ജെറുസലേം: ഫലസ്തീന്‍ തൊഴിലാളികള്‍ ഇസ്രഈലി ജയില്‍ ഗാര്‍ഡുകളില്‍ നിന്ന് ചൂഷണം നേരിടുന്നതായി ഫലസ്തീന്‍ ട്രേഡ് യൂണിയന്‍. ഇസ്രഈല്‍ സൈനികര്‍ തൊഴിലാളികളെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയും അതിക്രൂരമായി മര്‍ദിക്കുകയും ചെയ്യുന്നതായി സംശയിക്കുന്നുവെന്ന് യൂണിയന്‍ പറയുന്നു.
2023 ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രഈലില്‍ നടന്ന ഹമാസിന്റെ പ്രത്യാക്രമണത്തെ തുടര്‍ന്ന്, ഇസ്രഈല്‍ കസ്റ്റഡിയിലെടുത്ത തൊഴിലാളികള്‍ ചൂഷണത്തിന് ഇരയാകുന്നതായാണ് ആരോപണം. തൊഴിലാളികളില്‍ പലരെയും കാണാനില്ലെന്നും ചിലര്‍ വെസ്റ്റ് ബാങ്കില്‍ അഭയം തേടിയിട്ടുണ്ടെന്നും യൂണിയന്‍ പറയുന്നു.
തൊഴിലാളികളെ കാണാതായതോടെ അന്വേഷണം ആവശ്യപ്പെട്ട് യൂണിയന്‍ ഇസ്രഈല്‍ സുരക്ഷാ-സൈനിക കേന്ദ്രങ്ങള്‍ക്ക് നിവേദനം നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്ന് ലഭിച്ച സാക്ഷ്യപത്രങ്ങളില്‍ തൊഴിലാളികള്‍ ഹൃദയാഘാതം മൂലവും ദുരൂഹമായ സാഹചര്യങ്ങളിലും മരണപ്പെട്ടെന്ന് ഇസ്രഈൽ പറയുന്നതായാണ് യൂണിയന്റെ പ്രതികരണം.
കാണാതായ 46 ഫലസ്തീന്‍ തൊഴിലാളികള്‍ക്ക് വേണ്ടിയാണ് ഫലസ്തീന്‍ ട്രേഡ് യൂണിയന്‍ ഇസ്രഈല്‍ കേന്ദ്രങ്ങളെ സമീപിച്ചത്.
2023 ഒക്ടോബര്‍ ഏഴ് വരെ വര്‍ക്ക് പെര്‍മിറ്റോടെ ഗസയില്‍ നിന്നുള്ള 18000 ഫലസ്തീനികള്‍ ഇസ്രഈലില്‍ ഉണ്ടായിരുന്നുവെന്ന് അറബ് വര്‍ക്കേഴ്സ് യൂണിയന്റെ നിയമ ഉപദേഷ്ടാവായ വെഹ്‌ബെ ബദര്‍നെഹ് പറഞ്ഞു.
ഇവര്‍ താമസിച്ചിരുന്ന സ്ഥലം ഉള്‍പ്പെടെ അന്വേഷിച്ചാണ് യൂണിയനുകള്‍ ഇസ്രഈലിനെ സമീപിച്ചത്. ഹമാസിന്റെ പ്രത്യാക്രമണത്തോടെ, ഫലസ്തീനില്‍ നിന്നുള്ള തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് ഇസ്രഈല്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.
വെഹ്‌ബെ പറയുന്നത് അനുസരിച്ച്, വെസ്റ്റ് ബാങ്കില്‍ നിന്നുള്ള തൊഴിലാളികളില്‍ പലരും സുരക്ഷിതരാണ്. എന്നാല്‍ ഗസയില്‍ നിന്നുള്ള തൊഴിലാളികളുടെ വിവരം ലഭ്യമല്ല. ഇസ്രഈലിനും ഗസയ്ക്കും ഇടയിലുള്ള ‘ഗസ എന്‍വലപ്പ്’ എന്ന പ്രദേശത്ത് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയവും ട്രേഡ് യൂണിയനുകള്‍ പ്രകടിപ്പിച്ചു.
നേരത്തെ ഇസ്രഈല്‍ കസ്റ്റഡിയിലെടുത്ത ഫലസ്തീന്‍ തൊഴിലാളികള്‍ ക്രൂരമര്‍ദനത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തൊഴിലാളികളെ ദിവസങ്ങളോളം നഗ്‌നരാക്കി പീഡിപ്പിച്ചുവെന്നും ശരീരത്തിലെ മുറിവുകളില്‍ സൈനികര്‍ മൂത്രമൊഴിച്ചുവെന്നും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് പുറത്തുവന്നത്.
തൊഴിലാളികളെ ഇസ്രഈലി സൈനികര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നും വൈദ്യുതാഘാതമേല്‍പ്പിച്ചുവെന്നും പട്ടിണിക്കിട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ട്രേഡ് യൂണിയനുകളും ഇസ്രഈലിനെതിരെ രാഗത്തെത്തിയിരിക്കുന്നത്.
Content Highlight: Palestinian Workers Exploited by Israeli Prison Guards: Palestinian Trade Unions