കണ്ണൂര്‍: ഉത്സവത്തിന് ഇസ്‌ലാം മത വിശ്വാസികള്‍ക്ക് പ്രവേശനമില്ലെന്ന് ബോര്‍ഡ് സ്ഥാപിച്ചതില്‍ പ്രതിഷേധിച്ചതിന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ കുഞ്ഞിമംഗലം പാലോട്ട് കാവ് ഭാരവാഹികള്‍ മര്‍ദിച്ചതായി റിപ്പോര്‍ട്ട്.
മല്ലിയോട്ട് പാലോട്ട് കാവിലെ വിവാദ ബോര്‍ഡിനെതിരെ കഴിഞ്ഞ ദിവസം രാത്രിയോടെ ആംണ്ടാംകൊവ്വലിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മറ്റൊരു ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇത് കാവ് കമ്മിറ്റിക്കാര്‍ നശിപ്പിക്കുകയും മൂന്നിലേറെ തവണ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ബോര്‍ഡ് വെച്ചപ്പോഴും കമ്മിറ്റിക്കാര്‍ നശിപ്പിക്കുകയും ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് വിവരം.
ഞായാറാഴ്ച രാത്രിയോടെ പ്രദേശത്ത് മറ്റൊരു ബോര്‍ഡ് മാടായി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപിക്കുമെന്നാണ് സൂചന.
അതസേമയം, ക്ഷേത്ര ഭാരവാഹികളും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നടന്നിട്ടില്ലെന്നാണ് മാടായി ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സി.പി. ഷിജു ഡൂള്‍ ന്യൂസിനോട് പറഞ്ഞത്.
കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് ഭാരവാഹികളുടെ നടപടി കാലത്തിന് ഭൂഷണമല്ലെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ നേരത്തെ പറഞ്ഞിരുന്നു. ആരാധനാലയങ്ങളെ സംഘര്‍ഷ ഭൂമിയാക്കാന്‍ ആരും ഉപയോഗിക്കാന്‍ പാടില്ലെന്ന് ജയരാജന്‍ പറഞ്ഞു.
ആരാധനാലയങ്ങള്‍ പവിത്രമാണ്, അവിടം സംഘര്‍ഷ ഭൂമിയാക്കാന്‍ ആരും ഉപയോഗിക്കാന്‍ പാടില്ല. ഇത്തരമൊരു ബോര്‍ഡ് മുമ്പ് ഉണ്ടായിരുന്നുവെങ്കിലും ആരും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
എന്നാല്‍ അതിപ്പോള്‍ പുതുക്കി സ്ഥാപിക്കേണ്ട ആവശ്യം ഇന്നത്തെ കാലത്തില്ല. വിവിധ സംസ്ഥാനങ്ങളില്‍ മത ചിഹ്നങ്ങള്‍ ഉപയോഗിച്ച് ആളുകളെ വേര്‍തിരിക്കാന്‍ ശ്രമിക്കുന്ന ഈ കാലത്ത് ഭാരവാഹികളുടെ നടപടി ഭൂഷണമല്ല,’ ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
മല്ലിയോട്ട് പാലോട്ട് കാവില്‍ വിഷുകൊടിയേറ്റവുമായി ബന്ധപ്പെട്ട ചടങ്ങുകളിലേക്കാണ് മുസ്‌ലിങ്ങള്‍ക്ക് പ്രവേശനമില്ലെന്ന് കാണിച്ച് ബോര്‍ഡ് സ്ഥാപിച്ചത്. ക്ഷേത്രത്തിലെ കര്‍മങ്ങള്‍ ചെയ്യുന്ന നാലൂര് വിഭാഗത്തില്‍പ്പെട്ടവരാണ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്.
ഇതിനെതിരെ ഡി.വൈ.എഫ്.ഐ ഉള്‍പ്പെടയുള്ളവര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് ഭാരവാഹികളുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ഡി.വൈ.എഫ്.ഐ മാടായി ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.
മാനവ സാഹോദര്യത്തിന്റെയും സാംസ്‌കാരിക പ്രബുദ്ധതയുടെയും കേന്ദ്രമായ കുഞ്ഞിമംഗലത്ത് ഇത്തരം ബോര്‍ഡ് സ്ഥാപിക്കുന്നത് മത നിരപേക്ഷ സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് കമ്മിറ്റി വ്യക്തമാക്കി.
നവോത്ഥാന പുരോഗമന പ്രസ്ഥാനങ്ങളുടെ ഇടപെടലിലൂടെ ഇല്ലാതാക്കിയ ജാതിമത ചിന്തയെ വീണ്ടും എഴുന്നള്ളിക്കാനുള്ള ശ്രമത്തെ എതിര്‍ത്തു തോല്‍പിക്കേണ്ടതുണ്ട്. വിശ്വാസത്തെയും കൂട്ടുപിടിച്ച് അപരിഷ്‌കൃതമായ ദുരാചാരത്തെ തിരിച്ചു കൊണ്ടുവരുന്നത് നാടിന്റെ നന്മയോടുള്ള ഭീഷണിയാണെന്നും ഡി.വൈ.എഫ്.ഐ അഭിപ്രായപ്പെട്ടിരുന്നു.
Content Highlights: Palott temple authority beating the DYFI