ഇപ്പോള്‍ പാലിയേക്കര കടക്കുക എന്നു പറഞ്ഞാല്‍ ഞങ്ങളുടെ നാട്ടില്‍ വലിയ കടമ്പയാണ്, വീട്ടിലേക്കു തിരിച്ചു വരുമ്പോള്‍ ടോള്‍ പ്ലാസ കഴിഞ്ഞു എന്നുപറഞ്ഞാല്‍ പെട്ടന്ന് എത്തും, ഇല്ലെകില്‍ ഒരുപാട് വൈകും. ബൈക്ക് യാത്രക്കാര്‍പോലും പലപ്പോഴും അര മണിക്കൂറിലേറെ പാലിയേക്കര ടോള്‍പ്ല ാസയില്‍ ഗതാഗത കുരുക്കില്‍ കിടക്കുന്നു.
ടോള്‍പ്ലാസ ഉള്ള സ്ഥലത്തെല്ലാം ചെറിയ ഗതാഗത കുരുക്കുണ്ടാകും എന്ന് പലര്‍ക്കും സാമാന്യവല്‍ക്കരിച്ചു പറയാം. BOT നയത്തിലൂടെ നമ്മുടെ പൊതു ദേശീയ പാതകള്‍ സ്വകാര്യ കമ്പനികള്‍ക്ക് ചുങ്കം പിരിയ്ക്കാന്‍ തീറെഴുതി കൊടുത്തതിന് ശേഷം, ഏതു രീതിയില്‍, എങ്ങനെ ചുങ്കം സ്വീകരിക്കും എന്നുകൂടി സ്വാകാര്യ കമ്പനി കല്പിക്കുന്നു ഇല്ലെങ്കില്‍ ഇരട്ടി പിഴ നമ്മള്‍ കൊടുക്കണം! പോരാത്തതിന് പ്രാദേശികമായി കിലോ മീറ്ററുകള്‍ നീളുന്ന ഗതാഗത കുരുക്ക്.
യാതൊരു ശാസ്ത്രീയതയോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാത്ത കുരുതി പാതയായി ടോള്‍ കമ്പനി ദേശീയപാതയെ മാറ്റി. നാളെ നമ്മുടെ വൈദ്യുതി ബില്ലോ വാട്ടര്‍ ബില്ലോ മറ്റോ ഡിജിറ്റല്‍ ആയി മാത്രമേ അടയ്ക്കാന്‍ സാധിക്കൂ, ഇല്ലെങ്കില്‍ ഇരട്ടി അടക്കണമെന്ന് പറഞ്ഞാല്‍? പക്ഷെ ഇവിടെ ദേശീയപാതയിലെ ചുങ്ക പിരിവ് തന്നെ അന്യായമാണ് അപ്പോഴാണ് വീണ്ടും ഞങ്ങളെ കൂടുതല്‍ അടിമകള്‍ ആക്കുന്ന ഈ ‘ഇരട്ടി ‘ ചുങ്കം.
ഇന്ത്യ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ സ്വകാര്യവല്‍ക്കരണ പദ്ധതി ആണ് BOT. കേന്ദ്ര ഗവണ്‍മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഉള്ള മുഴുവന്‍ റോഡുകളും സ്വകാര്യവല്‍കരിച്ച്, ടോള്‍ കൊടുത്താല്‍ മാത്രം യാത്രചെയ്യാന്‍ കഴിയുന്ന വിധത്തില്‍ മാറ്റിത്തീര്‍ക്കുന്ന ബൃഹത്തായ പദ്ധതി. അതുപോലെ തന്നെ ബൃഹത്തായ അഴിമതി നിറഞ്ഞ പദ്ധതിയും.
രാജ്യത്തെ ടോള്‍ പ്ലാസകളില്‍ ജനുവരി 15 മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി. ഇത് പലയിടത്തും ഗതാഗതക്കുരുക്കിനാണ് വഴിവെക്കുന്നത്. കേരളത്തില്‍ 40 ശതമാനം വാഹനങ്ങള്‍ മാത്രമേ ഫാസ്ടാഗ് സംവിധാനത്തിലേയ്ക്ക് കടന്നിട്ടുള്ളൂ. പാലിയേക്കരയില്‍ നിലവില്‍ 12 ടോള്‍ ബൂത്തുകളാണുള്ളത്. ഇപ്പോള്‍ ഫാസ്ടാഗ് സംവിധാനമില്ലാത്ത ബൂത്തുകളുടെ എണ്ണം രണ്ടാക്കി കുറഞ്ഞു.
