കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം കുറുപ്പിലെ പകലിരവുകള്‍ എന്ന ഗാനം പുറത്തിറങ്ങി. ഗാനം അഞ്ച് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങിയത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നേഹ നായരാണ്.
‘പകലിരുളുകളാം ഇരുകുതിരകളാല്‍ അഴകിയ നഗരത്തെരുവിതു പ്രണയം’ എന്ന് തുടങ്ങുന്ന ഗാനം മലയാളത്തില്‍ രണ്ട് മണിക്കൂര്‍കൊണ്ട് 1.2 ലക്ഷം പേരാണ് കണ്ടത്. സരിഗമ മലയാളം എന്ന യൂട്യൂബ് ചാനലിലാണ് ഗാനം പുറത്തുവിട്ടത്.
ഗാനത്തെ പുകഴ്ത്തി നല്ല കമന്റുകളാണ് വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നവംബര്‍ 12ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് കുറുപ്പ് റിലീസ് ചെയ്യുന്നത്.
ചിത്രത്തിന്റെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും ഒരുപാട് കാലം നീണ്ടുനിന്നെന്നും നിങ്ങളുടെ പിന്തുണയും നിരന്തരമായ ആവശ്യങ്ങളും കൊണ്ടുമാത്രമാണ് കുറുപ്പ് തിയേറ്ററുകളിലേക്കത്തുന്നതെന്നും നേരത്തെ ദുല്‍ഖര്‍ പറഞ്ഞിരുന്നു.
കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുറുപ്പ്. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോയുടെ സംവിധായകനും ശ്രീനാഥായിരുന്നു.
ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം.സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 35കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രം കൂടിയാണ് കുറുപ്പ്.
കേരളമൊന്നാകെ ചര്‍ച്ച ചെയ്ത കുപ്രസിദ്ധനായ സുകുമാരക്കുറുപ്പായാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്. ഇന്ദ്രജിത്ത്, ശോഭിത, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ജിതിന്‍ കെ. ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ. എസ്. അരവിന്ദും ചേര്‍ന്നാണ്.
നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. വിനി വിശ്വലാലാണ് ക്രീയേറ്റീവ് ഡയറക്ടറാണ്. വിനീഷ് ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.