Film News
ആര്‍.ആര്‍.ആറും കശ്മീര്‍ ഫയല്‍സുമല്ല; ഇന്ത്യയുടെ ഒഫീഷ്യല്‍ ഓസ്‌കാര്‍ എന്‍ട്രി ചെല്ലോ ഷോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 20, 03:03 pm
Tuesday, 20th September 2022, 8:33 pm

ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രി പ്രഖ്യാപിച്ചു. പാന്‍ നളിന്റെ സംവിധാനത്തിലൊരുങ്ങിയ ഗുജറാത്തി ചിത്രം ചെല്ലോ ഷോ( ലാസ്റ്റ് ഫിലിം ഷോ) ആണ് ഓസ്‌കാറില്‍ മത്സരിക്കാനായി തെരഞ്ഞെടുത്തത്.

എസ്.എസ്. രാജമൗലിയുടെ ആര്‍.ആര്‍.ആര്‍, വിവേക് അഗ്നിഹോത്രിയുടെ ദി കശ്മീര്‍ ഫയല്‍സ് എന്നീ ചിത്രങ്ങളെ മറികടന്നാണ് ചെല്ലോ ഷോ ഓസ്‌കാര്‍ മത്സരത്തിലേക്ക് യോഗ്യത നേടിയത്.

ഓസ്‌കാര്‍ എന്‍ട്രിയില്‍ സന്തോഷം രേഖപ്പെടുത്തി സംവിധായകന്‍ പാന്‍ നളിനും രംഗത്തെത്തി. ‘ഇത് ഒരു അത്ഭുത രാത്രിയാണ്. ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കും ജൂറി മെമ്പേഴ്‌സിനും നന്ദി. ചെല്ലോ ഷോയില്‍ വിശ്വാസം അര്‍പ്പിച്ചതിന് നന്ദി. ഇനി എനിക്ക് സമാധാനമായി ശ്വാസം വിടാം, സിനിമ ആസ്വദിപ്പിക്കുമെന്നും പ്രചോദിപ്പിക്കുമെന്നും പ്രകാശിപ്പിക്കുമെന്നും വിശ്വസിക്കാം,’ എന്നാണ് പാന്‍ നളിന്‍ ട്വീറ്റ് ചെയ്തത്.

ഒക്ടോബര്‍ 14നാണ് ചെല്ലോ ഷോ റിലീസ് ചെയ്യുന്നത്. സിനിമാ മോഹിയായ ഒരു ഒമ്പതുവയസുാകരനെ ചുറ്റിപറ്റിയാണ് സിനിമ നടക്കുന്നത്. ഭവിന്‍ റബാരി, ഭവേഷ് ശ്രീമാലി, റിച്ച മീന, ദിപെന്‍ റാവല്‍, പരേഷ് മേത്ത എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അതേസമയം ഓസ്‌കാര്‍ പുരസ്‌കാരത്തിന് വലിയ സാധ്യതയാണ് ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിന് കല്പിക്കപ്പെട്ടിരുന്നത്. സിനിമാരംഗത്തെ പ്രമുഖ അന്താരാഷ്ട്ര മാഗസിനായ വെറൈറ്റി പുറത്തുവിട്ട ഓസ്‌കാര്‍ സാധ്യതാ പട്ടികയിലാണ് ആര്‍.ആര്‍.ആറിന് വലിയ സാധ്യതകള്‍ പ്രഖ്യാപിച്ചിരുന്നത്.

അഞ്ച് കാറ്റഗറികളിലാണ് ചിത്രത്തിന് ഓസ്‌കാര്‍ നോമിനേഷനും ഒരുപക്ഷെ അവാര്‍ഡും ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് വെറൈറ്റി പറഞ്ഞിരുന്നു.

Content Highlight: pan nalin’s chhello show selected as the official entry of oscar from india