മൃഗങ്ങളുടെ ലോകത്തെ മനുഷ്യരുടെ കഥ പറയുന്ന പാല്‍തു ജാന്‍വര്‍ രസകരമായ കഥാപാത്രസൃഷ്ടികളുമായാണെത്തുന്നത്. പ്ലോട്ടും കഥാപാത്രങ്ങളുടെ എണ്ണവും സിനിമയുടെ ദെെര്‍ഘ്യവും ചെറിയ തമാശകളുമെല്ലാം വെച്ചുനോക്കുമ്പോള്‍ വളരെ സ്വീറ്റായ ഒരു കുഞ്ഞു സിനിമ എന്ന് വിളിക്കാന്‍ കഴിയുന്ന പടം. കോമഡി ഴോണറില്‍ വരുന്ന സിനിമ സിറ്റുവേഷണല്‍ കോമഡികള്‍ക്കും കഥാപാത്രസൃഷ്ടിയില്‍ തന്നെ പ്രത്യേക ചില സ്വഭാവ സവിശേഷതകള്‍ ഉള്‍പ്പെടുത്തികൊണ്ടാണ് തിയേറ്ററിനെ ചിരിപ്പിക്കുന്നത്.
ബേസില്‍ അവതരിപ്പിക്കുന്ന പ്രസൂണിന്റെ ജീവിതത്തിലൂടെയാണ് പാല്‍തു ജാന്‍വര്‍ കഥ പറയുന്നത്. പ്രസൂണ്‍ പഞ്ചായത്തിലെ ലൈഫ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറായി എത്തുന്നതും പിന്നീട് അയാള്‍ മൃഗങ്ങളിലൂടെയും മനുഷ്യരിലൂടെ സ്വന്തം ജീവിതത്തെയും ചുറ്റുമുള്ള ലോകത്തെയും മനസിലാക്കുന്നതാണ് ഈ സിനിമയുടെ കഥാപരിസരം.
മൃഗങ്ങളുമായി പലരീതിയില്‍ ബന്ധപ്പെട്ടു ജീവിക്കുന്നവരിലൂടെയാണ് സിനിമ നടക്കുന്നതെന്നും വായിച്ചെടുക്കാവുന്നതാണ്. മൃഗങ്ങളെ വളര്‍ത്തുന്നവര്‍ മുതല്‍ അതിനെ വെട്ടിവില്‍ക്കുന്നവര്‍ വരെ ഒരു വളര്‍ത്തുമൃഗത്തിന്റെ ജീവിതത്തിന്റെ വിവിധ ഘട്ടത്തില്‍ കടന്നുവരുന്നവരെല്ലാം ഈ സിനിമയിലുണ്ട്. അതിന്റെ ഭാഗമായാണ് സിനിമയില്‍ പഞ്ചായത്തും ആശുപത്രിയും പള്ളിയും പള്ളീലച്ചനുമൊക്കെ വരുന്നത്.
സിനിമയില്‍ ഏറ്റവും പുതുമ നല്‍കുന്നത് കഥാപാത്രങ്ങളാണ്. ഗംഭീരമായ കഥാപാത്രസൃഷ്ടിയെ അതിനേക്കാള്‍ എന്‍ഗേജിങ്ങാക്കുംവിധം ഓരോ അഭിനേതാക്കളും പെര്‍ഫോം ചെയ്തിട്ടുണ്ട്. ബേസിലിന്റെ കരിയറിലെ പ്രധാന വേഷങ്ങളിലൊന്നായിരിക്കും ഇതിലെ പ്രസൂണ്‍. മുന്‍ ചിത്രങ്ങളിലെ തമാശ എലമെന്റുകളോട് ചില സീനുകള്‍ക്ക് സാമ്യമുണ്ടെങ്കിലും എവിടെയും മുന്‍ കഥാപാത്രങ്ങളെ അങ്ങനെ ഓര്‍മ്മപ്പെടുത്തുന്നില്ല പ്രസൂണ്‍. മാത്രമല്ല വളരെ കയ്യടക്കത്തോടെയുള്ള, അഭിനേതാവെന്ന നിലയില്‍ അടുത്ത ഒരു പടിയിലേക്ക് കയറിനില്‍ക്കുന്ന പെര്‍ഫോമന്‍സാണ് ബേസില്‍ നല്‍കിയിരിക്കുന്നത്.
ജോജി മുതല്‍ ബേസിലെന്ന അഭിനേതാവിന്റെ മാറ്റം വളരെ വ്യക്തമായി കാണാന്‍ തുടങ്ങിയതാണ്. ജാനേമന്നിലും ഡിയര്‍ ഫ്രണ്ടിലുമെല്ലാം അതിന്റെ തുടര്‍ച്ചയുണ്ടായിരുന്നു. പാല്‍തു ജാന്‍വറില്‍ അത് കൂടുതല്‍ ചെത്തിമിനുക്കപ്പെട്ടിട്ടുണ്ട്.
