ഗസ: കുളിക്കാൻ വെള്ളമില്ലാത്തതിനാൽ തല മുണ്ഡനം ചെയ്ത് ഗസയിലെ സ്ത്രീകൾ.
യുദ്ധവും ഉപരോധങ്ങളും കാരണം ശുദ്ധജലമില്ലാതെ വലയുകയാണ് ഗസയിലെ ജനങ്ങൾ. കുളിക്കാൻ വെള്ളമില്ലാത്തത് കൊണ്ട് തല മുണ്ഡനം ചെയ്യുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന് ഫലസ്തീനി സ്ത്രീകൾ മിഡിൽ ഈസ്റ്റ് ഐയോട് പറഞ്ഞു.
‘തല കഴുകാൻ വെള്ളമില്ലാത്തത് കൊണ്ട് ഞാൻ എന്റെ തല മുണ്ഡനം ചെയ്തു. എന്റെ 16 വയസുള്ള മകളെക്കൊണ്ടും 12 വയസുള്ള മകനെക്കൊണ്ടും അങ്ങനെ തന്നെയാണ് ചെയ്യിച്ചത് എന്റെ ചില സുഹൃത്തുകൾക്ക് തലയിൽ വട്ടച്ചൊറി ഉണ്ടായി. അത് തടയാൻ മുടി കളയുകയല്ലാതെ മറ്റ് മാർഗങ്ങളില്ല,’ 49കാരിയായ നിസ്രീൻ പറഞ്ഞു.
നിലവിലെ യുദ്ധത്തിന് മുമ്പ് തന്നെ ഗസയിലെ 96 ശതമാനം ജലവും ഉപയോഗശൂന്യമാണ്. 2007 മുതലുള്ള ഇസ്രഈലി ഉപരോധമാണ് ഇതിന് കാരണം.
എന്നാൽ ഒക്ടോബർ ഒമ്പതിന് ഇസ്രഈൽ ഊർജ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ജലവിതരണം വിച്ഛേദിക്കുവാൻ തീരുമാനിച്ചതോടെ സ്ഥിതി കൂടുതൽ വഷളായിരിക്കുകയാണ്.
ഇതിന് പുറമേ, ഒക്ടോബർ 30ന് വടക്കൻ ഗസയിലെയും നവംബർ ഒന്നിന് ഗസ സിറ്റിയിലെയും ജലശുദ്ധീകരണ പ്ലാന്റുകൾ ഇസ്രഈൽ സേന പിടിച്ചടക്കിയതായി പ്ലാനറ്റ് ലാബ്സ് പി.ബി.സിയുടെ സാറ്റലൈറ്റ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.
ഒരു ബക്കറ്റ് വെള്ളത്തിനായി മൂന്നും നാലും മണിക്കൂറുകളോളം വരിയിൽ കാത്തുനിൽക്കുകയാണ് ഗസാ നിവാസികൾ.
കുളിക്കുന്നതിനേക്കാൾ അത്യാവശ്യം കുടിക്കാൻ വെള്ളം ലഭിക്കുക എന്നതാണെന്ന് നസ്രീൻ പറയുന്നു.
ഗസാ നിവാസികൾ കടൽ വെള്ളത്തിൽ കുളിക്കുന്നതിന്റെയും വസ്ത്രങ്ങൾ കഴുകുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
നിലവിലെ സംഘർഷത്തിൽ ജലം ഒരു ആയുധമാക്കി മാറ്റുകയാണെന്ന് ഫലസ്തീൻ അഭയാർത്ഥികളുടെ യു.എൻ ഏജൻസി വക്താവ് ജൂലിയെറ്റ് തൂമ കുറ്റപ്പെടുത്തി.
Content Highlight: Palestinian women forced to shave their heads due to water shortage