| Sunday, 18th July 2021, 11:27 am

80: 20 കോടതി കണ്ടത് വീതംവെപ്പെന്ന തരത്തില്‍; കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പിശകുപറ്റിയെങ്കില്‍ പരിശോധിക്കണമെന്ന് പാലോളി മുഹമ്മദ് കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിവാദത്തില്‍ വിശദീകരണവുമായി പാലോളി കമ്മീഷന്‍ അധ്യക്ഷന്‍ പാലോളി മുഹമ്മദ് കുട്ടി. 80: 20 കോടതി കണ്ടത് വീതംവെപ്പെന്ന തരത്തിലാണെന്നും കോടതിയെ കാര്യം ബോധ്യപ്പെടുത്തുന്നതില്‍ പിശകുപറ്റിയോ എന്നത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷം 80:20 നടപ്പാക്കിയതില്‍ അന്ന് പ്രശ്മില്ലായിരുന്നുവെന്നും കോടതി വിധിക്ക് ശേഷമാണ് അത് വിവാദമാക്കുന്നതെന്നും അദ്ദഹം പറഞ്ഞു. പാലോളി കമ്മിറ്റിയില്‍ എല്ലാ വിഭാഗത്തിലുള്ള ആളുകളും ഉണ്ടായിരുന്നു. എല്ലാ ജില്ലകളിലും നേരത്തെ അറിയിച്ച് സന്ദര്‍ശനം നടത്തി, എല്ലാ വിഭാഗത്തിന്റെയും അഭിപ്രായം കേട്ടതിന് ശേഷമാണ് 80:20 നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

‘യു.ഡി.എഫ്. സര്‍ക്കാര്‍ 2015ലാണ് ഇതിന്റെ ഉത്തരവ് ഇറക്കിയത്. അന്ന് ആര്‍ക്കും അതിനേക്കുറിച്ച് പ്രതിഷേധം ഉണ്ടായതായി കേട്ടിട്ടില്ല. പിന്നീടുള്ള എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ അവസാന കാലത്ത് ഇതുസംബന്ധിച്ച കോടതി വിധി വന്നതിന് ശേഷമാണ് പ്രശ്‌നമുണ്ടായത്.

കോടതി അതിനെ കണ്ടത് ന്യൂനപക്ഷങ്ങള്‍ക്കുള്ള എന്തോ പദ്ധതിയായിട്ടാണ്. പ്രത്യക്ഷത്തില്‍ മുസ്‌ലിങ്ങള്‍ക്ക് 80, മറ്റുള്ളവര്‍ 20 എന്ന് കാണുമ്പോള്‍ വലിയ വിവേചനമായി തോന്നും. എന്നാല്‍ യഥാര്‍ഥ കാരണം അതല്ല. മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി നടപ്പാക്കിയത്,’ അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 ആനുകൂല്യം പുനക്രമീകരിക്കുന്നതിനായി മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു. 80:20
അനുപാതം ഹൈക്കോടതി റദ്ദാക്കിയതിനാലാണ് സര്‍ക്കാര്‍ നടപടി. 2011ലെ സെന്‍സസ് അനുസരിച്ചാവും പുതിയ അനുപാതം.

അതേസമയം, നിലവിലുള്ള എണ്ണത്തിലോ തുകയിലോ കുറവുണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സ്‌കോളര്‍ഷിപ്പിന് 6.2 കോടി അധികമായി അനുവദിക്കുമെന്നും സര്‍ക്കാര്‍ പറഞ്ഞു.

80 ശതമാനം മുസ്‌ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്ന അനുപാതത്തിലായിരുന്നു ഇതുവരെ ക്ഷേമ പദ്ധതികള്‍. ഈ അനുപാതമാണ് കഴിഞ്ഞ മെയ് 28ന് റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി വന്നത്.

ഇപ്പോഴത്തെ ജനസംഖ്യ അനുസരിച്ച് ഈ അനുപാതം പുനര്‍നിശ്ചയിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതിന് അനുസൃതമായ മാറ്റത്തിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Paloli Commission Chairman Paloli Muhammed Kutty  with an explanation on the Minority Scholarship controversy

We use cookies to give you the best possible experience. Learn more