| Tuesday, 24th June 2014, 8:10 pm

പാലിയേക്കര ടോള്‍ പഌസയില്‍ വീണ്ടും നിരക്ക് വര്‍ധന

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തൃശൂര്‍:  തൃശൂര്‍ – ഇടപ്പള്ളി ദേശീയ പാതയിലെ പാലിയേക്കര ടോള്‍ പ്ലാസയില്‍ വീണ്ടും നിരക്കുകള്‍ വര്‍ധിപ്പിച്ചു. വര്‍ധിപ്പിച്ച നിരക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്ല്യത്തില്‍ വരും.5 രൂപ മുതല്‍ 25 രൂപ വരെയാണ് നിരക്കു വര്‍ധന.

നിരക്ക് വര്‍ധനയ്‌ക്കെതിരെ  പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തി.ടോള്‍ പ്ലാസയില്‍ കനത്ത പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.

പാലിയേക്കരയിലെ ടോള്‍പിരിവിലൂടെ കമ്പനികള്‍ കോടികള്‍ ലാഭമുണ്ടാക്കുന്നതായി ആക്ഷേപം ഉണ്ടായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവിലൂടെ ഫ്രഞ്ച് കമ്പനിയായ ഏജീസ് പിരിച്ചെടുത്തത്  80 കോടി രൂപയിലധികമാണ്.

പ്രതിദിനം 22 ലക്ഷം രൂപ എന്ന നിരക്കിലാണ് ഈ ഭീമമായ തുക കമ്പനി നേടുന്നത്. സര്‍ക്കാറുമായുള്ള കരാര്‍ അനുസരിച്ച് ഫ്രഞ്ച് കമ്പനിയായ ഏജീസിന് 20 വര്‍ഷം ടോള്‍പിരിക്കാം. അതനുസരിച്ച് 1584 കോടി രൂപ ടോള്‍ ആയി  ഊറ്റിയെടുക്കും. കരാര്‍ വ്യവസ്ഥ പ്രകാരം വര്‍ഷന്തോറും 40 ശതമാനം നിരക്ക് വര്‍ധിപ്പിക്കാം .

ഒരോ വര്‍ഷവും 12ശതമാനം എന്ന തോതില്‍ വാഹനങ്ങളുടെ വര്‍ധന കൂടി കണക്കാക്കിയാല്‍ 20 വര്‍ഷം കൊണ്ട് 4000 മുതല്‍ 5000 കോടി വരെ പാലിയേക്കരയില്‍ ടോള്‍ ഇനത്തില്‍ കമ്പനിക്ക് ലഭിക്കും. 312 കോടി മുതല്‍മുടക്കിയ കമ്പനി അതിന്റെ 10 ഇരട്ടിയില്‍ അധികം തുക ടോള്‍ ഇനത്തില്‍ പിരിച്ചെടുക്കുകയാണ്.

ബി.ഒ.ടി വ്യവസ്ഥയില്‍ 47,17 ദേശീയപാതകളിലായി സംസ്ഥാനത്ത് നിര്‍മിക്കുന്നത് 850 കി.മീ റോഡാണ്‍്. ഇതില്‍ 20 ടോള്‍പ്ലാസകളാണ് ഉണ്ടാവുക. ഇവയുടെ കരാറനുസരിച്ച് 30 വര്‍ഷമാണ് ടോള്‍ പിരിവ്. അതായത്, പാലിയേക്കരയില്‍ നിന്ന് ലഭിക്കുന്ന തുകയെക്കാള്‍ 50 ശതമാനം അധികം പിരിക്കാന്‍ കരാറുകാര്‍ക്കാവും

ഇതുകൂടാതെ ബി.ഒ.ടി വ്യവസ്ഥയനുസരിച്ച് നിര്‍മാണത്തുകയുടെ 40 ശതമാനം സര്‍ക്കാരില്‍ നിന്ന് ഗ്രാന്റായി ലഭിക്കും .ഇക്കാര്യങ്ങള്‍ മറച്ച് വച്ചുകൊണ്ടാണ് ടോള്‍ നിരക്കിലെ കുത്തനെയുള്ള വര്‍ധന. ജനങ്ങളുടെ ശക്തമായ എതിര്‍പ്പ് മൂലം നിരക്ക് വര്‍ധന തല്‍ക്കാലത്തേക്ക് പിന്‍വലിച്ചിരുന്നു.

We use cookies to give you the best possible experience. Learn more