സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ വയോധികയെ മര്‍ദ്ദിച്ച സംഭവം; വനിതാ കമ്മീഷന്‍ സ്വമേധയ കേസെടുത്തു; സുപ്രണ്ടിനെ സസ്‌പെന്‍റ് ചെയ്തു
Kerala News
സര്‍ക്കാര്‍ അഗതി മന്ദിരത്തില്‍ വയോധികയെ മര്‍ദ്ദിച്ച സംഭവം; വനിതാ കമ്മീഷന്‍ സ്വമേധയ കേസെടുത്തു; സുപ്രണ്ടിനെ സസ്‌പെന്‍റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th September 2019, 2:19 pm

കൊച്ചി: പള്ളുരുത്തി അഗതി മന്ദിരത്തില്‍ വയോധികയെ ക്രൂരമര്‍ദ്ദനത്തിന് വിധേയമാക്കിയ സംഭവത്തില്‍ വയോധികയെ മര്‍ധിച്ച സൂപ്രണ്ട് അന്‍വര്‍ ഹുസൈനെ സസ്‌പെന്റ് ചെയ്തു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയ കേസെടുത്തു.

അന്‍വര്‍ ഹുസൈനെ വിളിച്ച് വരുത്തി വിശദീകരണം തേടും. കഴിഞ്ഞ ദിവസമാണ് വയോധികയെ ക്രൂരമായി ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. കൊച്ചി കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള അഗതിമന്ദിരത്തിലാണ് ആക്രമണം നടന്നത്.

മകളെ അനധികൃതമായി ജോലി ചെയ്യിപ്പിച്ചത് ചോദ്യം ചെയ്യാനെത്തിയ അമ്മയെയാണ് സൂപ്രണ്ട് മര്‍ദ്ദിച്ചത്. വയോധികയെ ചവിട്ടുകയും മര്‍ദ്ദിയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ മാതൃഭൂമിയാണ് പുറത്തുവിട്ടത്.

ദൃശ്യങ്ങളില്‍ അമ്മയ്ക്ക് നേരെയുള്ള അതിക്രമം നടയാന്‍ ശ്രമിക്കുന്ന മകളെയും കാണാം. സ്ത്രീക്ക് നേരെ അന്‍വര്‍ ഹുസൈന്‍ മോശമായ പദപ്രയോഗങ്ങളും നടത്തുന്നുണ്ട്.

അഗതി മന്ദിരത്തിലെ സെക്രട്ടറി അടക്കമുള്ള പലരുടെയും അനുമതിയില്ലാതെയും എതിര്‍പ്പിനെ മറികടന്നുമാണ് അന്‍വര്‍ ഹുസൈന്‍ യുവതിയെ വീട്ടുജോലിക്ക് കൊണ്ടുപോയതെന്നാണ് റിപ്പോര്‍ട്ട്.

അന്തേവാസികളോട് സൂപ്രണ്ടിന്റെ സമീപനം ക്രൂരത നിറഞ്ഞതാണെന്നും നേരത്തെയും അന്തേവാസികള്‍ക്ക് നേരെ ഇത്തരത്തിലുള്ള അക്രമങ്ങള്‍ അരങ്ങേറിയിട്ടുണ്ടെന്നും ജീവനക്കാര്‍ പറയുന്നു. ഇത് ചോദ്യം ചെയ്തവര്‍ക്കുനേരെ സ്ഥലംമാറ്റം അടക്കമുള്ള പ്രതികാര നടപടികള്‍ ഉണ്ടായതായും ജീവനക്കാര്‍ പറയുന്നു.

DoolNews Video