ജറുസലേം: വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷവും പ്രകോപനം തുടര്‍ന്ന് ഇസ്രാഈല്‍. അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്സ വിഷയത്തില്‍ ഫലസ്തീനെ പിന്തുണച്ച് പ്രകടനം നടത്തിയ ഇസ്രാഈലിലെ ഫലസ്തീന്‍ അനുകൂലികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഇസ്രാഈല്‍ പൊലീസ് സേന വ്യക്തമാക്കി.
ഓപ്പറേഷന്‍ ലോ ആന്റ് ഓര്‍ഡര്‍ ക്യാംപെയിനിന്റെ ഭാഗമായാണ് ഇസ്രാഈലിലെ ഫലസ്തീന്‍ പൗരന്‍മാരെ കൂട്ടമായി അറസ്റ്റ് ചെയ്യുന്നതെന്നാണ് സേനാവിഭാഗം വ്യക്തമാക്കുന്നത്.
1550 പേരെ ഇതിനോടകം അറസ്റ്റ് ചെയ്‌തെന്നും ബാക്കിയുള്ളവരെ വരും ദിവസങ്ങളില്‍ കസ്റ്റഡിയിലെടുക്കുമെന്ന് ഇസ്രാഈല്‍ പൊലീസ് വിഭാഗം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇതിനായി ആയിരക്കണക്കിന് സുരക്ഷാ സേനയെ വിന്യസിച്ചെന്നും പ്രസ്താവനയില്‍ പറഞ്ഞു.
വെടിനിര്‍ത്തലിനു ശേഷവും അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്സ കോമ്പൗണ്ടില്‍ കഴിഞ്ഞദിവസം അതിക്രമിച്ചു കയറിയ ഇസ്രാഈല്‍ പൊലീസ് ആരാധനക്കെത്തിയ ഫലസ്തീനികളെ മര്‍ദ്ദിച്ചിരുന്നു.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച മൂന്നാം ദിനമായിരുന്നു ഇസ്രാഈലിന്റെ പ്രകോപനം.
ഇസ്രാഈല്‍ പൊലീസ് ജൂത സന്ദര്‍ശകരെ മസ്ജിദുല്‍ അഖ്സ പരിസരത്തേക്ക് പ്രവേശിപ്പിച്ചതോടെ ജറുസലേം വീണ്ടും സംഘര്‍ഷ ഭീതിയിലായി.
ജൂത മതപരമായ വസ്ത്രം ധരിച്ച ഏതാനും ഇസ്രാഈലുകള്‍ മസ്ജിദുല്‍ അഖ്സക്ക് കാവല്‍ നില്‍ക്കുന്നതായി തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
ഇസ്രാഈലുകാര്‍ പള്ളിയില്‍ അതിക്രമിച്ചു കയറി പുലര്‍ച്ചെ പ്രാര്‍ത്ഥന നടത്തിയിരുന്ന ഫലസ്തീനികളെ അക്രമിച്ചതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി WAFA റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പ്രകോപനപരമായ ചില നീക്കങ്ങള്‍ക്കപ്പുറം അസാധാരണ സംഭവങ്ങളൊന്നും അഖ്സയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
അതേസമയം, 11 ദിവസമായി ഫലസ്തീനെതിരെ നടത്തിവന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതായി ഇസ്രാഈല്‍ വെള്ളിയാഴ്ച അറിയിച്ചിരുന്നു. ഈജിപ്ത് മുന്നോട്ടുവെച്ച മധ്യസ്ഥ ഫോര്‍മുല അംഗീകരിച്ചതായും വെടിനിര്‍ത്തലിന് തങ്ങള്‍ തയ്യാറാണെന്നുമാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നിരുന്നു. ഇസ്രാഈലിന് പിന്നാലെ ഹമാസും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിച്ചിരുന്നു.
പതിനൊന്ന് ദിവസം നീണ്ട ഇസ്രാഈല്‍ ആക്രമണത്തില്‍ 232 ഫലസ്തീനികളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 65 കുട്ടികളും 39 സ്ത്രീകളും ഉള്‍പ്പെടുന്നു.
1900 പേര്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. ഹമാസ് നടത്തിയ പ്രത്യാക്രമണങ്ങളില്‍ രണ്ട് കുട്ടികളും ഒരു മലയാളിയും ഉള്‍പ്പെടെ 12 പേര്‍ ഇസ്രാഈലിലും കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കുകളുമുണ്ട്.