ഇസ്രഈല്‍-ഫലസ്തീന്‍ വിഷയത്തില്‍ പുതിയ നയം രൂപീകരിക്കാന്‍ ട്രംപ്; ട്രംപ് ഇടപെട്ടാല്‍ ഒസ്ലോ കരാറിലെ വ്യവസ്ഥകളില്‍ നിന്ന് പിന്‍മാറുമെന്ന് ഫലസ്തീന്‍
Worldnews
ഇസ്രഈല്‍-ഫലസ്തീന്‍ വിഷയത്തില്‍ പുതിയ നയം രൂപീകരിക്കാന്‍ ട്രംപ്; ട്രംപ് ഇടപെട്ടാല്‍ ഒസ്ലോ കരാറിലെ വ്യവസ്ഥകളില്‍ നിന്ന് പിന്‍മാറുമെന്ന് ഫലസ്തീന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th January 2020, 1:19 pm

ജറുസലേം: ഇസ്രഈല്‍- ഫലസ്തീന്‍ തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാനൊരുങ്ങി ട്രംപ്. ഡീല്‍ ഓഫ് ദ സെഞ്ച്വറി എന്ന് ഇസ്രഈല്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ട്രംപിന്റെ നയത്തെ ആകാംക്ഷയോടെയാണ് ഇസ്രഈല്‍ ഉറ്റു നോക്കുന്നത്. വാഷിംഗ്ടണില്‍ വെച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പമാണ് ട്രംപ് നയപ്രഖ്യാപനം നടത്തുന്നത്. എന്നാല്‍ ഇസ്രഈല്‍-ഫല്‌സ്തീന്‍ തര്‍ക്കത്തിലെ പ്രധാന നയരൂപീകരണത്തിന് ഫല്‌സ്തീന്‍ നേതാക്കളെ ക്ഷണിച്ചിട്ടില്ല.

ട്രംപിന്റെ നീക്കത്തെ ഫല്‌സ്തീന്‍ സ്വാഗതം ചെയ്യുന്നുമില്ല. ട്രംപ് ഇക്കാര്യത്തില്‍ നയം രൂപീകരിച്ചാല്‍ ഇസ്രഈല്‍-ഫല്‌സതീന്‍ സമാധാന കരാറായ ഒസ്ലോ കരാറിന്റെ അനുബന്ധ ഉടമ്പടിയില്‍ നിന്ന് പിന്‍മാറുമെന്നാണ് ഫല്‌സ്തീന്‍ നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ട്രംപിന്റെ നയപ്രഖ്യാപനം ഫല്‌സതീനുള്ള ഇസ്രഈലിന്റെ അനധികൃത താല്‍ക്കാലിക അധിനിവേശത്തെ സ്ഥിരമാക്കി മാറ്റുമെന്നാണ് ഫല്‌സതീന്റെ മുഖ്യ മധ്യസ്ഥകനായ സയിബ് ഇക്രത് എ.എഫ്.പി യോട് പ്രതികരിച്ചത്.

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയതു മുതല്‍ എടുത്തു വരുന്ന ഇസ്രഈല്‍ അനുകൂല നീക്കങ്ങളാല്‍ തന്നെ പുതിയ നയവും ഫലസ്തീന് എതിരായിരിക്കുമെന്ന് ഫല്‌സതീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന് ഉറപ്പാണ്. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ബാങ്കിലേക്ക് ഇസ്രഈല്‍ അധിനിവേശം ആഗോള നിയമത്തിനെതിരല്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു.

1995 ല്‍ വാഷിങ്ടണില്‍ വെച്ച് ഒപ്പു വെച്ചതാണ് ഒസ്‌ലോ കരാര്‍ 2 എന്നറിയപ്പെടുന്ന ഒസ്ലോ കരാറിന്റെ അനുബന്ധ കരാറായ താല്‍ക്കാലിക കരാര്‍.
സുസ്ഥിര കരാര്‍ ഉണ്ടാകുന്നതുവരെ 5 വര്‍ഷത്തേക്ക് വേണ്ടി നിര്‍മിച്ച കരാറായിരുന്നു ഇത്. പക്ഷെ ഇരുപത് വര്‍ഷത്തോളമായി ഈ കരാര്‍ തന്നെയാണ് തുടര്‍ന്നു വരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫല്‌സ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും ഇസ്രഈലും തമ്മില്‍ ഉണ്ടാക്കിയ ഈ താല്‍ക്കാലിക കരാറില്‍ നിന്ന് പിന്‍മാറാനുള്ള അവകാശവും വ്യവസ്ഥ ചെയ്യുന്നുണ്ട്.

വെസ്റ്റ് ബാങ്കിന്റെ വലിയൊരു ഭാഗവും ജെറുസലേമും ഇസ്രഈലിന്റെ അധികാരപരിധിയിലാക്കാനും ട്രംപ് പുതിയ നയത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.