| Friday, 4th October 2013, 12:30 am

പാലിയേക്കര ടോള്‍ പ്ലാസ ഉപരോധം: 300 പേര്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]പുതുക്കാട്: ടോള്‍ കൂട്ടിയതിനെ തുടര്‍ന്ന് പാലിയേക്കര ടോള്‍ പ്ലാസ ഉപരോധിച്ച സംഭവത്തില്‍ മുന്നൂറ് പേര്‍ക്കെതിരെ കേസ്. ടോള്‍ പ്ലാസയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിനാണ് കേസ്.

യൂത്ത് കോണ്‍ഗ്രസ്, എല്‍.ഡി.എഫ്, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പുതിയ ടോള്‍ നിരക്ക് പിരിച്ചു തുടങ്ങിയ ബുധനാഴ്ച രാവിലെ തന്നെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടോള്‍ പ്ലാസയില്‍ പ്രതിഷേധവുമായെത്തുകയും ടോള്‍ ഒഴിവാക്കി വാഹനങ്ങള്‍ കടത്തിവിടുകയും ചെയ്തിരുന്നു.

രാവിലെ പാലിയേക്കരയിലെത്തിയ ഡി.വൈ.എഫ്.ഐ, ബി.ജെ.പി പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിക്കുകയും ചെയ്തു. ഈ സംഭവങ്ങള്‍ക്കെല്ലാം ഒരേ വകുപ്പാണ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. സ്ഥലത്തെത്തിയ പി.സി ചാക്കോ എം.പിയാണ് ടോള്‍ നിരക്ക് തല്‍ക്കാലം ഉയര്‍ത്തുന്നില്ലെന്ന് അറിയിച്ചത്.

അതേസമയം മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയിലെ ടോള്‍ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചര്‍ച്ച നടത്തും. ജനപ്രതിനിധികളും ടോള്‍ കമ്പനി അധികൃതരും ചര്‍ച്ചയില്‍ പങ്കെടുക്കും.

ടോള്‍ സമരം ആരംഭിച്ചത് മുതല്‍ നടന്ന ചര്‍ച്ചകളില്‍ ദേശീയപാതയുടെയും അനുബന്ധ സംവിധാനങ്ങളുടേയുംന നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷമേ നിരക്ക് ഉയര്‍ത്തൂ എന്ന ഉറപ്പ് മുഖ്യമന്ത്രി ആവര്‍ത്തിച്ചിരുന്നു.

എന്നാല്‍ രണ്ട് വര്‍ഷത്തിനിടെ ഒരു തവണ ടോള്‍ നിരക്ക് ഉയര്‍ത്തുകയും മൂന്ന് തവണ ഉയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more