| Sunday, 7th January 2024, 6:16 pm

ഇസ്രഈല്‍ അടിച്ചുനിരത്തിയ ഗസയിലെ ഖബറുകൾ പുനഃസ്ഥാപിച്ചും മൃതദേഹങ്ങള്‍ പുനര്‍സംസ്‌ക്കരിച്ചും ഫലസ്തീനികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഗസയിലെ സെമിത്തേരികളില്‍ ഇസ്രഈല്‍ സൈന്യം തകര്‍ത്ത ഖബറുകൾ പുനഃസ്ഥാപിച്ച് ഫലസ്തീന്‍ പൗരന്മാര്‍. ഖബറുകളിൽ നിന്ന് ഇസ്രഈല്‍ പുറത്തെടുത്ത കുറെയധികം മൃതദേഹങ്ങള്‍ ഫലസ്തീനികള്‍ പുനര്‍സംസ്‌ക്കാരം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡസന്‍ക്കണക്കിന് ഫലസ്തീനികളാണ് ഖബറുകളുടെ പുനര്‍നിര്‍മാണത്തിനായി തെരുവിലിറങ്ങിയതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.

ഇതുസംബന്ധിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളില്‍ സെമിത്തേരിയിലെ സമീപ പ്രദേശങ്ങളിലായി മൃതദേഹങ്ങള്‍ ബാഗുകളില്‍ പൊതിഞ്ഞ് മണ്ണില്‍ കിടത്തിയിരിക്കുന്നതായി കാണാവുന്നതാണ്. കൂടാതെ തകര്‍ന്ന ഖബറുകളുടെ സമീപങ്ങളിലായി മറ്റു മൃതദേഹങ്ങള്‍ ചിതറികിടക്കുന്നതായും കാണാം.

ഇസ്രഈല്‍ സൈന്യം ബുള്‍ഡോസറുകള്‍ കയറ്റിയിറക്കിയ മൃതദേഹങ്ങളുടെ അവസ്ഥ കണ്ടുനില്‍ക്കാന്‍ സാധിക്കില്ലെന്നും ഇത്തരത്തിലുള്ള കാഴ്ച ജീവിതത്തില്‍ ആദ്യമാണെന്നും ഖബറുകള്‍ പുനര്‍നിര്‍മിക്കുന്നവരില്‍ ഒരാളായ അലിവ മാധ്യമങ്ങളോട് പറഞ്ഞു. വികൃതമാക്കപ്പെട്ട മൃതദേഹങ്ങള്‍ തിരിച്ചറിയാനും പുനര്‍സംസ്‌ക്കരിക്കാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2023 ഡിസംബറില്‍ ഗസയിലെ സെമിത്തേരികളില്‍ 1,100 ഖബറുകള്‍ ഇസ്രഈല്‍ നശിപ്പിച്ചതായും അടുത്തിടെ സംസ്‌കരിച്ച 150ഓളം ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ സൈന്യം മോഷ്ടിച്ചതായും ഹമാസ് ആരോപിച്ചിരുന്നു.

അതേസമയം കൂടുതല്‍ വിശദീകരണത്തിന് തയ്യാറാകാതെ ഹമാസിന്റെ അവകാശവാദങ്ങള്‍ തങ്ങള്‍ പരിശോധിക്കുകയാണെന്ന് ഇസ്രഈല്‍ സൈന്യം പറഞ്ഞു.

നിലവിലെ കണക്കുകള്‍ പ്രകാരം ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 22,722 ആയി വര്‍ധിച്ചുവെന്നും 58,166 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രഈല്‍ ബോംബാക്രമണത്തില്‍ 113 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 250 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Content Highlight: Palestinians restore graves and cremate bodies in Israeli-occupied Gaza

We use cookies to give you the best possible experience. Learn more