പുതിയ കാലം, പുതിയ സമരരീതികള്‍; പാലിയേക്കര ടോള്‍ പ്ലാസയില്‍ പുതിയ സമരരീതി
Discourse
പുതിയ കാലം, പുതിയ സമരരീതികള്‍; പാലിയേക്കര ടോള്‍ പ്ലാസയില്‍ പുതിയ സമരരീതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st September 2013, 5:59 pm

ഇന്നലെ വൈകുന്നേരമാണ് സംഭവം. ഫേസ്ബുക്കിലൂടെ പദ്ധതി തയ്യാറാക്കി പത്തംഗ സംഘം ടോള്‍പ്ലാസയിലെത്തി. പിരിവുകാരന് കുറേ ചില്ലറ പൈസ നല്‍കി സമയം വൈകിപ്പിച്ച് ടോള്‍ പ്ലാസ സതംഭിപ്പിച്ചായിരുന്നു ഇവരുടെ പ്രതിഷേധം.


[]കൊച്ചി: പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഫേസ്ബുക്ക് കൂട്ടായ്മയില്‍ നിന്നൊരു സമരമുറ. ചില്ലറകളുമായി ടോള്‍ പ്ലാസയിലെത്തിയാണ് ഒരുകൂട്ടം ചെറുപ്പക്കാര്‍ ഉപരോധിച്ചത്.

ഇന്നലെ വൈകുന്നേരമാണ് സംഭവം. ഫേസ്ബുക്കിലൂടെ പദ്ധതി തയ്യാറാക്കി പത്തംഗ സംഘം ടോള്‍പ്ലാസയിലെത്തി. പിരിവുകാരന് കുറേ ചില്ലറ പൈസ നല്‍കി സമയം വൈകിപ്പിച്ച് ടോള്‍ പ്ലാസ സതംഭിപ്പിച്ചായിരുന്നു ഇവരുടെ പ്രതിഷേധം.[]

സമരത്തില്‍ പങ്കെടുത്ത റെനീഷ് പി.എന്‍ സമരത്തെ കുറിച്ച് ഡൂള്‍ ന്യൂസിനോട് പറയുന്നു…

?എങ്ങനെയാണ് ഇത്തരത്തില്‍ ഒരു സമരം നടത്താന്‍ തീരുമാനിച്ചത്

പാലിയേക്കരയില്‍ ടോള്‍ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രതികരിക്കാന്‍ ഞങ്ങള്‍ ചില ഫേസ്ബുക്ക് സുഹൃത്തുക്കള്‍ ചേര്‍ന്ന് തീരുമാനിച്ചു. ഒരാഴ്ച്ച മുമ്പാണ് ഇതിനായി ഞങ്ങള്‍ തീരുമാനിക്കുന്നത്.

അരുണ്‍.കെ. ജോര്‍ജിന്റെ നേതൃത്വത്തിലാണ് ഇതിനായി പദ്ധതി തയ്യാറാക്കിയത്. അരുണ്‍ തന്നെയാണ് ഇതിന് വേണ്ടി കാറുകളും ചില്ലറ പൈസയും സംഘടിപ്പിച്ചത്.

?എപ്പോഴായിരുന്നു നിങ്ങള്‍ പ്ലാസയിലേക്ക് സമരവുമായി പോയത്

ഇന്നലെ വൈകുന്നേരം. ഞങ്ങള്‍ പത്ത് പേര്‍ ചേര്‍ന്നാണ് ടോള്‍ പ്ലാസയിലേക്ക് പോയത്. ഒരുപാട് പേര്‍ ചേര്‍ന്നാണ് തീരുമാനിച്ചതെങ്കിലും പറ്റാവുന്നവര്‍ പ്ലാസയില്‍ എത്തുകയായിരുന്നു.

?സംഭവത്തെ കുറിച്ച് വിശദീകരിക്കാമോ

ഞങ്ങള്‍ നാല് പേര്‍ നാല് കാറിലായി പ്ലാസയിലെത്തി. നാല് കൗണ്ടറുകളിലെത്തിയ ഞങ്ങളോട് ടോള്‍ ആവശ്യപ്പെട്ടപ്പോള്‍ ഒന്നിന്റേയും അമ്പതിന്റേയും കുറേ ചില്ലറ തുട്ടുകള്‍ നല്‍കി.

പിരുവുകാരന്‍ എണ്ണി പണം തികഞ്ഞില്ലെന്ന് പറയുമ്പോള്‍ വീണ്ടും ചില്ലറ നല്‍കി. ഇതോടെ സമയം കുറേ പോയി. പുറകേ വാഹനങ്ങള്‍ വന്ന് ആകെ ബഹളം.

ടോള്‍ പ്ലാസയില്‍ പ്രവേശിച്ചാല്‍ അഞ്ച് മിനുട്ടിനുള്ളില്‍ വാഹനം ടോള്‍ അടച്ച് കടന്നുപോകണം. അല്ലെങ്കില്‍ സൈറണ്‍ മുഴങ്ങാന്‍ തുടങ്ങും. ഇവിടെ പുറകേയുള്ള വാഹനങ്ങളുടെ ഹോണും സൈറണുമൊക്കെയായി ആകെ ബഹളമായി.

?ഈ സമയത്ത് പോലീസുണ്ടായിരുന്നില്ലേ

പോലീസുണ്ടായിരുന്നു. പക്ഷേ, അക്രമങ്ങളൊന്നും നടക്കാത്തതിനാല്‍ പോലീസിന് ഇടപെടാന്‍ സാധിച്ചില്ല.

?പിന്നീട് എന്തുണ്ടായി

ബഹളം കൂടിയപ്പോള്‍ പിരിവുകാരന്‍ ചില്ലറയെണ്ണല്‍ മതിയാക്കി വണ്‍ സൈഡ് ടിക്കറ്റ് തന്നു. പക്ഷേ, ഞങ്ങള്‍ സമ്മതിച്ചില്ല. ഒടുവില്‍ 8ം വരെ എണ്ണി ടൂ സൈഡ് ടിക്കറ്റ് തന്നു.

ഇങ്ങനെ വിജയകരമായി തങ്ങളുടെ ടോള്‍ പ്ലാസ ഉപരോധിച്ച സംഘം പറയുന്നത് ഇതുപോലെ ആര്‍ക്കും പ്രതിഷേധിക്കാമെന്നാണ്. അവനവന് ആവുന്നത് പോലെ പ്രതിഷേധിക്കുക.