ഇത്രയും വാഹനങ്ങള്‍ക്കു വേണ്ടിയാണ് 10 ടോള്‍ബൂത്തുകള്‍ ഇവിടെ നീക്കിവെച്ചിരിക്കുന്നത്. ബാക്കിയുള്ള 60 ശതമാനത്തിന് രണ്ടു ടോള്‍ ബൂത്തുകള്‍ മാത്രമാണ് ഉണ്ടാവുക. തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസ കൂടാതെ വാളയാര്‍ പാമ്പന്‍പള്ളം ടോള്‍, അരൂര്‍ കുമ്പളം ടോള്‍, കൊച്ചി കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡിലെ പൊന്നാരിമംഗലം ടോള്‍ പ്ലാസ എന്നിവിടങ്ങളിലാണ് കേരളത്തില്‍ ഫാസ്ടാഗ് നടപ്പാക്കിയത്.
തദ്ദേശീയരായ ജനങ്ങള്‍ക്കു റോഡിന്റെ അപ്പുറത്തുള്ള സ്ഥലത്തേക്ക് പോകണമെങ്കില്‍ ടോള്‍ കൊടുക്കേണ്ട അവസ്ഥ. തദ്ദേശീയര്‍ക്കു നല്‍കി വന്നിരുന്ന ഇളവുകള്‍ ഘട്ടം ഘട്ടമായി എടുത്തു കളയുന്നു. എല്ലാവരും കരുതുന്നതു പോലെ ടോള്‍ കമ്പനി അല്ല പാലിയേക്കര ടോള്‍പ്ലാസയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവരുടെ വാഹനങ്ങള്‍ക്ക് മുന്‍പ് സൗജന്യ പാസ് നല്‍കിയിരുന്നത്. സംസ്ഥാന സര്‍ക്കാരായിരുന്നു.
ഇപ്പോള്‍ ഇത് പുതുക്കി നല്‍കാനോ, പുതിയ ഫ്രീ പാസുകള്‍ തദ്ദേശീയര്‍ക്കു നല്‍കാനോ ടോള്‍ കമ്പനി ഒരുക്കമല്ല. കാരണം ഗവണ്മെന്റ് കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ സൗജന്യ പാസുകളുടെ പണം നല്‍കിയിട്ടില്ല. അതിനും ഉണ്ട് കാരണം. പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ വാഹനങ്ങളും ദിവസവും ടോള്‍പ്ലാസയിലൂടെ കടന്നുപോകുന്നതായി ടോള്‍ കമ്പനി കള്ള കണക്ക് കാണിച്ച് ഗവണ്‍മെന്റിനോട് പണം ചോദിക്കുന്നു.
നോക്കൂ ഒരു കോടിയില്‍ കൂടുതല്‍ വരും ഈ സ്വകാര്യ ടോള്‍ കമ്പനി ദിവസവും പാലിയേക്കര ടോള്‍ പ്ലാസയില്‍ നിന്ന് പിരിക്കുന്ന തുക. ഒമ്പത് വര്‍ഷമായി ഈ ചുങ്കപ്പിരിവ് തുടങ്ങിയിട്ട്.
ടോള്‍ പാതയുടെ ഓരത്തുള്ള പ്രദേശവാസികള്‍ക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുന്നതിനാല്‍ സര്‍വ്വീസ് റോഡിലൂടെ ഏറെദൂരം സഞ്ചരിച്ചാലേ പ്രധാന പാതയിലേക്ക് കടക്കാന്‍ കഴിയൂ. കിഴക്ക് താമസിക്കുന്ന വീട്ടുകാരന്‍ പടിഞ്ഞാറ് ഭാഗത്തുള്ള അയല്‍പക്കത്തേക്ക് പോകണമെങ്കില്‍ ഇപ്പോഴത്തെ പദ്ധതി പ്രകാരം ചുരുങ്ങിയത് ആറു കിലോമീറ്റര്‍ എങ്കിലും സഞ്ചരിക്കേണ്ടതായി വരും.
ദീര്‍ഘദൂര യാത്രികര്‍ക്ക് അവരുടെ യാത്ര സുഗമമാക്കാനും, റോഡില്‍ നിക്ഷേപം ഇറക്കുന്ന കമ്പനികള്‍ക്ക് ലാഭകരമായി പദ്ധതി നടത്തിക്കൊണ്ടു പോകാനും തദ്ദേശവാസികള്‍ ഉപേക്ഷിക്കേണ്ടി വന്നത് അവരുടെ സമയവും സമ്പത്തും സംസ്‌കാരവും ജീവനോപാധികളും ആണ്. ടോള്‍ പാത വന്നതിനുശേഷം ആമ്പല്ലൂരിലെ ഹൈവേക്കു ഇരുവശമുള്ള പ്രധാന വ്യാപാര സ്ഥാപനങ്ങള്‍ ഇല്ലാതായി.
