| Thursday, 21st August 2014, 11:44 am

പാലിയേക്കര ദേശീയ പാതയില്‍ ടോള്‍നിരക്ക് വീണ്ടും കൂട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തൃശൂര്‍: തൃശൂര്‍-ഇടപ്പള്ളി പാലിയേക്കര ദേശീയപാതയില്‍ ടോള്‍ നിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. ജീപ്പ്, കാര്‍, വാന്‍ തുടങ്ങിയ ചെറുവാഹനങ്ങള്‍ക്ക് അഞ്ച് രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ വാഹനങ്ങളുടെ ടോള്‍ 100 രൂപയായി.

എന്നാല്‍ ഒരുവശത്തേക്ക് മാത്രമുള്ള കാറിന്റെയും ജീപ്പിന്റെയും നിരക്കില്‍ മാറ്റമില്ല. നിലവില്‍ ഇത് 65 രൂപയാണ്. ഈ വിഭാഗം വാഹനങ്ങളുടെ പ്രതിമാസ പാസിന്റെ നിരക്ക് 115 രൂപ വര്‍ധിപ്പിച്ച് 2005 രൂപയാക്കി.

ബസ്, ലോറി എന്നിവയുടെ ഇരുവശത്തേക്കുള്ള നിരക്ക് 350 രൂപയാക്കി. ഒരു വശത്തേക്കുള്ള പാസിന് 15 രൂപ വര്‍ധിപ്പിച്ച് 235 ആക്കി. പുതുക്കിയ നിരക്ക് സെപ്റ്റംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും. ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ആണ് പാലിയേക്കര ടോള്‍ പ്ലാസയുടെ നടത്തിപ്പുകാര്‍.

ഈ വര്‍ഷം ജൂണില്‍ പാലിയേക്കര ദേശീയപാതയിലെ ടോള്‍ നിരക്ക് ഉയര്‍ത്തിയിരുന്നു. ഇതിനെതിരെ രാഷ്ട്രീയപാര്‍ട്ടികള്‍ ശക്തമായ പ്രക്ഷോഭം നടത്തിയിരുന്നു. വഴിവിളക്കുകള്‍, ഓടകള്‍, സര്‍വീസ് റോഡ് എന്നീ സൗകര്യങ്ങള്‍ ഒരുക്കിയശേഷമേ ടോള്‍ നിരക്ക് വര്‍ധിപ്പിക്കാവൂ എന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ മുഖ്യമന്ത്രി ഇത് സംബന്ധിച്ച് ഉറപ്പ് നല്‍കിയതോടെ പ്രതിഷേധം അവസാനിക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more