തൃശൂര്‍: തൃശൂര്‍-ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോള്‍പ്ലാസയില്‍ വെച്ച് ദമ്പതികളെ ടോള്‍പ്ലാസ ജീവനക്കാര്‍ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി. ദേശീയപാതയില്‍ വെച്ച് ഇരുചക്ര വാഹനം ട്രാക്കുമാറ്റി കയറ്റി എന്നാരോപിച്ചാണ് ഇരുവര്‍ക്കും നേരെ ആക്രമണം ഉണ്ടായത്.
പുതുക്കാട് വെളിയത്തു പറമ്പില്‍ വിമല്‍ ഇ.ആര്‍, ഭാര്യ തനൂജ എന്നിവര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഇരുവരും ഇപ്പോള്‍ പുതുക്കാട് ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പാലിയേക്കര ടോള്‍പ്ലാസ ജീവനക്കാര്‍ക്കെതിരെ പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പുതുക്കാട് സ്റ്റേഷന്‍ പൊലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മര്‍ദ്ദനത്തിനിരയായ വിമല്‍ ഇ.ആര്‍ സംഭവത്തെ കുറിച്ച് പറയുന്നതിങ്ങനെ,
‘ ഞാനും ഭാര്യയും രാവിലെ തൃശൂരിലേക്ക് പോവുകയായിരുന്നു. ടു വീലറിനാണ് ഞങ്ങള്‍ പോയത്. ഇരു ചക്ര വാഹനങ്ങള്‍ക്കു വരെ പോകാന്‍ പറ്റാത്ത രീതിയിലായിരുന്നു അവിടത്തെ ബ്ലോക്ക്. ഫാസ്റ്റ് ട്രാക്ക് വഴി മറ്റു ബൈക്കുകള്‍ പോകുന്നതു കണ്ടപ്പോള്‍ ഞങ്ങള്‍ ആ ട്രാക്കിലേക്ക് ബൈക്ക് എടുത്തു. ഇത് കണ്ട സെക്യൂരിറ്റി ജീവനക്കാര്‍ ഞങ്ങളെ അസഭ്യം പറയുകയാണുണ്ടായത്. ഇതിനെ ചോദ്യം ചെയ്ത ഞങ്ങളോട് കൂടുതല്‍ മോശമായ രീതിയിലുള്ള വാക്കുകള്‍ ഉപയോഗിച്ചു തുടങ്ങി. തര്‍ക്കത്തിനു ശേഷം വണ്ടി എടുത്ത പോവാന്‍ നോക്കുന്ന വേളയില്‍ ഇവര്‍ ഭാര്യയുടെ കൈയ്യില്‍ കയറി പിടിച്ചു. വണ്ടിയില്‍ നിന്നിറങ്ങി അവളെ രക്ഷപ്പെടുത്താന്‍ നോക്കുമ്പോള്‍ അവിടെ ഉണ്ടായിരുന്ന ജീവനക്കാര്‍ എന്നെ മര്‍ദ്ദിച്ചു. കണ്ടു നിന്ന ചിലരാണ് ഞങ്ങളെ രക്ഷപ്പെടുത്തിയത്. തുടര്‍ന്നു ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു,’ വിമല്‍ ഇ.ആര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സംഭവത്തില്‍ മൊഴി എടുത്തിട്ടുണ്ടെന്നും ടോള്‍പ്ലാസ ജീവനക്കാരോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പുതുക്കാട് പൊലീസ് ഡൂള്‍ ന്യൂസിനോട് പറഞ്ഞു.