| Thursday, 14th January 2021, 7:25 pm

'എല്‍.ഡി.എഫിന് നേരത്തെ വോട്ട് കിട്ടി'; ജമാഅത്തെ ഇസ്‌ലാമിയുടെ ഇപ്പോഴത്തെ നിലപാട് സംഘപരിവാറിന് ശക്തിപകരുന്നതെന്നും പാലോളി മുഹമ്മദ് കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമി എല്‍.ഡി.എഫിന് നേരത്തെ വോട്ട് നല്‍കിയിട്ടുണ്ടെന്ന് മുതിര്‍ന്ന സി.പി.ഐ.എം നേതാവ് പാലോളി മുഹമ്മദ് കുട്ടി. എന്നാല്‍ ഇപ്പോള്‍ അവരുടെ നിലപാട് സ്വീകാര്യമല്ലെന്നും പാലോളി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘നിയമസഭാ, ലോക്‌സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ അവരുടെ വോട്ട് കിട്ടിയിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ടുകള്‍ എല്‍.ഡി.എഫിന് സഹായകരമായിട്ടുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുമായി സി.പി.ഐ.എം നേതാക്കള്‍ സംസാരിച്ചിട്ടുണ്ട്,’ പാലോളി പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമിയുടെ വോട്ട് കൊണ്ട് പല പഞ്ചായത്തുകളിലും ഇടതുമുന്നണിയ്ക്ക് നേട്ടമുണ്ടാക്കാനായിട്ടുണ്ട്. അക്കാലത്തെ കോണ്‍ഗ്രസിന്റെ കേന്ദ്ര സര്‍ക്കാരിനോടുള്ള നിലപാട് പരിഗണിച്ചാണ് ജമാഅത്തെ ഇസ്‌ലാമി അന്ന് ഇടതുമുന്നണിയ്ക്ക് വോട്ട് ചെയ്തിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ബി.ജെ.പി അധികാരത്തിലെത്തിയതോടെ ജമാഅത്തെ ഇസ്‌ലാമി നിലപാട് മാറ്റി. ഇപ്പോഴത്തെ അവരുടെ നിലപാട് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്‌ലാമി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് എല്‍.ഡി.എഫിന് ഒരു തരത്തിലും സ്വീകാര്യമല്ലെന്നും അത് സംഘപരിവാറിന് ശക്തി പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സ്വീകരിച്ചിട്ടില്ലെന്നാണ് എല്‍.ഡി.എഫ് പറഞ്ഞത്. അതേസമയം
യു.ഡി.എഫ്-ജമാഅത്തെ ഇസ്‌ലാമി ബന്ധം വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Paloli Muhammed Kutty says jamaat islami given votes to CPIM

We use cookies to give you the best possible experience. Learn more