കേരളത്തിലെ ഭരണ വര്‍ഗ്ഗ പാര്‍ട്ടികള്‍ ടോളിനെതിരെ ഇവിടെ സമരം ചെയ്തിട്ടില്ല. ചില ഇളവുകള്‍ക്ക് വേണ്ടി സമര നാടകങ്ങള്‍ നടത്തി എന്ന് മാത്രം. പ്രാദേശികമായി റോഡുകള്‍ അടച്ചുകെട്ടുമ്പോഴും, ടോള്‍ കമ്പനി നിയമ ലംഘനങ്ങള്‍ നടത്തുമ്പോഴും, കരാര്‍ ലംഘനം നടത്തി അശാസ്ത്രീയമായി നിര്‍മിച്ച റോഡില്‍ അപകടം പെരുകുമ്പോഴും മൗനം പാലിക്കുന്ന ഭരണവര്‍ഗ്ഗ പാര്‍ട്ടികള്‍, ആരെങ്കിലും നിയമ പോരാട്ടത്തിലൂടെ ടോള്‍ കമ്പനിക്കെതിരായി ജനോപകാരപ്രദമായ നടപടികള്‍ കോടതി വിധികളിലൂടെ നേടിയാല്‍ അതിന്റെ അവകാശം ചോദിച്ചു വരുന്നു. പ്രധാന രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ക്ക് കമ്പനി സൗജന്യ പാസുകള്‍ നല്‍കി പ്രാദേശിക രാഷ്ടീയ പാര്‍ട്ടികളെ വരുതിയിലാക്കുന്നു.
മറ്റു സംസ്ഥാനങ്ങളില്‍ BOT ടോള്‍ റോഡ് നിര്‍മിക്കുന്നത് നിലവിലുള്ള റോഡുകള്‍ നിലനിറുത്തിയാണ് , എന്നാല്‍ ഇവിടെ ജനങ്ങളുടെ ആകെയുള്ള സഞ്ചാര പാതെയാണ് ടോള്‍ പാതയായി മാറിയിരിക്കുന്നത്. മിക്കയിടത്തും സര്‍വ്വീസ് റോഡുകള്‍ പോലും ഇല്ലാതെ.
ഞങ്ങളുടെ നാട്ടില്‍നിന്ന് പ്രാദേശിക ആരോഗ്യ കേന്ദ്രം, വില്ലേജ്, കൃഷി, പഞ്ചായത്ത് ഓഫീസുകളിലേക്കു ജനങ്ങള്‍ക്കു പോകണമെങ്കില്‍ ഇപ്പോള്‍ പലപ്പോഴും മണിക്കൂറുകള്‍ ഗതാഗത കുരുക്കില്‍ കിടക്കണം. അടുത്തുള്ള പ്രധാന നഗരമായ തൃശൂരിലേക്ക് ആശുപത്രികള്‍, മറ്റു ആവശ്യങ്ങള്‍ എന്നിവക്ക് പോകണമെങ്കിലും ബസ് യാത്രക്കാര്‍ക്കുപോലും ഈ ദുരിതം തന്നെ.
വീട്ടില്‍ ആര്‍ക്കെങ്കിലും വയ്യാതായാല്‍ ഞങ്ങള്‍ എന്ത് ചെയ്യണം? കഴിഞ്ഞയാഴ്ച അത്യാസന്ന നിലയിലുള്ള ഒരു രോഗിയുമായി പോകുന്ന ആംബുലന്‍സ് ടോള്‍പ്ലാസയില്‍ 20 മിനിറ്റ് ഗതാഗത കുരുക്കില്‍ പെട്ട് രോഗി മരണപെട്ടു. കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ ഇവിടത്തെ ടോള്‍പ്ലാസ്സാ ഗതാഗത കുരുക്കിന്റെ കാരണത്താല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതെ നാല് മരണങ്ങള്‍ നടന്നു.
ഇങ്ങനെ എത്രപേര്‍ മരണപ്പെടുന്നു… ഞങ്ങളെ സംബന്ധിച്ചു ഇതൊരു മനുഷ്യാവകാശ പ്രശ്‌നം കൂടിയാണ്. ജനലക്ഷങ്ങള്‍ തിങ്ങി പാര്‍ക്കുന്ന, അവര്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഏക സഞ്ചാരപാതയാണ് ഇവര്‍ ടോള്‍ പാതയാക്കി മാറ്റിയത്.
