തൃശൂര്‍: പാമോലിന്‍ കേസ് പ്രതികളെ തൃശൂര്‍ വിജിലന്‍സ് കോടതി കുറ്റവിമുക്തരാക്കി. കേസിലെ മൂന്നും നാലും പ്രതികളായ മുന്‍ ചീഫ് സെക്രട്ടറി എസ്. പത്മകുമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി സക്കറിയ മാത്യു എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. വിടുതല്‍ ഹര്‍ജി പരിഗണിച്ചാണ് ഇരുവരെയും കോടതി കുറ്റവിമുക്തരാക്കിയത്. അതേ സമയം ടി.എച്ച് മുസ്തഫയും ജിജി തോംസണും പ്രതികളായി തുടരും.
1991-92 കാലഘട്ടത്തില്‍ ചട്ടം തെറ്റിച്ച് ഉയര്‍ന്ന വിലയ്ക്ക് പാമോലിന്‍ ഇറക്കുമതി ചെയ്‌തെന്നാണ് കേസ്. കേസില്‍ രണ്ട് കോടിയുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടായത്. കേസ് തന്നെ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിജിലന്‍സ് കോടതി തള്ളുകയും സര്‍ക്കാര്‍ അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോഴും ഹര്‍ജി തള്ളുകയായിരുന്നു.കേസില്‍ ഇനി ജിജി തോംസണ്‍, ടി.എച്ച് മുസ്തഫ എന്നിവര്‍ ഉള്‍പ്പടെ അഞ്ച് പ്രതികളാണ് ശേഷിക്കുന്നത്.
അതേ സമയം മുന്ഡ ഉദ്യോഗസ്ഥരെ വെറുതെ വിട്ട ഉത്തരവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കോടതി വിമര്‍ശനം ഉന്നയിച്ചു. പാമോലിനുമായി ബന്ധപ്പെട്ട ഫയലുകള്‍ ധനമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി കണ്ടിട്ടുണ്ടെന്നും കോടതി പറഞ്ഞു ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നത് മന്ത്രിസഭാ തീരുമാനമാണ്. ധനമന്ത്രി ഫയല്‍ കാണണമെന്ന് അഡീഷണല്‍ സെക്രട്ടറി നോട്ട് എഴുതിയിരുന്നു.അതുകൊണ്ട് ഉദ്യോഗസ്ഥരെ പഴിചാരിയിട്ട് കാര്യമില്ലെന്നും കോടതി പറഞ്ഞു.