| Saturday, 18th August 2012, 11:17 am

പാലിയേക്കര ടോള്‍പ്ലാസയിലെ സമാന്തരപാത അടച്ചതില്‍ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമാന്തരമായി മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ നിര്‍മ്മിച്ച പാത അടച്ചതില്‍ പ്രതിഷേധം. ചെറിയ വാഹനങ്ങള്‍ ടോളില്‍ നിന്ന് ഒഴിവാകാനായി നിര്‍മിച്ച പാതയാണിത്.[]

വാഹനങ്ങള്‍ സമാന്തരപാതയെ ആശ്രയിക്കുന്നതിനാല്‍ ടോള്‍ വരുമാനം കുറയുന്നുവെന്ന് കാണിച്ച് കരാര്‍ ഏറ്റ കമ്പനി ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് പാത അടയ്ക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

പാത അടയ്ക്കാന്‍ കഴിഞ്ഞ ആഴ്ച റവന്യൂ അധികൃതരും പോലീസും ശ്രമിച്ചിരുന്നെങ്കിലും നാട്ടുകാരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിഷേധം മൂലം നടന്നിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് രാവിലെ നാട്ടുകാരെ അറിയിക്കാതെ അധികൃതര്‍ പാത അടച്ചത്.

ഇരുമ്പുതൂണുകള്‍ നാട്ടി വാഹനങ്ങള്‍ക്ക് കടക്കാനാകാത്ത രീതിയിലാണ് പാത അടച്ചിരിക്കുന്നത്. സംഭവമറിഞ്ഞ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

സംഭവത്തില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിച്ചു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more