കേരളത്തിലെ ഭൂമിശാത്രപരമായ അവസ്ഥയില്‍ ഇനങ്ങനെയുള്ള പാതകള്‍ പ്രയോഗികമല്ലായെന്ന് ഞങ്ങള്‍ പഠനങ്ങള്‍ നടത്തി അന്നേ പറഞ്ഞതാണ്. കേരളത്തിലെ ശരാശരി ജനസാന്ദ്രത ഒരു ച.കി.മീ ല്‍ 819 ആകുമ്പോള്‍ എന്‍.എച്ച്. 17 കടന്നുപോകുന്ന പഞ്ചായത്തുകളുടെ ശരാശരി ജനസാന്ദ്രത ഒരു ച.കി.മീറ്ററില്‍ 2200 ആണ്.
പാതയോരവാസികളുടെ മാത്രം ജനസാന്ദ്രത എടുത്തു പരിശോധിച്ചാല്‍ ഇതിന്റെ ഇരട്ടിയോളം വരും. അതായത് ജനസാന്ദ്രത ഏറിയതും ഭൂമിക്ക് അതീവ ദൗര്‍ലഭ്യം അനുഭവപ്പെടുന്നതുമായ പ്രദേശത്ത് നടക്കുന്ന റോഡ് നിര്‍മ്മാണം ഒരു വികസനപ്രവര്‍ത്തനം എന്ന നിലയ്ക്ക് തദ്ദേശവാസികള്‍ക്ക് പരമാവധി ആഘാതമേല്‍ക്കാത്ത വിധത്തിലായിരിക്കണം നടത്തേണ്ടത്.
ദേശീയപാത 47ലെ അങ്കമാലി-മണ്ണൂത്തി BOT പാത നിര്‍മ്മാണത്തിന്റെ അനുഭവ പശ്ചാത്തലത്തിലാണ് ഇത് സൂചിപ്പിക്കുന്നത്. അവിടെ തദ്ദേശവാസികളുടെ ഭൂനിരപ്പിന് ഒരു പരിഗണനയും നല്‍കാതെ റോഡ് നിര്‍മ്മിച്ചിരിക്കുന്നു. നൂറ്റിഇരുപത് കിലോമീറ്റര്‍ വേഗതയില്‍ യാത്രചെയ്യുകയെന്ന ഏകലക്ഷ്യമേ കണക്കിലെടുത്തിട്ടുള്ളൂ. ഇതുമൂലം പല ഭൂഉടമകള്‍ക്കും തങ്ങളുടെ ഭൂമിയില്‍ നിന്നും റോഡിലേക്കിറങ്ങണമെങ്കില്‍ ഒന്നുകില്‍ താഴേക്ക് ചാടണം അല്ലെങ്കില്‍ മേലോട്ട് കയറണം.
അത്തരം സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. ഒരു വികസന സമീപനത്തില്‍ നിന്നുകൊണ്ടേ റോഡ് വികസനത്തേയും കാണാന്‍ കഴിയൂ. അതുകൊണ്ട് കേരളത്തിന്റെ ഭൂസ്ഥിതിയും, ഭൂമിയുടെ കിടപ്പും, നിരപ്പും അനുസരിച്ച് അനുയോജ്യമായ വിധത്തില്‍ വേണം റോഡ് നിര്‍മ്മിക്കാന്‍. മറ്റു ഘടകങ്ങള്‍ ഒന്നും പരിഗണിക്കാതെ അതിവേഗത്തില്‍ പോകുക എന്നത് മാത്രമാകരുത് വികസനലക്ഷ്യം. സുരക്ഷിതസഞ്ചാരവും സുസ്ഥിരവികസനത്തിന് അനുയോജ്യമായ ഗതാഗത സംവിധാനവും എന്നതാകണം ലക്ഷ്യം.
ഓരോ കി.മി. ദൂരത്തിനിടയിലും ചെറുവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ മീഡിയന്‍ ക്രോസിങ്ങ് അനുവദിക്കുകയോ മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുകയോ ചെയ്യണം. മീഡിയന്‍ കഴിയുന്നത്ര ചെറുതാവണം.
