ജെറുസലേം : ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഗസയിലെ യു.എന്‍ ഭക്ഷ്യ ഗോഡൗണിലേക്ക് ഫലസ്തീനികളുടെ പ്രവാഹം.
കടുത്ത ഭക്ഷ്യ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഗസയിലെ ജനങ്ങള്‍ ഭക്ഷണത്തിനുവേണ്ടി ഐക്യരാഷ്ട്രസഭയുടെ ഫലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ (യു.എന്‍.ആര്‍.ഡബ്ലു.എ) ഗോഡൗണുകളിലും വിതരണ കേന്ദ്രങ്ങളിലും കയറിയതെന്ന് യു.എന്‍ ദുരിതാശ്വാസ ഏജന്‍സി പറഞ്ഞു.
ശനിയാഴ്ച നാല് ഭക്ഷ്യവിതരണ കേന്ദ്രങ്ങളിലേക്കാണ് ജനക്കൂട്ടം കയറിയതെന്നും ഏജന്‍സിയുടെ വക്താവ് ജൂലിയറ്റ് ടൂമ പറഞ്ഞു.
ഈജിപ്തില്‍ നിന്ന് ഗസയിലേക്ക് കടക്കുന്ന മാനുഷിക വാഹനങ്ങളില്‍ നിന്നുള്ള സാധനങ്ങള്‍ സംഭരിക്കുന്ന വെയര്‍ഹൗസുകളിലൊന്നായ ഡെയര്‍എല്‍ബാലയിലാണ് സംഭവം.
‘മൂന്നാഴ്ചത്തെ യുദ്ധത്തിനും കടുത്ത ഉപരോധത്തിനും ശേഷം ഗസയിലെ ജനജീവിതം പൂര്‍ണ്ണമായും തകരുന്നതിന്റെ ആശങ്കാജനകമായ സൂചനയാണിത്. ഈജിപ്തില്‍ നിന്നും ഗസയിലേക്ക് വരുന്ന മാനുഷിക സഹായ ട്രക്കുകള്‍ ഫലപ്രദമല്ല. ഗസയിലെ കമ്മ്യൂണിറ്റികളുടെ ആവശ്യങ്ങള്‍ വളരെ വലുതാണ്.
അടിസ്ഥാനപരമായ നിലനില്‍പ്പിന് മാത്രമാണെങ്കില്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന സഹായം വളരെ തുച്ഛമാണ്.
വിപണിയിലെ ഭക്ഷ്യവിതരണം പൂര്‍ണ്ണമായും നിലച്ചിട്ടുണ്ട് ,’ ഗസയിലെ യു.എന്‍ റിലീഫ് ആന്‍ഡ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ റഫ്യൂജി ഡയറക്ടര്‍(യു.എന്‍.ആര്‍. ഡബ്ലൂ.എ) തോമസ് വൈറ്റ് പറഞ്ഞു.
ഗസയിലെ നിരന്തര വ്യോമാക്രമണത്തില്‍ തങ്ങളുടെ അമ്പതിലധികം ജീവനക്കാര്‍ കൊല്ലപ്പെടുകയും ഭക്ഷ്യവിതരണം തകരാറിലാകുകയും ചെയ്തതായി യു.എന്‍.ആര്‍.ഡബ്ലൂ.എ പറഞ്ഞു
ഗസയിലെ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാനും വെടിനിര്‍ത്തല്‍ അംഗീകരിക്കാനും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഞായറാഴ്ച അഭ്യര്‍ത്ഥിച്ചിരുന്നു.
‘ഗസയിലെ സ്ഥിതിഗതികള്‍ മണിക്കൂറുകള്‍ കഴിയുന്തോറും കൂടുതല്‍ നിരാശാജനകമായികൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര സമൂഹം മേഖലയിലെ സമാധാനം പുനസ്ഥാപിക്കുന്നതിന് പകരം ഇസ്രഈല്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നൽകുന്നതിൽ ഞാന്‍ ഖേദിക്കുന്നു,’ ഗുട്ടെറസ് പറഞ്ഞു.
നിലവില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുദ്ധത്തിന്റെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ ഗസയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ മരണസംഖ്യ 8,000 കടന്നതായി ഗസയുടെ ആരോഗ്യമന്ത്രാലയം അറിയിച്ചു.
Content Highlight: Palestinians break into Gaza UN aid Warehouses