പാന്‍ ഇന്ത്യന്‍ മോളിവുഡ്; 2023ല്‍ അന്യ ഭാഷയില്‍ തിളങ്ങിയ മലയാള താരങ്ങള്‍
Film News
പാന്‍ ഇന്ത്യന്‍ മോളിവുഡ്; 2023ല്‍ അന്യ ഭാഷയില്‍ തിളങ്ങിയ മലയാള താരങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 31st December 2023, 7:22 pm

അഭിനയം കൊണ്ട് മറ്റുള്ളവരെ വിസ്മയിപ്പിക്കാന്‍ സാധിക്കുന്ന ഒരുപാട് താരങ്ങളുള്ള ഒരു സിനിമാ മേഖലയാണ് നമ്മുടെ മലയാളം ഇന്‍ഡസ്ട്രി. പല മലയാള താരങ്ങളും മറ്റ് ഭാഷകളിലും അവരുടെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. അത്തരത്തില്‍ 2023ല്‍ മലയാളത്തില്‍ നിന്ന് മറ്റ് ഭാഷകളിലെ സിനിമകളില്‍ അഭിനയിച്ച് ശ്രദ്ധ നേടിയ താരങ്ങള്‍:

ഇതില്‍ ആദ്യം എടുത്തുപറയേണ്ടത് ഫഹദ് ഫാസിലിനെയാണ്. ജാതീയതയുടെയും അടിച്ചമര്‍ത്തലിന്റെയും കഥ പറഞ്ഞ തമിഴ് ചിത്രമായിരുന്നു മാമന്നന്‍. മാരി സെല്‍വരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്‍, വടിവേലു, ഫഹദ് ഫാസില്‍ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായത്. ചിത്രത്തിലെ രത്നവേല്‍ എന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധയും പ്രശംസയും ഏറ്റു വാങ്ങിയിരുന്നു. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തിലാണ് ഫഹദ് എത്തിയതെങ്കിലും അഭിനയം കൊണ്ട് ഏറെ ആരാധകരെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

തന്റെ വില്ലന്‍ വേഷം കൊണ്ട് തമിഴില്‍ ശ്രദ്ധ നേടിയ മറ്റൊരു താരമാണ് വിനായകന്‍. 2023ല്‍ പുറത്തിറങ്ങിയ രജിനികാന്ത് ചിത്രമായിരുന്നു ജയിലര്‍. നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രജിനികാന്തിന് പുറമെ വിനായകന്‍, രമ്യ കൃഷ്ണന്‍, വസന്ത് രവി, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിരുന്നു. ചിത്രം കണ്ടിറങ്ങിയ ഏതൊരാളുടെയും ശ്രദ്ധ നേടിയെടുക്കും വിധമുള്ള അഭിനയമായിരുന്നു വിനായകന്റേത്. വര്‍മ്മനെന്ന കഥാപാത്രത്തിലൂടെ വിനായകന്റെ അഭിനയം ഏറെ പ്രശംസ നേടിയിരുന്നു.

രജിനികാന്ത് നായകനായ ജയിലറില്‍ മുഴുനീള കഥാപാത്രത്തില്‍ അല്ലെങ്കില്‍ പോലും മറ്റൊരു മലയാള താരം കൂടെ അഭിനയിച്ചിരുന്നു. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. മാത്യു എന്ന കഥാപാത്രത്തിലൂടെ അദ്ദേഹത്തിന്റെ കഥാപാത്രവും വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കുറഞ്ഞ സ്‌ക്രീന്‍ പ്രസന്‍സ് മാത്രമേ താരത്തിന് ജയിലറില്‍ ലഭിച്ചിട്ടുള്ളുവെങ്കിലും ആ വേഷം ഏറെ ശ്രദ്ധനേടിയിരുന്നു.

