ടെല്‍ അവിവ്: അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ ഫലസ്തീന്‍ പൗരന്മാരുടെ ശ്മശാനം പൊളിച്ചുമാറ്റി പാര്‍ക്ക് സ്ഥാപിക്കാനുള്ള നീക്കവുമായി ഇസ്രഈലിന്റെ അധിനിവേശ അതോറിറ്റി മുന്നോട്ട്. നീക്കത്തിനെതിരെ ഫലസ്തീന്‍ പൗരന്മാര്‍ പ്രതിഷേധം ശക്തമാക്കി.
2022 പകുതിയോടു കൂടി ജൂതര്‍ക്ക് വേണ്ടി 1.4 ഏക്കര്‍ വ്യാപിച്ച് കിടക്കുന്ന നാഷനല്‍ പാര്‍ക്ക് സ്ഥാപിക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. ശ്മശാനത്തെ മൂടുന്ന രീതിയിലായിരിക്കും പാര്‍ക്ക് വരിക.
ഇസ്രഈല്‍ അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ അല്‍-അസ്ഖ പള്ളിയുടെ കിഴക്ക് ഭാഗത്തായാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള അല്‍-യൂസുഫിയ ശ്മശാനം സ്ഥിതി ചെയ്യുന്നത്.
മൂന്നാഴ്ച മുമ്പ് ഇസ്രഈലിന്റെ നിയന്ത്രണത്തിലുള്ള ജെറുസലേം മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള ജോലിക്കാര്‍ ശ്മശാനത്തിലെത്തി മണ്ണ് ഉത്ഖനനം ചെയ്യുകയും മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുക്കുകയും ചെയ്തിരുന്നു. ഇത് വലിയ പ്രതിഷേധത്തിനും പ്രാര്‍ത്ഥനാ സമരങ്ങള്‍ക്കും വഴിവെച്ചിരുന്നു.
ഇതിന് പിന്നാലെ പള്ളിയുടേയും ശ്മശാനത്തിന്റെയും പരിസരത്ത് വ്യാപകമായി ഫലസ്തീനികള്‍ തമ്പടിക്കുന്നുണ്ട്. നിരവധി ഫലസ്തീന്‍ പൗരന്മാര്‍ക്ക് ശാരീരികോപദ്രവമേല്‍ക്കുകയും അറസ്റ്റ് ചെയ്യുകയും അവര്‍ക്ക പ്രദേശത്ത് നിരോധനമേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഇസ്രഈലി സൈന്യം ഉപദ്രവിക്കുകയും അറസ്റ്റ് ചെയ്യുകയും നിര്‍ബന്ധപൂര്‍വം ഒഴിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനിടെ കുടുംബാംഗങ്ങളുടെ കല്ലറകള്‍ക്ക് സമീപം പിടിച്ച് നില്‍ക്കുന്ന ഫലസ്തീനികളുടെ ദൃശ്യങ്ങളും കഴിഞ്ഞ ആഴ്ചകളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
ജെറുസലേമിലുള്ള ഫലസ്തീന്‍ അഭിഭാഷകര്‍ പ്രദേശത്ത് ഉത്ഖനനം നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രഈലി ജെറുസലേം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഹരജിയിന്മേല്‍ അടുത്തയാഴ്ച വിചാരണ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