| Sunday, 9th August 2020, 9:13 am

പമ്പാ ഡാമിലേക്ക് ശക്തമായ നീരൊഴുക്ക്; ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത; തീരത്ത് കനത്ത ആശങ്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: പമ്പയാറില്‍ ശക്തമായ നീരൊഴുക്കിനെ തുടര്‍ന്ന് പലയിടങ്ങളിലും കരകവിഞ്ഞൊഴുകുന്നു. പമ്പാ ഡാമിന്റെ ജലാശയത്തിലേക്ക് ശക്തമായ ജലം ഒഴുകിയെത്തുന്നതിനാല്‍ ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.

അച്ചന്‍ കോവില്‍ പമ്പാ നദീതീരത്ത് താമസിക്കുന്നവരോട് ജാഗ്രത പുലര്‍ത്തണമെന്ന് നേരത്തെ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. മണിമലയാറും കരകവിഞ്ഞൊഴുകകയാണ്. നിരണം, ഇരവിപേരൂര്‍, വള്ളംകുളം തുടങ്ങിയ നദികളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

ജില്ലാ ഭരണകൂടം അറിയിക്കുന്നതനുസരിച്ച് പമ്പാ ഡാമില്‍ ഇപ്പോള്‍ ജലനിരപ്പ് 983.05 മീറ്റര്‍ ആയി ഉയര്‍ന്നിട്ടുണ്ട്. ഓഗസ്റ്റ് ഏഴിന് 207 മില്ലി മീറ്റര്‍ മഴ കിട്ടുകയും അതിലൂടെ 12.36 എംസിഎം ജലം ഒഴുകിയെത്തുകയും ചെയ്തു.

ജലനിരപ്പ് 984.5 മീറ്ററാകുമ്പോള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. ഇതിനു ശേഷം 985 മീറ്റര്‍ ഉയരത്തില്‍ എത്തുമ്പോഴാണ് ഡാം തുറക്കുക. പമ്പാ നദീ തീരത്തു താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ അറിയിച്ചു.

പമ്പാ അണക്കെട്ടിന്റ ഷട്ടറുകള്‍ തുറക്കുമ്പോള്‍ പ്രധാനമായും തിരുവല്ല, കോഴഞ്ചേരി, റാന്നി, ആറന്മുള തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളം കയറുക. ഈ പ്രദേശങ്ങളിലുള്ളവര്‍ കനത്ത ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

പത്തനംതിട്ടയില്‍ വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പമ്പയില്‍ നിലവില്‍ 85ഓളം ക്യാംപുകള്‍ തുറന്നിട്ടുണ്ട്. 2,000ത്തിലധികം പേര്‍ ക്യാംപുകളില്‍ താമസിക്കുന്നുണ്ട്.

അതേസമയം കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more