| Tuesday, 19th March 2024, 7:58 pm

പുല്ല് തിന്ന് നോമ്പ് തുറക്കാന്‍ നിര്‍ബന്ധിതരായി; പട്ടിണിയെ ചെറുത്തുനിന്ന് തോല്‍പ്പിക്കുമെന്ന് ഫലസ്തീനി കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: പുല്ല് ഭക്ഷണമാക്കി കഴിച്ച് നോമ്പ് തുറക്കാന്‍ നിര്‍ബന്ധിതരായി ഫലസ്തീനികള്‍. ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഗസയിലെ പൗരന്മാരുടെ ചെറുത്തുനില്‍പ്പ് ചര്‍ച്ചാവിഷയമായി.

ഭക്ഷണവും മാനുഷിക സഹായവും ഇല്ലാത്തതിനാല്‍ പുല്ല് പാകം ചെയ്ത് കഴിക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്ന് ഗസയിലെ ഒരു കുടുംബം പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

കള്ളം പറഞ്ഞുകൊണ്ടാണ് കുഞ്ഞുങ്ങളെ കൊണ്ട് ഈ ഭക്ഷണം കഴിപ്പിക്കുന്നതെന്നും രക്ഷിതാക്കള്‍ പറഞ്ഞു. നിലവിലെ സാഹചര്യങ്ങളെ ചെറുത്തുനിന്ന് തോല്‍പ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഫലസ്തീനികള്‍ വിജയിക്കുമെന്നതില്‍ പ്രതീക്ഷയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മൃഗങ്ങള്‍ക്ക് നല്‍കുന്ന തീറ്റ ഫലസ്തീനികള്‍ മാവില്‍ ചേര്‍ത്ത് ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. നിലവില്‍ ഗസയില്‍ 500,000ത്തിലധികം ആളുകള്‍ പട്ടിണിയുടെ വക്കിലാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ഗസയില്‍ ശാശ്വത വെടിനിര്‍ത്തലിന് ഹമാസ് പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ജനങ്ങളുടെ അവകാശങ്ങളും അവരെക്കുറിച്ചുള്ള ആശങ്കകളുമാണ് തങ്ങളുടെ ആദ്യ പരിഗണനയെന്ന് ഹമാസ് അറിയിച്ചു.

ആദ്യഘട്ട ബന്ദി കൈമാറ്റത്തിന്റെ ഭാഗമായി 700-1000 ഫലസ്തീനികളെ മോചിപ്പിക്കുന്നതിന് പകരമായി സ്ത്രീകളും കുട്ടികളും പ്രായമായവരും അസുഖം ബാധിച്ചവരുമായ ഇസ്രഈലി ബന്ദികളെ മോചിപ്പിക്കാമെന്ന് പദ്ധതിയില്‍ ഹമാസ് പറയുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം റഫയില്‍ കരയുദ്ധം നടത്താനുള്ള പദ്ധതി ഉപേക്ഷിക്കാന്‍ ഇസ്രഈലിനോട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. യുദ്ധത്തെ തുടര്‍ന്ന് ഗസയില്‍ നിന്ന് കുടിയിറക്കപ്പെട്ട 1.2 മില്യണ്‍ ഫലസ്തീനികള്‍ റഫയിലാണ് ഇപ്പോള്‍ അഭയം തേടിയിരിക്കുന്നത്.

ജനസാന്ദ്രതയേറിയ പ്രദേശത്ത് ആക്രമണം നടത്തുന്നത് ഇനിയും കൂടുതല്‍ പേര്‍ കൊല്ലപ്പെടുന്നതിനും ദുരിതമനുഭവിക്കുന്നതിനും കാരണമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അതാനോം ഗെബ്രീസസ് എക്സില്‍ പറഞ്ഞു.

Content Highlight: Palestinians were forced to break their fast by eating grass

We use cookies to give you the best possible experience. Learn more