അശാസ്ത്രീയ റോഡ് നിര്‍മ്മാണം മൂലം അപകടം സംഭവിക്കുന്നത് കൂടുതലും തദ്ദേശീയരായ ബൈക്ക്, സൈക്കിള്‍, കാല്‍നട യാത്രക്കാര്‍ക്കാണ്. പലയിടത്തും സര്‍വ്വീസ് റോഡില്ല. മുറിച്ചുകടക്കാനുള്ള സംവിധാനങ്ങളില്ല. ബസ് ബെകളില്ല. വഴി വെളിച്ചമില്ല. പലയിടത്തും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ട്രാഫിക് സിഗ്‌നല്‍ സംവിധാനമില്ല. റോഡിന് മറുവശം മുറിഞ്ഞു കടക്കാന്‍ സാധിക്കാത്തതിനാല്‍ വൃദ്ധരും കുട്ടികളും സ്ത്രീകളും അങ്ങോട്ടുള്ള യാത്ര ഒഴിവാക്കുന്നു. നേരം ഇരുട്ടിയാല്‍ റോഡ് മുറിച്ചുകിടക്കാന്‍ യാതൊരു സംവിധാനവുമില്ല.
പ്രധാനമായും വയലിലിന്റെ മധ്യത്തിലൂടെ കടന്നുപോകുന്ന ഈ ടോള്‍ പാത അശാസ്ത്രീയമായി തോടുകളും മറ്റും നികത്തി നിര്‍മ്മിച്ചതിനാല്‍ കഴിഞ്ഞ പ്രളയകാലത്ത് ഇതൊരു ഡാം പോലെയാണ് നിന്നത്. പുതുക്കാട്, പറപ്പൂക്കര, നെന്മണിക്കര, തൃക്കൂര്‍, കൊടകര പഞ്ചായത്തുകളില്‍ പതിനായിരക്കണക്കിന് ആളുകളെ പ്രളയം ഇതുമൂലം തീവ്രമായി ബാധിച്ചു.
ആരാണ് ഈ റോഡിന് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് കൊടുത്തത്? ഹൈവേ സേഫ്റ്റി എഞ്ചിനീയറിംഗ് വിഭാഗം എന്തടിസ്ഥാനത്തിലാണ് ഇവര്‍ക്കു ടോള്‍ പിരിക്കാന്‍ അനുമതി നല്‍കിയത്? മണ്ണുത്തി-അങ്കമാലി ദേശീയപാതയുടെ ഓരത്തുള്ള പോലീസ് സ്റ്റേഷനുകളില്‍ ഉണ്ട് അശാസ്ത്രീയമായി നിര്‍മ്മിച്ച ഈ മരണപാതമൂലം വണ്ടി ഇടിച്ചു മൃഗങ്ങളെപ്പോലെ മരണപെട്ട, ഗുരുതമായി പരിക്കേറ്റ് വികലാംഗരായവരുടെ വലിയ കണക്ക്.
ഞങ്ങള്‍ക്കു ജീവിക്കണം. ഇത് മാനുഷിക പ്രശ്‌നം കൂടിയാണ്. ഞങ്ങളുടെ സമാന്തര പാതകള്‍ കൊട്ടിയടച്ചാണ് നിങ്ങളുടെ ഈ മനുഷ്യാവകാശ ലംഘനങ്ങള്‍. ഫാസ്റ്റ് ടാഗ് ഇല്ലാത്തവര്‍ ടോള്‍ പ്ലാസയിലൂടെ ഫ്രീ ആയി പോകട്ടെ. എവിടെ ഞങ്ങളുടെ പൂര്‍വ്വികര്‍ ശദാബ്ദങ്ങളായി ഉപയോഗിച്ചിരുന്ന പൊതു ദേശീയ പാത? എവിടെ ഗവണ്മെന്റ് ഞങ്ങള്‍ക്ക് ഉറപ്പുതന്ന ടോള്‍ഫ്രീ സമാന്തര പാത?
വേണ്ടത് ശാസ്ത്രീയമായ ഗതാഗത നയം
കേരളത്തിലൂടെയുള്ള യാത്രകള്‍ പ്രത്യേകിച്ച് റോഡ് യാത്രകള്‍ ദുസ്സഹമായികൊണ്ടിരിക്കുകയാണ്. ശരാശരി പത്ത് ശതമാനം വാഹനങ്ങള്‍ ഓരോ വര്‍ഷവും കേരളത്തിലെ നിരത്തില്‍ പുതുതായി ഇറങ്ങുന്നുണ്ട്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള 65 ലക്ഷം വാഹനങ്ങളും മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള 15 ലക്ഷം വാഹനങ്ങളും അടക്കം 67 ലക്ഷം വാഹനങ്ങള്‍ 1200 കി.മീ. വരുന്ന ദേശീയപാത കളിലൂടെയും 21,000 കി.മീ. വരുന്ന സംസ്ഥാന പാതകളിലൂടെയും ഒരു ലക്ഷത്തിലധികം വരുന്ന മറ്റു പാതകളിലൂടെയും ഓടികൊണ്ടിരിക്കുകയാണ്.
