തൃശ്ശൂര്‍: ടോള്‍ കൊള്ളക്കും ബി.ഒ.ടി വ്യവസ്ഥകള്‍ക്കുമെതിരെയുള്ള പ്രതിഷേധങ്ങള്‍ വക വെക്കാതെ ടോള്‍ കമ്പനിക്ക് അനൂകൂലമായി ദേശീയ പാത അതോറിറ്റി വിജ്ഞാപനമിറക്കി. ടോള്‍ നിരക്ക് നല്‍കാതെ സൗജന്യ സഞ്ചാരം അനുവദിക്കില്ലെ എത്ര തിരക്കുണ്ടെങ്കിലും ടോള്‍ നല്‍കിയേ തീരൂ എന്നാണ് വിജ്ഞാപനം.
പാലിയേക്കര ടോള്‍ പ്ലാസയില്‍ തിരക്ക് വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് നിരവധി തര്‍ക്കങ്ങളുണ്ടായിരുന്നു. അഞ്ച് വാഹനങ്ങളില്‍ കൂടുതലുണ്ടെങ്കില്‍ തുറന്ന് വിടണമെന്ന് സമരസംഘടനകള്‍ ആവശ്യപ്പെട്ടിരുന്നുഎന്നാല്‍ ഈ നിര്‍ദേശം അതോറിറ്റി തള്ളി ടോള്‍ പ്ലാസകളില്‍ തിരക്കുണ്ടെങ്കിലും ടോള്‍ നല്‍കണമെന്നും അഞ്ച് വാഹനങ്ങളില്‍ കൂടുതലുണ്ടെങ്കില്‍ തുറന്ന് വിടണമെന്ന് നിയമമില്ലെന്നും ദേശീയ പാത അതോറിറ്റി പുതിയ വിജ്ഞാപനമിറക്കി.
ദേശീയ പാതയിലെ തിരക്കുകാരണം പാതയ്ക്ക് സമാന്തരമായി മണലിപ്പുഴപാലത്തിന് സമീപത്ത് കൂടിയുള്ള റോഡ് നാട്ടുകാര്‍ ഉപയോഗിച്ചിരുന്നു എന്നാല്‍ വൈകാതെ ഇതും അടക്കേണ്ടി വന്നു.ടോള്‍ കൊള്ളക്കും ബി.ഒ.ടി വ്യവസ്ഥകള്‍ക്കുമെതിരെ നിരവധി സംഘടനകള്‍ ഇവിടെ സമരം നടത്തുന്നുണ്ട്്. പാലിയേക്കര പ്രശ്നവുമായി ബന്ധപ്പെട്ട് കോടതിയില്‍ ഇപ്പോഴുള്ളത് മുപ്പതിലധികം കേസുകളാണ്. കേസുകള്‍ എങ്ങുമെത്താതെ നീണ്ടു പോകുകയാണ്.
നിര്‍മ്മാണം കഴിഞ്ഞ് 5 വര്‍ഷം പിന്നിടുമ്പോഴേക്കും ചിലവായതിന്റെ 65 ശതമാനവും ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് (GIPL) എന്ന കമ്പനി പിരിച്ചെടുത്തുവെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ടോള്‍ പ്ലാസയിലൂടെ പ്രതിദിനം ശരാശരി 24,000 വാഹനങ്ങളാണ് കടന്നു പോകുന്നുവെന്നാണ് കണക്ക്. 2015ലെ വിവരാവകാശ രേഖ പ്രകാരമുള്ള കണക്കില്‍ 26 ലക്ഷമാണ് പ്രതിദിന വരുമാനം. 721.17 കോടി രൂപയാണ് കമ്പനിക്ക് ഇതുവരെ ചിലവായത് അതില്‍ 454.89 കോടി രൂപ ഇതുവരെ പിരിച്ചെടുത്തു.