ന്യൂദല്‍ഹി: പാമോലിന്‍ കേസില്‍ വിചാരണ തുടരാന്‍ സുപ്രീംകോടതി ഉത്തരവ്.
കേസില്‍ നിന്നും കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി ടി.എച്ച്.മുസ്തഫ, ജിജി തോംസണ്‍, പി.ജെ.തോമസ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.
പാമോലിന്‍ കേസ് അനന്തമായി നീട്ടിക്കൊണ്ടുപോയി പ്രതികളെ രക്ഷിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് വി.എസ് അച്യുതാനന്ദന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.
ഇതേതുടര്‍ന്ന് കേസ് ഏത് ഘട്ടത്തിലാണെന്ന് കോടതി സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. റിവ്യൂ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കി.
എന്നാല്‍ രേഖകള്‍ പരിശോധിച്ച സുപ്രീം കോടതി സര്‍ക്കാര്‍ അഭിഭാഷകന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അങ്ങനെയൊരു പെറ്റീഷന്‍ ഹൈക്കോടതിയുടെ പരിഗണനയില്ലെന്നും ചൂണ്ടിക്കാട്ടി.
അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണോ എന്ന് ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ ചോദിച്ചു. ഇതിനുശേഷമായിരുന്നു ഈ ഘട്ടത്തില്‍ കേസില്‍ നിന്ന് ആരെയും കുറ്റമുക്തരാക്കാന്‍ കഴിയില്ലെന്നും വിചാരണ തുടരണമെന്നും നിര്‍ദേശിച്ച് സുപ്രീംകോടതി ഉത്തരവിട്ടത്.
പാമോലിന്‍ കേസില്‍ നിയമസംവിധാനം അട്ടിമറിക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.
അഭിമാനമുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടി രാജിവെണം. കോണ്‍ഗ്രസിന് അഴിമതി സംസ്‌ക്കാരമായി മാറിയെന്നും വി.എസ് പറഞ്ഞു.