംഭാവനകളും സമസ്തയുടെ ചരിത്രത്തില്‍ വര്‍ണലിപികളാല്‍ എഴുതപ്പെട്ടതാണ്.

പിന്നീടങ്ങോട്ട് എന്റെ പിതാവും അദ്ദേഹത്തിന്റെ സഹോദരന്മാരും ആ പൈതൃകം സൂക്ഷ്മതയോടെ പരിപാലിച്ചു. ആ മാര്‍ഗം തന്നെയാണ് നമ്മുടേയും പാന്ഥാവ്.

സമസ്തയുടെ ബഹുമാന്യരായ പണ്ഡിതന്മാരുടെ സ്‌നേഹാദരവുകള്‍ ഏറ്റാണ് എന്നും വളര്‍ന്നത്. റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് ഉസ്താദും ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരും മുതല്‍ അത്തിപ്പറ്റ ഉസ്താദടക്കമുള്ളവരുടെ മുഹിബ്ബുകള്‍ കുഞ്ഞുനാള്‍ മുതല്‍ ധാരാളം അനുഭവിച്ചിട്ടുണ്ട്.

പ്രവാചക ജീവിതത്തിന്റെ അനുധാവനങ്ങള്‍ പിതാമഹന്മാരുടെ ജീവിത വഴികളില്‍ നിന്നും ബാപ്പയുടെയും അദ്ദേഹത്തിന്റെ സഹോദരന്മാരുടെയും അടുത്ത് നിന്നും അത്തിപ്പറ്റ ഉസ്താദിനെപോലുള്ളവരില്‍ നിന്നും ഗ്രഹിച്ചാണ് ജീവിച്ചത്. അതുകൊണ്ടു തന്നെ സഹജീവികളെ പറ്റുന്ന രീതിയില്‍ സഹായിക്കാനും മുറിവുണക്കാനുമല്ലാതെ ഒരിക്കലും ശ്രമിച്ചിട്ടില്ല. വിരുദ്ധമായ ഒരാരോപണം അള്ളാഹുവിന്റെ സഹായത്താല്‍ ഇന്നുവരെ നമ്മുടെ കുടുംബത്തിന് ആരില്‍ നിന്നും കേള്‍ക്കേണ്ടി വന്നിട്ടുമില്ല. കാലവും ചരിത്രവും ഈ സമൂഹവും തന്നെയാണതിന്റെ സാക്ഷ്യം.!

ആര്‍ക്കെതിരെയും ഒരു പ്രത്യേക നിലപാട് സ്വീകരിച്ച് ആരെയും വേദനിപ്പിക്കുന്ന പക്ഷപാതപരമായ നിലപാടല്ല നമ്മുടെ ദൗത്യം എന്ന് തിരിച്ചറിവുണ്ട്. എല്ലാവരെയും ഒന്നിപ്പിക്കാനാണ് എന്നും ശ്രമിച്ചിട്ടുള്ളത്. അതിന് കഴിയാത്ത ഘട്ടത്തില്‍ അള്ളാഹുവില്‍ ഭരമേല്‍പിച്ച് മാറി നില്‍ക്കുകയാണ് ഈ നിമിഷം വരെ ചെയ്തിട്ടുള്ളത്.

അള്ളാഹു ഉദ്ദേശിക്കുന്ന കാലത്തോളം അനുസ്യൂതം അത് തുടര്‍ന്നു കൊണ്ടിരിക്കും. നമ്മുടെ പൂര്‍വ്വീകരാല്‍ നട്ടുനനച്ചു വളര്‍ത്തിയ ഒരു പ്രസ്ഥാത്തിന്റെ മറുപക്ഷത്ത് നമ്മുടെ പേര് വലിച്ചിഴക്കുന്നവര്‍ ദയവായി വസ്തുതകള്‍ ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. അള്ളാഹു സത്യം മനസിലാക്കാനുള്ള മനസ് എല്ലാവര്‍ക്കും പ്രദാനം ചെയ്യുകയും പൊറുത്തു കൊടുക്കുകയും ചെയ്യുമാറാവട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.!

Content Highlight: Panakkad Munavwarali Shihab Thangal reacts to the new controversy related to the cancellation of Wafi-Wafiya course in Valancherry Markss

We use cookies to give you the best possible experience. Learn more