ഇതില്‍ വാഹനങ്ങളുടെ സമ്മര്‍ദ്ദം ഏറ്റവും കൂടുതല്‍ ഉള്ളത് ദേശീയപാതകളിലും അനുബന്ധ റോഡുകളിലുമാണ് ഉളളത് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇത്രയധികം വാഹനങ്ങളെ ഉള്‍ക്കൊളളാന്‍ നമ്മുടെ ദേശീയ പാതകള്‍ക്കും അനുബന്ധ റോഡുകള്‍ക്കും കഴിയാത്തതുകൊണ്ട് കേരളത്തിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന ശരാശരി വേഗത 30 കി.മി/മണിക്കൂറില്‍ താഴെയാണ്. ഇത് മഴക്കാലമാകുന്നതോടെ 20 കി.മി/മണിക്കൂര്‍ ആയി മാറുന്നു.
ഇനി റോഡുകളുടെ സ്ഥിതി പറയേണ്ടതുമില്ല. പൊട്ടിപ്പൊളിഞ്ഞ റോഡുകളിലൂടെയുള്ള യാത്രകള്‍, യാത്ര ചെയ്യുന്നവരേയും വാഹനങ്ങളെയും ഒരേപോലെ ദുരിതത്തിലാക്കുകയാണ്. ഒരുവശത്ത് ജനങ്ങളുടെയും അവരുടെ ജീവിതത്തിനാവശ്യമായ ചരക്കുകളുടേയും മൂവ്മെന്റ് വര്‍ദ്ധിക്കുകയും അതോടൊപ്പം കൂടിയ തോതില്‍ വാഹന സാന്ദ്രതയും വര്‍ദ്ധിക്കുമ്പോള്‍ മറുവശത്ത് റോഡുകളുടെ നീളമോ റോഡുകളുടെ ഗുണനിലവാരമോ വര്‍ധിക്കുന്നില്ല എന്നുമാത്രമല്ല, മറ്റു മാര്‍ഗ്ഗങ്ങളിലൂടെയുള്ള സഞ്ചാരസൗകര്യം വികസിക്കുന്നുമില്ല.
വര്‍ദ്ധിച്ചുവരുന്ന യാത്രാപ്രശ്നത്തിന്റെ പരിഹാര മാര്‍ഗങ്ങളാണ് റെയില്‍ ഗതാഗതം, ജലഗതാഗതം, വ്യോമഗതാഗതം എന്നിവ. റെയില്‍ഗതാഗതത്തിന് പ്രാഥമിക നിക്ഷേപം കൂടുതല്‍ ആവശ്യമാണ് എങ്കില്‍ക്കൂടി ഏറ്റവും ആവര്‍ത്തന ചെലവ് കുറഞ്ഞതും പാരിസ്ഥിതിക നാശം കുറഞ്ഞതും ഏറ്റവും കുറവ് സ്ഥലമാവശ്യമായതും, ഏറ്റവും കൂടുതല്‍ ജനങ്ങളെയും ചരക്കിനേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതുമായ യാത്രാസംവിധാനമാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ റോഡ് ഗതാഗതചാര്‍ജ് ഇരട്ടിയായപ്പോള്‍ റെയില്‍ ഗതാഗത ചാര്‍ജ് അത്രയ്ക്ക് ഉയര്‍ന്നിട്ടില്ല എന്നത് പ്രത്യേകം ചിന്തിക്കേണ്ടതാണ്. 1947ന് ശേഷം റെയില്‍ വികസനരംഗത്ത് കാര്യമായ വികസനമൊന്നും നമ്മുടെ സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. ആകെ 10000 കി.മി മാത്രമാണ് രാജ്യത്താകെ സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഉണ്ടായ പുതിയ പാത. ചില റെയില്‍ ലൈനുകളുടെ ഇരട്ടിപ്പിക്കലും ഇലക്ട്രിഫിക്കേഷനും മാത്രമാണ് കേരളത്തില്‍ റെയില്‍വേവികസന രംഗത്ത് ഉണ്ടായിട്ടുള്ളത്. ഇപ്പോഴും 1148 കി.മീ. മാത്രമാണ് നമ്മുടെ റെയില്‍വേലൈനിന്റെ നീളം. 100ലധികം ഓവര്‍ ബ്രിഡ്ജുകള്‍ ഇനിയും പണിയേണ്ടിയിരിക്കുന്നു.
