കോഴിക്കോട്: കണ്ണൂര്‍ പാലത്തായിയില്‍ നാലാം ക്ലാസ്സുകാരിയെ സ്‌കൂളില്‍ വെച്ച് ലൈംഗീക ചൂഷണം നടത്തിയ ബി.ജെ.പി നേതാവ് കൂടിയായ അധ്യാപകനായ പത്മനാഭനെ പൊലീസ് പിടികൂടി.
പൊയിലൂരിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. മാര്‍ച്ച് 17നാണ് ബി.ജെ.പി നേതാവ് കൂടിയായ അധ്യാപകന്‍ കുനിയില്‍ പത്മനാഭനെതിരെ പോക്‌സോ വകുപ്പ് ചുമത്തി പാനൂര്‍ പോലീസ് കേസെടുത്തത്.
ഇയാളുടെ അറസ്റ്റ് വൈകുന്നതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. നേരത്തെ മുഖ്യമന്ത്രിക്കും സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി കെ.കെ ശൈലജക്കും പൗരാവകാശ പ്രവര്‍ത്തകര്‍പരാതി നല്‍കിയിരുന്നു.
ബി.ജെ.പി. തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പത്മരാജനാണ് പ്രതി.പോക്സോപ്രകാരം കേസെടുത്ത പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുന്നതിനു പകരം കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായി തളര്‍ത്താനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു.
ആദ്യം ചൈല്‍ഡ് ലൈന്‍ അംഗങ്ങള്‍ വീട്ടില്‍ വന്ന് മൊഴിയെടുത്തു. പിന്നീട് പാനൂര്‍ പോലീസ് മൊഴിയെടുത്ത് എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്തു. പിറ്റേന്ന് വൈദ്യ പരിശോധന നടത്തുകയും മട്ടന്നൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ കുട്ടിയെ ഹാജരാക്കി മജിസ്ട്രേറ്റിനു മുന്നില്‍ മൊഴി കൊടുക്കുകയും ചെയ്തു. എന്നാല്‍ പ്രതിയെ അറസ്റ്റു ചെയ്യാതെ കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്യുകയാണ് പിന്നീടുണ്ടായത്. ഡി.വൈ.എസ്.പി മാധ്യമങ്ങളോട് പ്രതി കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ പല പ്രാവശ്യംഡി.വൈ.എസ്.പിയും സി.ഐയുംനാലാം ക്ലാസുകാരിയായ കുട്ടിയെ ചോദ്യം ചെയ്യുകയുണ്ടായി.പിന്നീട് മാര്‍ച്ച് 27 ന് കുട്ടിയുടെ മാനസിക നില പരിശോധിക്കണമെന്ന് പറഞ്ഞ് ലോക്ക് ഡൗണ്‍ കാലത്ത് തന്നെ കോഴിക്കോട് പ്രശസ്തമായ മാനസികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയി ഡോക്ടറെ കാണിച്ചത് കേസ് വഴിതിരിച്ചുവിടാനും പ്രതിയെ രക്ഷിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണെന്ന് സംശയിക്കുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.