ഗസ: ബുൾഡോസറുകൾ ഉപയോഗിച്ച് വടക്കൻ ഗസയിലെ ശ്മശാനങ്ങൾ തകർത്ത് ഇസ്രഈൽ സേന. ബുൾഡോസർ കൊണ്ട് കുഴിമാടങ്ങൾ തുറന്നതിനെ തുടർന്ന് ജബലിയയിലെ അൽ ഫഹുജ ശ്മശാനത്തിലെ കല്ലറകൾ കൂടിക്കലർന്നതായി ഗസയിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ ആബിദ് സബാഹ് പറഞ്ഞു.
കല്ലറകൾ വീണ്ടും കെട്ടാമെന്ന പ്രതീക്ഷയിൽ അവശിഷ്ടങ്ങൾക്കിടയിൽ പ്രദേശവാസികൾ മരണപ്പെട്ട തങ്ങളുടെ ബന്ധുക്കളെ തെരഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം വടക്കൻ ഗസയിലെ ആറ് ശ്മശാനങ്ങളെങ്കിലും ഇസ്രഈലി സൈന്യം നശിപ്പിച്ചിട്ടുണ്ട്.
ബെയ്ത് ലഹിയയിലെ സെന്റ് പോർഫിറസ് ചർച്ച് സെമിത്തേരി ഉൾപ്പെടെ ആറ് ശ്മശാനങ്ങൾ തകർന്നതിന് തെളിവുകളുണ്ടെന്ന് യൂറോ മെഡിറ്ററേനിയൻ ഹ്യൂമൻ റൈറ്റ്സ് മോണിറ്റർ അറിയിച്ചു.
സംഭവത്തിനു മുമ്പും ശേഷവുമുള്ള പ്രദേശത്തെ സാറ്റലൈറ്റ് ദൃശ്യങ്ങളിൽ പരിശോധിച്ച സ്ക്രിപ്പ്സ് ന്യൂസസിലെ മാധ്യമപ്രവർത്തകൻ ജേക്ക് ഗോഡിൻ ശ്മശാനങ്ങൾ തകർത്തുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണെന്ന് അറിയിച്ചു.
ഡിസംബർ 10ന് ഷെജയ്യയിലെ ബിൻ മർവാൻ ശ്മശാനത്തിൽ വെടിയുതിർക്കുകയും ഗ്രനേഡ് എറിയുകയും ചെയ്യുന്ന വീഡിയോ ഇസ്രഈൽ സേന പുറത്തുവിട്ടിരുന്നു.
എന്തുകൊണ്ടാണ് ശ്മശാനങ്ങളിൽ ആക്രമണം നടത്തിയതെന്ന് ഇസ്രഈലി സേന ഇതുവരെ വ്യക്തമാക്കിയിട്ടില്ല.