ജോണി ആന്റണിയുടെ സ്ഥിരം കോമഡി വേഷങ്ങളില്‍ നിന്നുള്ള മാറി നടത്തമാണ് ഇതിലെ ഡേവിസ്. ആഴമുള്ള കഥാപാത്രസൃഷ്ടിയുമായാണ് ഡേവിസെത്തുന്നത്. ഷമ്മി തിലകന്റെ ഡോക്ടര്‍ കഥാപാത്രവും ഇന്ദ്രന്‍സിന്റെ പഞ്ചായത്ത് മെമ്പറും പ്രത്യേക മാനറിസങ്ങളും സംസാരശൈലിയും കൊണ്ടാണ് തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കിയിരിക്കുന്നത്. അടുത്ത പഞ്ചായത്തിലെ മൃഗ ഡോക്ടറായെത്തിയ സിബി തോമസ്, ഡേവിസിന്റെ ഭാര്യയായി എത്തിയ ജയ എസ്. കുറുപ്പും തുടങ്ങി ഇറച്ചിവെട്ടുകാരന്റെ വേഷം ചെയ്ത നടന്‍ വരെ മനസില്‍ നില്‍ക്കുന്ന പ്രകടനങ്ങള്‍ നല്‍കിയിട്ടുണ്ട്.
ശ്രുതി സുരേഷ് അവതരിപ്പിച്ച സ്റ്റെഫിയെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നതും വ്യത്യസ്തമായ രീതിയിലായിരുന്നു. ഫോണ്‍കോളുകളിലൂടെ മാത്രമാണ് ഈ ക്യാരക്ടര്‍ കഥയിലുടനീളം വരുന്നതെങ്കിലും പ്രസൂണിന്റെ ജീവിതത്തിലെന്നതു പോലെ പ്രേക്ഷകര്‍ക്കും ഇവരുടെ സാന്നിധ്യം പ്രിയപ്പെട്ടതാകുന്നുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധത്തെ ചിത്രീകരിച്ചിരിക്കുന്നതും സുന്ദരമായിരുന്നു.
വിനോയ് തോമസും അനീഷ് അഞ്ജലിയും ചേര്‍ന്ന് ഏറെ ശ്രദ്ധിച്ചു തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. കഥാപാത്രനിര്‍മ്മിതിയിലാണ് ഇവര്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയിരിക്കുന്നത്. കോമഡികള്‍ അനായാസമായി ഒരു ഏച്ചുകൂട്ടലുമില്ലാതെ ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചതിന്റെ അനുഭവസമ്പത്തുമായി എത്തിയ സംഗീത് തന്റെ ആദ്യ സംവിധാനം മികച്ചതാക്കിയിട്ടുണ്ട്. ഏറ്റവും ചെറിയ ആക്ഷനുകളിലൂടെ ഓരോ സീനിലും കോമഡി സൃഷ്ടിക്കാനും സിനിമയുടെ മൂഡിനെ ഞൊടിയിടകൊണ്ട് മാറ്റാനും ഓരോ അഭിനേതാവിന്റെയും ഏറ്റവും മികച്ച പെര്‍ഫോമന്‍സ് പുറത്തെടുക്കാനും സംഗീതിന് കഴിഞ്ഞിട്ടുണ്ട്.
ഇറച്ചിവെട്ടുകാരനെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നിടത്ത്, അയാളിലെ പല ഷേഡുകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ കാണിച്ചിരിക്കുന്നതാണ് തിരക്കഥയും സംവിധാനവും ക്യാമറയുമെല്ലാം ഗംഭീരമായി ഒന്നിച്ച സ്വീകന്‍സുകളിലൊന്ന്. മൃഗവും മനുഷ്യനും തമ്മിലുള്ള ബന്ധം കാണിക്കാനായി ‘മാതാപിതാക്കളും മക്കളും’ എന്ന ലൈനില്‍ ചില സീനുകള്‍ വന്നത് മാത്രമാണ് സിനിമയില്‍ ഒരു ഏച്ചുകൂട്ടലായി തോന്നിയത്.
കണ്ണൂരിലെ കൊടിയാന്‍മല എന്ന പ്രദേശമാണ് സിനിമയുടെ ലൊക്കേഷനായി കാണിച്ചിരിക്കുന്നത്. രണദിവേ ആ പ്രദേശത്തിന്റെ മുഴുവന്‍ ഭംഗിയും അതിന്റെ മഞ്ഞും തണുപ്പും വരെ ക്യാമറയില്‍ പകര്‍ത്തി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിക്കുന്നുണ്ട്. ആവശ്യമുള്ള സമയത്ത് മാത്രം പതിഞ്ഞ താളത്തിലെത്തുന്ന ജസ്റ്റിന്‍ വര്‍ഗീസിന്റെ മ്യൂസിക് സിനിമാസ്വദനത്തിന് ഒരു മുതല്‍ക്കൂട്ടാണ്.
ഗ്രാമത്തെയും ഗ്രാമവാസികളെയും നന്മയുടെ നിറകുടങ്ങളോ കുറ്റവാളികള്‍ പതിയിരിക്കുന്ന ഇടമോ ഒന്നുമാക്കാതെ വളരെ റിയലിസ്റ്റിക്കായി പാല്‍തു ജാന്‍വര്‍ അവതരിപ്പിക്കുന്നുണ്ട്. അതേസമയം പുതുമയുള്ള കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും സൃഷ്ടിച്ചുകൊണ്ടാണ് സംഗീതിന്റെ കൊടിയന്‍മലയെത്തുന്നത്.