ആളില്ലാത്ത റെയില്‍ക്രോസിലൂടെയുള്ള അപകടങ്ങള്‍ നമുക്ക് ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതുവഴി ഇലക്ട്രോണിക് സിഗ്‌നല്‍ സിസ്റ്റം എന്ന സംവിധാനം ഉപയോഗപ്പെടുത്തി പരമാവധി തീവണ്ടികള്‍ ഓടിക്കാന്‍ നമുക്ക് ആവുന്നില്ല. എന്നാല്‍ റെയില്‍വെ യാത്ര ചെലവുകുറഞ്ഞതും സൗകര്യപ്രദവുമാകയാല്‍ യാത്രക്കാരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.
കേരളം ജലസമൃദ്ധമാണ്. 41 നദികളും പശ്ചിമഘട്ടവും അറബിക്കടലും അടങ്ങിയ അതിവിപുലമായ, വിഭവസമൃദ്ധമായ ആവാസ വ്യവസ്ഥ നമുക്ക് സ്വന്തമായുണ്ട്. എന്നാല്‍ ഇത് ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ജലഗതാഗത വികസനത്തില്‍ നമ്മള്‍ ഏറെ പിന്നിലാണ് എന്നകാര്യം പറയാതെ വയ്യ.
മുന്‍പ് റെയില്‍വെ വികസനത്തിന്റെ കാര്യത്തില്‍ സൂചിപ്പിച്ചത് പോലെ ഏറ്റവും ചുരുങ്ങിയ ചെലവില്‍, പാരിസ്ഥിതിക ആഘാതങ്ങള്‍ ഇല്ലാതെ ചുരുങ്ങിയ ഇന്ധനത്തോടെയും ഇന്ധനക്ഷമതയോടെയും സ്ഥലം ഏറ്റെടുക്കല്‍ ഇല്ലാതെയും കൂടുതല്‍ സുരക്ഷിതത്വത്തോടെയും ഒരുക്കാന്‍ കഴിയുന്ന യാത്രാസംവിധാനമാണ് ജലഗതാഗതം.
പ്രധാനമായും രണ്ട് തരത്തിലുള്ള ജലഗതാഗതം മേഖലകളാണ് നമുക്കുള്ളത്. ഒന്ന് ജനങ്ങളുടെ യാത്ര കൈകാര്യം ചെയ്യുന്ന ബോട്ടുകള്‍. മറ്റൊന്ന് ചരക്ക് ഗതാഗതം നടത്തുന്നവ. ഇതില്‍ യാത്രാബോട്ടുകള്‍ അവരുടെ 47 ബോട്ടുകളിലൂടെയായി 877 ട്രിപ്പുകളാണ് നടത്തുന്നത്. 6733 ജലപാത ഇവര്‍ ഉപയോഗിക്കുന്നുണ്ട്.
ഇനി കെ.എസ്.ഐ.എന്‍.സി യുടെ കാര്യം നോക്കുകയാണ് എങ്കില്‍ അവര്‍ 20,000 കിലോമീറ്റര്‍ ജലപാത ഉപയോഗിച്ച് രണ്ട് ജങ്കാറിലൂടെയുളള ചരക്കുഗതാഗതം സംഘടിപ്പിക്കുന്നു. സ്വകാര്യമേഖലയില്‍ കുറച്ച് ടൂറിസം ബോട്ടുകളാണ് നമുക്കുളളത്. പത്ത് കി.മീ ആണ് നമ്മുടെ ജലഗതാഗതത്തിന്റെ പരമാവധി വേഗത. നമ്മുടെ പ്രഖ്യാപിത ജലപാതയുടെ നീളം 1895 കി.മീ ആണ്.
ഇന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ജലപാതയിലൂടെ മാത്രം യാത്രചെയ്യാന്‍ വേണ്ടിവരുന്ന പാത നമുക്കുണ്ട്. പക്ഷെ ഉപയോഗപ്പെടുത്തുന്നില്ല എന്നുമാത്രം. വേണ്ടത്ര ശ്രദ്ധയും ദീര്‍ഘവീക്ഷണവും ഇല്ലാത്തതിനാല്‍ നമ്മുടെ ജലപാതകളെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഗതാഗതത്തിന്റെ വളര്‍ച്ച മുരടിച്ചിരിക്കുകയാണ്.
