ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധം; ഭയം കാരണം യുവാക്കള്‍ ഓണ്‍ലൈന്‍ സെന്‍സറിങ്ങിന് വിധേയരാകുന്നെന്ന് റിപ്പോര്‍ട്ട്
World
ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധം; ഭയം കാരണം യുവാക്കള്‍ ഓണ്‍ലൈന്‍ സെന്‍സറിങ്ങിന് വിധേയരാകുന്നെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st August 2024, 11:51 am

ഗസാസിറ്റി: ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധപശ്ചാത്തലത്തില്‍ ഫലസ്തീനിലെ യുവാക്കള്‍ സ്വയം ഓണ്‍ലൈന്‍ സെന്‍സറിങ്ങിന് വിധേയരാവുന്നെന്ന് ഗവേഷണ റിപ്പോര്‍ട്ട്. യുദ്ധവുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ ഭയന്നാണ് യുവാക്കള്‍ സ്വയം ഓണ്‍ലൈന്‍ സെന്‍സറിങ്ങിന് വിധേയരാകുന്നെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

15നും 30നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ ഇങ്ങനെയുള്ള പ്രശ്നം അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദി അറബ് സെന്റര്‍ ഫോര്‍ അഡ്വാന്സ്മെന്റ് ഓഫ് സോഷ്യല്‍ മീഡിയ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

15നും 30നും ഇടയില്‍ പ്രായമുള്ള ഫലസ്തീന്‍ യുവാക്കള്‍ സ്വയം സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഓണ്‍ലൈന്‍ ഉപയോഗം കുറച്ചതെന്നാണ് ഈ പഠനം പറയുന്നത്. യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളില്‍ ഭയന്ന് ഫലസ്തീനിലെ യുവാക്കളില്‍ 39 ശതമാനം പേരും അവരുടെ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും രാഷ്ട്രീയപരവും സാമുഹികപരവുമായ ഉള്ളടക്കങ്ങള്‍ ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫലസ്തീന്‍ യുവാക്കളുടെ പോസ്റ്റുകളെയും ഉപയോഗത്തെയും ഇസ്രഈല്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അധിനിവേശ വെസ്റ്റ് ബാങ്ക്, ജെറുസലേം എന്നിവിടങ്ങളിലെ യുവാക്കളാണ് സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം കുറച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫലസ്തീന്‍ യുവാക്കളുടെ ഇടയില്‍ മെറ്റ പ്ലാറ്റ്ഫോം നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയതും ഷാഡോ ബാനിങ്ങും 50 ശതമാനം വരുന്ന യുവാക്കള്‍ ഫേസ്ബുക്ക് ഉപയോഗം നിയന്ത്രിക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഫോക്കസ്ഗ്രൂപ്പുകള്‍, ഫീല്‍ഡ് സര്‍വ്വേകള്‍, പൂര്‍വ്വകാല പഠനങ്ങള്‍ എന്നിവ ഉപയോഗിച്ച് നടത്തിയ ഗവേഷണത്തില്‍ ഫലസ്തീന്‍ യുവാക്കള്‍ അനുഭവിക്കുന്ന ആശങ്കകളാണ് വ്യക്തമാക്കുന്നത്.

ഫലസ്തീനിലെ ആളുകള്‍ക്ക് ഇന്റര്‍നെറ്റ് ഒട്ടും സുരക്ഷിതമല്ല എന്നാണ് പഠനത്തില്‍ പറയുന്നത്. ഇത്തരത്തില്‍ ഡിജിറ്റല്‍ സുരക്ഷ കൂടുതല്‍ സങ്കീര്‍ണ്ണമാവുന്ന സാഹചര്യമാണ് ഫലസ്തീനിലെന്നും ഗവേഷണത്തില്‍ പറയുന്നു.

സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ഫലസ്തീനെ പിന്തുണക്കുന്ന ഉള്ളടക്കങ്ങള്‍ക്ക് മെറ്റ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായാണ് എച്ച്.ആര്‍.ഡബ്ല്യൂവിലെ ആക്ടിങ്ങ് അസോസിയ്റ്റ് ടെക്നോളജി, മനുഷ്യാവകാശ ഡയറക്ടറുമായ ഡെബോറ ബ്രൗണ്‍ പറയുന്നത്.

2023 ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധത്തില്‍ 40000ലധികം ആളുകള് കൊല്ലപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലോകത്തില്‍ സംഭവിക്കുന്ന സംഭവങ്ങള്‍ അറിയാനും പങ്കുവെക്കാനുമുള്ള അവകാശം ഫലസ്തീന്‍ ജനതയ്ക്ക് നിഷേധിക്കപ്പെടുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Palestinian youth self-censoring online for fear of repercussions