| Thursday, 29th February 2024, 10:01 pm

ലക്ഷ്യം ഏകീകൃത ഫലസ്തീനിയൻ സർക്കാർ; റഷ്യയിൽ ചർച്ചക്കൊരുങ്ങി ഹമാസ്, ഫതഹ് പാർട്ടികൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്കോ: ഏകീകൃത ഫലസ്തീനിയൻ സർക്കാർ രൂപീകരിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുവാൻ ഹമാസ്, ഫതഹ് ഉൾപ്പെടെയുള്ള ഫലസ്തീനിലെ രാഷ്ട്രീയ ഘടകങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ യോഗം മോസ്കോയിൽ ഉടൻ ചേരുമെന്ന് റിപ്പോർട്ടുകൾ.

യോഗവുമായി ബന്ധപ്പെട്ട ഒരുപാട് അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ഏകീകൃത തന്ത്രം രൂപീകരിക്കുവാൻ മൂന്നു ദിവസമെങ്കിലും യോഗം ചേരുമെന്ന് മോസ്കോയിൽ നിന്ന് അൽ ജസീറയുടെ റിപ്പോർട്ടർ യൂലിയ ഷപ്പോവലോവ അറിയിച്ചു.

‘സമാനമായ യോഗങ്ങൾക്ക് മുമ്പും റഷ്യ ആദ്യത്തേതും വഹിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നാലാമത്തെ യോഗമാണിത്. ഫലസ്തീനിലെ എല്ലാ വിഭാഗങ്ങളും തമ്മിൽ അനുരഞ്ജനം ഉണ്ടാക്കാൻ ഇത് സഹായകമാകും,’ ഷപ്പോവലോവ പറഞ്ഞു.

ഏകീകരണവുമായി ബന്ധപ്പെട്ട് ഇത്രയും മികച്ച അന്തരീക്ഷം മുമ്പ് കണ്ടിട്ടില്ലെന്നും തങ്ങളുടെ ജനങ്ങൾ വംശഹത്യ നേരിടുമ്പോൾ ആളുകൾക്ക് അതിന്റെ ഉത്തരവാദിത്തം അനുഭവപ്പെടുകയാണെന്നും ഫലസ്തീനിയൻ നാഷണൽ ഇനീഷ്യേറ്റിവിന്റെ ജനറൽ സെക്രട്ടറി മുസ്തഫ ബർഗൂതി പറഞ്ഞു.

ഗസയിലെ ജനങ്ങൾ അനുഭവിക്കുന്ന യാതനകൾ ഇല്ലാതാക്കുവാനും ഇസ്രഈൽ നടത്തുന്ന വംശഹത്യ തടയുവാനും ലക്ഷ്യമിട്ടുകൊണ്ട് ഒരു സർക്കാർ രൂപീകരിക്കുന്നതിനായിരിക്കും ചർച്ച ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് ബർഗൂതി അൽ ജസീറയോട് പറഞ്ഞു.

അതേസമയം യോഗത്തിൽ നിന്ന് അത്ഭുതങ്ങൾ പ്രതീക്ഷിക്കുന്നില്ല എന്നും വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലെ പരസ്പര ധാരണയുമായി ബന്ധപ്പെട്ട് നല്ല ഫലങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ എന്നും ഫലസ്തീനിയൻ വിദേശകാര്യ മന്ത്രി റിയാദ് മൽക്കി പറഞ്ഞു.

വെസ്റ്റ് ബാങ്കിലെ പ്രദേശങ്ങളിൽ ഭരണം നടത്തുന്ന ഫലസ്തീനിയൻ അതോറിറ്റി സർക്കാർ രാജിവെക്കുകയാണെന്ന് പ്രധാനമന്ത്രി മുഹമ്മദ് ശിത്തായെ പ്രഖ്യാപിച്ച ദിവസങ്ങൾക്കകമാണ് പുതിയ നീക്കം.

Content Highlight: Palestinian unity on agenda as Hamas, Fatah leaders to meet in Moscow

We use cookies to give you the best possible experience. Learn more