വ്യോമഗതാഗതത്തിന്റെ കാര്യത്തില്‍ ആണ് നമുക്ക് കുറച്ച് വളര്‍ച്ച നേടാനായിട്ടുള്ളത്. കേരളത്തിന്റെ ഉളളില്‍ തന്നെയുള്ള വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ഡൊമസ്റ്റിക് ട്രാന്‍സ്പോര്‍ട്ടില്‍ നമ്മുടെ സംവിധാനം നാമമാത്രമാണ്. കേരളത്തിലെ സമ്പത്തുള്ള ആളുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. അവരുടെ കൈപിടിയില്‍ ഒതുങ്ങാവുന്ന വിധത്തില്‍ ഉള്ള തദ്ദേശീയ വ്യോമഗതാഗതം ഇനിയും ഉണ്ടായി വരേണ്ടതുണ്ട്.
BOT പാത ജനങ്ങള്‍ക്ക് നല്‍കുന്നത്
1. ഭൂമി തുച്ചമായ വിലക്ക് ഏറ്റെടുക്കുന്നു.
2. നഷ്ടപരിഹാരത്തിന് മേല്‍ ആദായനികുതി നല്‍കണം.
3. നഷ്ടപരിഹാരം ലഭിച്ച ഉടനെ സ്ഥലം വിട്ടുനല്‍കണം. പിന്നീടുള്ള അവരുടെ പ്രശ്നങ്ങള്‍ക്ക് ഗവണ്‍മെന്റിന് ഉത്തരവാദിത്തമില്ല.
4. തുച്ഛമായ നഷ്ടപരിഹാരം നല്‍കുന്നതോടെ ഗവണ്‍മെന്റിന്റെ ബാധ്യത കഴിക്കുന്നു.
5. പ്രധാന റോഡിലേക്ക് നിയന്ത്രിത പ്രവേശനം മാത്രം. റോഡ് ക്രോസ് ചെയ്യാന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കണം.
6. വിവിധങ്ങളായ വാഹന നികുതികളും, പെട്രോളിനും ഡീസലിനും സെസ്സും കൂടാതെ കനത്ത ടോള്‍ നിരക്ക്.
7. അമിത വാഹനസാന്ദ്രതയും ജനസാന്ദ്രതയും നിമിത്തം അപകട സാധ്യത കൂടുതല്‍.
8. റോഡരികില്‍ താമസിക്കുന്നവര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ദുരിതം മാത്രം. പലയിടങ്ങളിലും റോഡ് ഭൂനിരപ്പില്‍നിന്നും ഏറെ ഉയരത്തില്‍
9. അനീതിയും അവഹേളനവും.
BOT പാത സ്വകാര്യകമ്പനിക്കു നല്‍കുന്നത്
1. 20-30 വര്‍ഷം റോഡിന്മേലുള്ള അവകാശം.
2. 10 വര്‍ഷക്കാലം യാതൊരു നികുതിയും നല്‍കേണ്ടതില്ല
3. കിലോമീറ്ററിന് രണ്ട് മുതല്‍ 15 രൂപ വരെ ടോള്‍ പിരിക്കാം. വര്‍ഷാവര്‍ഷം വര്‍ധിപ്പിക്കാം. അമിതലാഭം കൊയ്യാന്‍ എല്ലാ അവസരങ്ങളും സര്‍ക്കാര്‍ നല്‍കുന്നു.
4. ചുരുങ്ങിയ പലിശനിരക്കില്‍ ലോണ്‍ ലഭ്യമാക്കുന്നു. ഗവണ്‍മെന്റ് ഗ്യാരണ്ടി നില്‍ക്കുന്നു.
5. റോഡിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വകാര്യ കമ്പനിക്ക്. വേണമെങ്കില്‍ റോഡ് നടത്തിപ്പ് മറ്റൊരു കമ്പനിക്ക് മറിച്ച് വില്‍ക്കാം.
6. വിദേശകമ്പനിക്കും റോഡ് സ്വന്തമാക്കാം. വിദേശത്തുനിന്ന് നികുതിരഹിതമായി മെഷിനറികള്‍ ഇറക്കുമതി ചെയ്യാം.
7. നവലിബറല്‍ നയങ്ങളുടെ ഭാഗമായ സ്വകാര്യതാല്‍പര്യ സംരക്ഷണം.
8. നിയമവും പോലീസ് സുരക്ഷയും കമ്പനിക്ക് അനുകൂലമാക്കി പൂര്‍ണ്ണസംരക്ഷണം.