പാമോലിന്‍ കേസ് പിന്‍വലിക്കുന്നതിനെതിരെ വി.എസ്. ഹരജി നല്‍കും
Kerala
പാമോലിന്‍ കേസ് പിന്‍വലിക്കുന്നതിനെതിരെ വി.എസ്. ഹരജി നല്‍കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th October 2013, 9:23 am

[]തിരുവനന്തപുരം: പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ ഹരജി സമര്‍പ്പിക്കും. തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് ഹരജി നല്‍കുന്നത്.

രണ്ട് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ഹരജി കോടതി പരിഗണിക്കും. കേസ് പിന്‍വലിക്കാനായി സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയും കോടതി പരിഗണിച്ചേക്കും.

പാമൊലിന്‍ കേസ് പൂര്‍ണമായി പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ കഴിഞ്ഞദിവസം  ഉത്തരവിറക്കിയിരുന്നു. പാമോലിന്‍ കേസില്‍ സര്‍ക്കാരിന് ഒരു നഷ്ടവുണ്ടായിട്ടില്ല. ഇക്കാര്യം 2007 ല്‍ അയച്ച കത്തില്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷനും വ്യക്തമാക്കുന്നുണ്ടെന്ന് നേരത്തെ ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.

പ്രതികളായ ഐഎഎസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗികജീവിതം രണ്ടു പതിറ്റാണ്ടോളമായി കേസില്‍ കുരുങ്ങിക്കിടക്കുന്നത് പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം.

മുന്‍ മന്ത്രി ടി.എച്ച്. മുസ്തഫ, മുന്‍ ചീഫ് സെക്രട്ടറി എസ്. പത്മകുമാര്‍, മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി സക്കറിയാ മാത്യു, ഗവ. സെക്രട്ടറിമാരായ പി.ജെ. തോമസ്, ജിജി തോംസണ്‍, പവര്‍ ആന്‍ഡ് എനര്‍ജി കോര്‍പറേഷന്‍ ഡയറക്ടര്‍ വി. സദാശിവന്‍,അദ്ദേഹത്തിന്റെ മകനും ചെന്നൈ മാലാ ട്രേഡിങ് കോര്‍പറേഷന്‍ ഡയറക്ടറുമായ ശിവരാമകൃഷ്ണന്‍ എന്നിവരെയെല്ലാം പ്രതിചേര്‍ത്താണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

കേസ് പിന്‍വലിക്കാന്‍ വിജിലന്‍സ് കോടതിയുടെ അനുമതി തേടാന്‍ 2005ലും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചതാണെങ്കിലും പിന്നീടു വന്ന വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ അത് പിന്‍വലിക്കുകയായിരുന്നു.

1990-1992 കാലയളവില്‍ കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് വിവാദമുണ്ടാകുന്നത്. പാമോലിന്‍ ഇറക്കുമതിയിലൂടെ സര്‍ക്കാരിന് വലിയ നഷ്ടമുണ്ടാക്കി എന്നാണ് ആരോപണം ഉയര്‍ന്നത്. പിന്നീട് ഈ വിഷയത്തില്‍ വലിയ രാഷ്ട്രീയ പോരാട്ടമാണ് നടന്നത്.