[]കൊച്ചി: പാമൊലിന്‍ കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി വിജിലന്‍സ് കോടതി തള്ളിയതിന് കാരണക്കാരന്‍ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ടി.എച്ച്. മുസ്തഫ. കേസ് തോറ്റതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും മുസ്തഫ ആവശ്യപ്പെട്ടു.
പോമോലിന്‍ കേസിലെ രണ്ടാം പ്രതിയാണ് ഇടപാട് നടക്കുന്ന കാലത്തെ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയായിരുന്ന ടി.എച്ച് മുസ്തഫ.
പാമൊലിന്‍ കേസ് പിന്‍വലിക്കുന്നതിനായി ഹര്‍ജി നല്‍കണം എന്നുള്ളത് മന്ത്രിസഭയെടുത്ത തീരുമാനമാണ്. എന്നാല്‍, ഈ തീരുമാനം കോടതിയെ വേണ്ട രീതിയില്‍ ധരിപ്പിക്കുന്നതില്‍ വിജിലന്‍സിന്റെ ചുമതലയുണ്ടായിരുന്ന അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്നും ടി.എച്ച് മുസ്തഫ ആരോപിച്ചു.
കേസിന്റെ കാര്യത്തില്‍ തിരുവഞ്ചൂര്‍ കള്ളക്കളി നടത്തിയിരിക്കുകയാണെന്നും സര്‍ക്കാര്‍ ഇതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ടി.എച്ച് മുസതഫ ആവശ്യപ്പെട്ടു.
പാമോലിന്‍ ഇടപാടിനെക്കുറിച്ച് ഉമ്മന്‍ചാണ്ടിക്ക് അറിയാമായിരുന്നുവെന്നും കേസില്‍ ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതിനാല്‍ തന്നെയും ഒഴിവാക്കണമെന്നും മുസ്തഫ പറഞ്ഞത് നേരത്തെ വിവാദമായിരുന്നു. പാമോലിന്‍ കേസില്‍ തന്നെപ്പോലെത്തന്നെ ഇടപാട് കാലത്തെ ധനമന്ത്രിയായ ഉമ്മന്‍ചാണ്ടിക്കും മറ്റ് മന്ത്രിസഭാ അംഗങ്ങള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും മുസ്തഫ പ്രസ്താവിച്ചിരുന്നു.
പാമൊലിന്‍ കേസില്‍ തനിക്കും ഉമ്മന്‍ ചാണ്ടിക്കും തുല്യ പങ്കാളിത്തമാണുള്ളത്. ഭക്ഷ്യവകുപ്പിനേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വം ധനമന്ത്രിയ്ക്കും ധനകാര്യവകുപ്പിനുമാണ്. ഇതറിഞ്ഞിട്ടും തനിക്ക് യാതൊരു ഉത്തരവാദിത്വമില്ലെന്നും കേന്ദ്രമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കുമാണ് ഉത്തരവാദിത്വം എന്നും പറയുന്നത് വിവരമില്ലായ്മയാണെന്ന് ടി എച്ച് മുസ്തഫ വിശദീകരിച്ചിരുന്നു.