World News
ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനാവില്ല; ഇസ്രഈലികളെ ഗ്രീന്‍ലാന്‍ഡിലേക്ക് മാറ്റൂ: ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 28, 05:14 pm
Tuesday, 28th January 2025, 10:44 pm

ടെഹ്‌റാൻ: ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് ഈജിപ്തിലേക്ക് ജോര്‍ദാനിലേക്കോ മാറ്റണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടിനെതിരെ വിമർശനവുമായി ഇറാന്‍. ഗസയില്‍ നിന്നും ഫലസ്തീനികളെ കുടിയൊഴിപ്പിക്കണമെന്ന ആശയം അംഗീകരിക്കാനാവില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി പറഞ്ഞു. യു.എസ് മാധ്യമമായ സ്‌കൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അബ്ബാസ് അരാഗ്ച്ചി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

മേഖലയില്‍ നിന്ന് . ഫലസ്തീനികളെ പുറത്താക്കാന്‍ കഴിയില്ല. ഫലസ്തീനികളെ പുറത്താക്കുന്നതിന് പകരം ഇസ്രഈലികളെ പുറത്താക്കാന്‍ ശ്രമിക്കുക. അവരെ ഗ്രീന്‍ലാന്‍ഡിലേക്ക് കൊണ്ടുപോകുക, അങ്ങനെ യു.എസിന് ഒരു കല്ലുകൊണ്ട് രണ്ട് പക്ഷികളെ കൊല്ലാന്‍ കഴിയും. അബ്ബാസ് അരാഗ്ച്ചി പറഞ്ഞു.

ഗസയിലെ ഹമാസും ലബ്‌നാനിലെ ഹിസ്ബുല്ലയും അടക്കമുള്ള കക്ഷികള്‍ കടുത്ത ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായും അരാഗ്ച്ചി പറഞ്ഞു. ഇറാന്റെ ആണവ കേന്ദ്രങ്ങളെ ആക്രമിക്കാമെന്നുള്ള ചിന്ത ഭ്രാന്തന്‍ ചിന്തയാണ്. ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഏതൊരു ആക്രമണത്തിനും ഉടനടി തിരിച്ചടി നേരിടേണ്ടി വരുമെന്ന് അവരോട് പറഞ്ഞിട്ടുണ്ട്. ആക്രമണമുണ്ടായാല്‍ അത് പശ്ചിമേഷ്യയില്‍ ആരും പ്രതീക്ഷിക്കാത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഗസയിൽ നിന്ന് ജനങ്ങളെ കുടിയൊഴിപ്പിച്ച് ഈജിപ്തിലേക്കോ ജോര്‍ദാനിലേക്കോ മാറ്റണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്‍താവന വന്നത്. ഗസയിലെ അഭയാർത്ഥികളെ ഈജിപ്ത്, ജോർദാൻ എന്നീ രാജ്യങ്ങൾ ഏറ്റെടുക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകര്‍ക്ക് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ പ്രസ്താവന.

ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്ത അൽ-സിസിയുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും ട്രംപ് പറഞ്ഞിരുന്നു. വർഷങ്ങളായി സംഘർഷ മേഖലയാണ് ​ഗസ. അവിടെ ആകെ തകർക്കപ്പെട്ടിരിക്കുകയാണ് . ​ഗസയിൽ താമസിക്കുക എന്നത് സങ്കീർണമാണ്. അഭയാർത്ഥികളെ മാറ്റിപ്പാർപ്പിക്കുക എന്നത് അനിവാര്യമാണ്. ഇവർക്കായി വീട് നിർമിച്ച് നൽകും. ഗസയിലെ അഭയാർത്ഥികൾക്ക് ഒരു മാറ്റത്തിനായി സമാധാനത്തോടെ ജീവിക്കാൻ പറ്റുന്ന ഒരിടം കണ്ടെത്തും. അവിടേക്ക് അഭയാർത്ഥികളെ മാറ്റിപ്പാർപ്പിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.

 

 

Content Highlight: Palestinians cannot be displaced; Move Israelis to Greenland: Iranian Foreign Minister Abbas Araghchi