രജിനികാന്തിന്റെ ജയിലര്‍ സിനിമയില്‍ അഭിനയിച്ച മറ്റൊരു മലയാള താരമാണ് മിര്‍ണ മേനോന്‍. ശ്വേത പാണ്ഡ്യന്‍ എന്ന കഥാപാത്രമായാണ് താരമെത്തിയത്. മുമ്പ് മിര്‍ണ ബിഗ് ബ്രദര്‍ സിനിമയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിരുന്നു.

ഈ വര്‍ഷാവസാനമെത്തിയ മറ്റൊരു ചിത്രമാണ് സലാര്‍. സിനിമാ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തില്‍ പ്രഭാസ് ആയിരുന്നു നായകന്‍. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജും ഒരു പ്രാധാന വേഷത്തില്‍ എത്തിയിരുന്നു. രണ്ടുപേരുടെ സൗഹൃദങ്ങളുടെ കഥ പറഞ്ഞ ചിത്രത്തില്‍ പൃഥ്വിരാജിന്റെ അഭിനയം എടുത്ത് പറയേണ്ടത് തന്നെയാണ്. ചിത്രത്തില്‍ ഏറ്റവും മികച്ച അഭിനയം പൃഥ്വിരാജിന്റേതാണെന്ന അഭിപ്രായമുയര്‍ന്നിരുന്നു. ഖാന്‍സാര്‍ എന്ന സാങ്കല്പിക ദേശത്തില്‍ അധികാരത്തിനായി ഗോത്രങ്ങള്‍ തമ്മില്‍ നടത്തുന്ന യുദ്ധത്തെ ഒരു സുഹൃത്ത് ബന്ധം എങ്ങനെ സ്വാധീനിക്കുന്നു എന്നാണ് സലാര്‍ കാണിക്കുന്നത്. ചിത്രത്തില്‍ വരദരാജ മന്നാര്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജെത്തിയത്.

മലയാള സിനിമയിലെ അഭിനയത്തിലൂടെ കേരളത്തില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ താരമാണ് നിമിഷ സജയന്‍. താരം 2023ല്‍ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജിഗര്‍ത്തണ്ട ഡബിള്‍ എക്സ് എന്ന ചിത്രത്തില്‍ നായികയായി എത്തിയിരുന്നു. രാഘവ ലോറന്‍സ്, എസ്.ജെ. സൂര്യ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. 2023ല്‍ വലിയ വിജയം നേടിയ സിനിമകളില്‍ ഒന്നായിരുന്നു ഇത്. ചിത്രത്തില്‍ മലൈയരസി എന്ന കഥാപാത്രമായാണ് നിമിഷ എത്തിയത്.

ഇതേവര്‍ഷം തന്നെ റിലീസിനെത്തിയ ചിത്ത സിനിമയിലെ ശക്തി എന്ന കഥാപാത്രത്തിലെ അഭിനയത്തിലൂടെയും നിമിഷ ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. എസ്.യു. അരുണ്‍ കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സിദ്ധാര്‍ഥ് ആയിരുന്നു നായകന്‍. ഏറെ നിരൂപക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്.

ജിഗര്‍ത്തണ്ട ഡബിള്‍ എക്സ് സിനിമയില്‍ എടുത്ത് പറയേണ്ട ഒരു പേരാണ് ഷൈന്‍ ടോം ചാക്കോയുടേത്. ചിത്രത്തില്‍ താരവും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ജെയകൊടി എന്ന കഥാപാത്രമായാണ് ഷൈന്‍ ജിഗര്‍ത്തണ്ടയിലെത്തിയത്.

ശരത് കുമാര്‍ – അശോക് സെല്‍വന്‍ കൂട്ടുകെട്ടിലെത്തിയ ക്രൈം ത്രില്ലര്‍ ചിത്രമായിരുന്നു ‘പോര്‍ തൊഴില്‍’. വിഘ്‌നേഷ് രാജ സംവിധാനം ചെയ്ത ചിത്രത്തില്‍ എടുത്തുപറയേണ്ട പേരാണ് സുനില്‍ സുഖദയുടേത്. മലയാള സിനിമയില്‍ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ താരം വില്ലന്‍ കഥാപാത്രമായാണ് ചിത്രത്തിലെത്തിയത്.

