[]തൃശ്ശൂര്‍: ഇടപ്പള്ളി-മണ്ണുത്തി ##പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ നിരക്ക് വര്‍ധന പിന്‍വലിച്ചു. ടോള്‍ നിരക്ക് 5 മുതല്‍ 25 ശതമാനം വരെ വര്‍ധിപ്പിച്ച തീരുമാനമാണ് പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചത്.
ഇന്നലെ അര്‍ധരാത്രി മുതല്‍ വര്‍ധിപ്പിച്ച നിരക്ക് നിലവില്‍ വന്നിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും വിവിധ സംഘടനകളുടെയും പ്രതിഷേധത്തെ വകവയ്ക്കാതെയായിരുന്നു നിരക്ക് കൂട്ടിയത്. തുടര്‍ന്ന് ഇന്ന് രാവിലെയാണ് നിരക്ക് വര്‍ധന താല്‍ക്കാലികമായി പിന്‍വലിച്ചതായി അറിയിച്ചത്.
കാര്‍ ഒരു വശത്തേക്ക്് 65 രൂപ, ഇരുവശത്തേക്ക്് 95 രൂപ, ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് ഒരുവശത്തേക്ക് 110 രൂപ, ഇരുവശത്തേക്കും 165 രൂപ ഇങ്ങനെയായിരുന്നു പുതിയ നിരക്ക്.
പുതിയനിരക്കിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുള്‍പ്പെടെ രംഗത്തുവന്നിരുന്നു. ഇവര്‍ പുലര്‍ച്ചെതന്നെ ടോള്‍ പ്ലാസ പിടിച്ചെടുത്ത്്് വാഹനങ്ങളെ സൗജന്യമായി കടത്തിവിട്ടു.
നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് കമ്പനി ഉറപ്പ് നല്‍കിയതായി പി.സി ചാക്കോ എം.പിയാണ് അറിയിച്ചത്. സര്‍ക്കാരും വിവിധ സംഘടനകളും ചര്‍ച്ച ചെയ്തതിനു ശേഷമേ നിരക്ക് വര്‍ധിപ്പിക്കുള്ളൂവെന്ന് കമ്പനി അറിയിച്ചതായും പി.സി ചാക്കോ എം.പി അറിയിച്ചു.
അറ്റകുറ്റപണി നടത്താതെ നിരക്ക് വര്‍ധിപ്പിക്കില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ് മറികടന്നാണ് ഈ വര്‍ധനവ് വന്നത്. കഴിഞ്ഞ ഓഗസ്റ്റ് 26 ന് നിരക്ക് വര്‍ധിപ്പിച്ച വിജ്ഞാപനം വന്നിരുന്നുവെങ്കിലും ഉപരിതലഗതാഗത വകുപ്പ് മന്ത്രി ഓസ്‌കാര്‍ ഫെര്‍ണ്ടാസിന്റെ ഇടപെടലിനെത്തുടര്‍ന്ന് നടപ്പില്‍ വന്നില്ല.
അറ്റകുറ്റപ്പണികള്‍ നടത്താതെ നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞും ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പ് പാലിക്കാതെയായിരുന്നു ഇന്നലെ അര്‍ധരാത്രി മുതല്‍ കമ്പനി നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുത്തിയത്.