| Saturday, 2nd May 2020, 1:48 pm

പാല്‍ഘാര്‍ കൊലപാതകത്തില്‍ അറസ്റ്റു ചെയ്ത പ്രതിക്ക് കൊവിഡ്19; സഹതടവുകാരും പൊലീസും നിരീക്ഷണത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പാല്‍ഘര്‍ ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെപട്ട് അറസ്റ്റു ചെയ്ത 55 കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടനുബന്ധിച്ച് ലോക്കപ്പില്‍ ഒപ്പമുണ്ടായിരുന്ന 20 സഹതടവുകാര്‍ക്കു കൂടി കൊവിഡ് പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

വെള്ളിയാഴ്ചയാണ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളെ ഇപ്പോള്‍ പാല്‍ഘാറിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി ജില്ലാ സിവില്‍ സര്‍ജന്‍ ഡോ. കാഞ്ചന്‍ വനേരെ പറഞ്ഞു.

’30 പേര്‍ക്കൊപ്പം വാഡ ജില്ലയിലെ പൊലീസ ലോക്കപ്പിലായിരുന്നു ഇയാളും. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ പാല്‍ഘാറിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി,’ കാഞ്ചന്‍ വനേരെ പറഞ്ഞു.

ഇയാള്‍ക്കൊപ്പം ലോക്കപ്പില്‍ കഴിഞ്ഞ 20 പേരെയും സ്റ്റേഷനിലെ 23 പൊലീസുകാരെയും ക്വാറന്റൈനിലാക്കിയെന്നും അവര്‍ പറഞ്ഞു.

പാല്‍ഘാര്‍ ജില്ലയില്‍ സന്യാസിമാരടങ്ങുന്ന മൂന്ന് പേരെ അക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ 115 പേരയാണ് പൊലീസ് കഴിഞ്ഞ മാസം അറസ്റ്റു ചെയ്തത്.

ഏപ്രില്‍ 18 ന് എല്ലാവര്‍ക്കും ആദ്യഘട്ടത്തില്‍ കൊവിഡ് പരിശോധന നടത്തിയിരുന്നതായി അധികൃതര്‍ അറിയിച്ചു. ആ സമയത്ത് എല്ലാവര്‍ക്കും ഫലം നെഗറ്റീവായിരുന്നു.

രണ്ടാമതും ടെസ്റ്റ് ചെയ്തതിലാണ് ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

ഏപ്രില്‍ 30ന് മറ്റു പ്രതികള്‍ക്കൊപ്പം ഇയാളെയും പ്രദേശിക കോടതിയില്‍ ഹാജരാക്കിയിരുന്നു. അതേസമയം ഇയാളുടെ കുടുംബത്തെയും ക്വാറന്റൈനിലാക്കി.

ഏപ്രില്‍ 16നായിരുന്നു സംഭവം നടന്നത്. അവയവങ്ങള്‍ക്കുവേണ്ടി കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം സംഘത്തെ ആക്രമിച്ചത്.

കല്ലുകളും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. രണ്ട് സന്യാസിമാരെയും അവരുടെ കാറിലെ ഡ്രൈവറെയുമാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസുകാര്‍ക്കും മര്‍ദ്ദനമേറ്റിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more