മലപ്പുറം: കോഴിക്കോട് നടന്ന പി.വി. അന്‍വറിന്റെ പൊതുയോഗത്തില്‍ പങ്കെടുത്തവര്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്ന് മുതിര്‍ന്ന് സി.പി.ഐ.എം നേതാവ് പാലൊളി മുഹമ്മദ് കുട്ടി.
അന്‍വറിന്റെ നീക്കത്തിന് പിന്നില്‍ എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയും ഉള്‍പ്പെടെയുള്ള മതമൗലികവാദ സംഘടനകളാണെന്ന് പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ആരോപണമുയര്‍ത്തിയത്.
‘നിസ്‌കാരം തടയാന്‍ ശ്രമിച്ചെന്ന ആരോപണം വില കുറഞ്ഞതാണ്. ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം. വര്‍ഗീയതയെ ശക്തമായി എതിര്‍ത്ത മനുഷ്യര്‍ക്കെതിരെ വര്‍ഗീയത ആരോപിക്കുന്നു.’ എന്നും പാലോളി പറഞ്ഞു.
സി.പി.ഐ.എം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസിനെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്നും അദ്ദേഹം ചോദിച്ചു. അന്‍വറിന് പിന്നില്‍ മതമൗലികവാദ സംഘടനകളാണെന്നും പാലൊളി ആരോപിച്ചു.
രണ്ടു തവണ എം.എല്‍.എയായ അന്‍വറിനെ വിജയിപ്പിക്കുന്നതിനുവേണ്ടി പ്രവര്‍ത്തനം നടത്തിയ ജില്ലാ സെക്രട്ടറിയെയാണ് ഇത്തരത്തില്‍ വര്‍ഗീയ വാദിയാക്കുന്നത്. ഇത് ആരെ സന്തോഷിപ്പിക്കാനാണെന്ന് വ്യക്തമാണെന്നും പാലൊളി മാധ്യമങ്ങളോട് പറഞ്ഞു.
ഇടതുമുന്നണിയില്‍ അന്‍വര്‍ ഇതുവരെ പരാതി പറഞ്ഞിട്ടില്ലെന്നും പരസ്യ പ്രസ്താവനയുമായി വരികയായിരുന്നുവെന്നും പാലൊളി പറഞ്ഞു.
മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചാല്‍ ഒറ്റക്കല്ല അന്വേഷിക്കുക. ഗൂഢാലോചനയായിരിക്കുമെന്നാണ് ആദ്യം സംശയിച്ചത്. എന്നാല്‍ പിന്നിലുള്ള ശക്തികളെ കണ്ടപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായെന്നും അദ്ദേഹം പറയുകയുണ്ടായി.
സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം വി.പി. സാനു, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി.എം. ഷൗക്കത്ത്, അബ്ദുള്ള നവാസ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
Content Highlight: Paloli Muhammad Kutty says fundamentalist organizations including SDPI are behind PVAnvar