ടോള്‍ വര്‍ധന: പാലിയേക്കര സമരസമിതി വീണ്ടും പ്രക്ഷോഭത്തിന്
Kerala
ടോള്‍ വര്‍ധന: പാലിയേക്കര സമരസമിതി വീണ്ടും പ്രക്ഷോഭത്തിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th August 2012, 12:00 am

തൃശൂര്‍: ദേശീയ പാതാ ടോള്‍ നിരക്കില്‍ വര്‍ധനയുണ്ടാകുമെന്ന വാര്‍ത്തയെ തുടര്‍ന്ന് പാലിയേക്കര ടോള്‍ വിരുദ്ധസമര സമിതി വീണ്ടും പ്രക്ഷോഭത്തിന്. ടോള്‍ നിരക്കില്‍ 10 ശതമാനം വര്‍ധനവുണ്ടാക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ടോള്‍ പിരിവിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ടോള്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കം.[]
സെപ്റ്റംബര്‍ ഒന്നുമുതലാണ് പുതിയ നിരക്കുകള്‍ നിലവില്‍ വരിക. പുതിയ നിരക്കുകള്‍ അനുസരിച്ച് കാര്‍ ജീപ്പ്, വാന്‍ എന്നിവയുടെ ഒരു യാത്രയ്ക്ക് 60 രൂപയും ഒന്നിലധികം യാത്രക്ക് 90 രൂപയും പ്രതിമാസ പാസിന് 1790 രൂപയുമാണ് ഈടാക്കുക. ചരക്ക് വാഹനങ്ങള്‍ക്ക് 210, 315, 6260 എന്നീ നിരക്കിലേക്കും ഉയര്‍ത്തി.

ദേശീയ പാതാ അതോറിറ്റിയുടെ അനുമതിയോടെയാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

കുത്തക മുതലാളിമാരെ സഹായിക്കാനാണ്  സര്‍ക്കാറിന്റെ തീരുമാനമെന്ന്‌ സമരസമിതി നേതാക്കള്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ചാണ് ടോള്‍ പ്ലാസക്ക് സമാന്തരമായ പാത പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം കലക്ടര്‍ അടച്ചത്. ഇത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. ടോള്‍ നിരക്ക് കുറക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും സര്‍വീസ് റോഡുകള്‍ പൂര്‍ത്തിയാക്കുമെന്നുമുള്ള മുഖ്യമന്ത്രിയുടെ വാക്ക് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് അടുത്ത മാസം 19ന് ഉപരോധസമരം സംഘടിപ്പിക്കുമെന്നും സമരസമിതി അറിയിച്ചു.