പോര്‍ തൊഴില്‍ സിനിമയിലഭിനയിച്ച മറ്റൊരു മലയാള താരമാണ് നിഖില വിമല്‍. ചിത്രത്തിലെ നായികയായിരുന്നു താരം. ഏറെ ശ്രദ്ധ നേടിയ ചിത്രത്തില്‍ താരം വീണ എന്ന കഥാപാത്രമായാണ് എത്തിയത്. ഒരു സീരിയല്‍ കില്ലറിനെ പിടികൂടാന്‍ മേലുദ്യോഗസ്ഥനൊപ്പം പോകുന്ന പൊലീസുക്കാരന്റെ കഥയാണ് ചിത്രം പറഞ്ഞത്.

അജിത് കുമാര്‍ നായകനായി 2023ല്‍ തിയേറ്ററിലെത്തിയ മറ്റൊരു ചിത്രമായിരുന്നു തുനിവ്. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാരിയറും ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു. കണ്‍മണിയെന്നായിരുന്നു ചിത്രത്തില്‍ താരത്തിന്റെ പേര്.

അടുത്തതായി എടുത്തുപറയേണ്ട മറ്റൊരു പേരാണ് ജയറാമിന്റേത്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗം 2023ലായിരുന്നു തിയേറ്ററിലെത്തിയത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കി ചെയ്ത ചിത്രത്തില്‍ ആഴ്വാര്‍ക്കടിയന്‍ നമ്പിയെന്ന കഥാപാത്രമായാണ് ജയറാമെത്തിയത്. ചിത്രത്തിലെ അദ്ദേഹത്തിന്റെ അഭിനയം ഏറെ പ്രശംസയര്‍ഹിക്കുന്നതായിരുന്നു.

വന്‍ താരനിര തന്നെ ഒന്നിച്ച പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ച മറ്റൊരു മലയാള താരമാണ് ഐശ്വര്യ ലക്ഷ്മി. പൂങ്കുഴലി എന്ന താരത്തിന്റെ കഥാപാത്രം എടുത്ത് പറയേണ്ടത് തന്നെയായിരുന്നു.

2023ല്‍ ഇറങ്ങിയ വിജയ് ചിത്രമായിരുന്നു ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ മലയാളത്തില്‍ നിന്നും മാത്യു തോമസും അഭിനയിച്ചിരുന്നു. മലയാളത്തില്‍ കുറഞ്ഞ സിനിമകള്‍ കൊണ്ട് ഏറെ ശ്രദ്ധേയനായ താരമായിരുന്നു മാത്യു. ലിയോയില്‍ വിജയ്‌യുടെ മകനായ സിദ്ധാര്‍ഥ് പാര്‍ഥിബന്‍ എന്ന കഥാപാത്രമായാണ് താരമെത്തിയത്.

ഇവര്‍ക്ക് പുറമെ 2023ല്‍ മലയാളത്തില്‍ നിന്ന് മറ്റ് ഭാഷകളിലേക്ക് പോയി മികച്ച അഭിനയം കാഴ്ച്ച വെച്ച മലയാളി താരങ്ങള്‍ ഇനിയുമുണ്ട്. ഡാഡ സിനിമയില്‍ സിന്ധുവെന്ന കഥാപാത്രമായെത്തിയ അപര്‍ണ ദാസും, ലിയോയിലെ മഡോണ സെബാസ്റ്റിയനും ഇരുഗപട്രിലെ സാനിയ അയ്യപ്പനും വിരൂപാക്ഷയിലെ സംയുക്ത മേനോനും ദൂതയെന്ന തെലുങ്ക് വെബ് സീരീസിലെ പാര്‍വതി തിരുവോത്തുമൊക്കെ ഈ കൂട്ടത്തില്‍ ഉള്‍പ്പെട്ടതാണ്.

Content Highlight: Pan Indian Mollywood; Malayalam stars who shined in other languages