ഇസ്രാഈല്‍ സൈന്യം വെടിവെച്ച ഫലസ്തീനി കൗമരക്കാരന്‍ കൊല്ലപ്പെട്ടു
World News
ഇസ്രാഈല്‍ സൈന്യം വെടിവെച്ച ഫലസ്തീനി കൗമരക്കാരന്‍ കൊല്ലപ്പെട്ടു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th June 2021, 12:34 am

ജറുസലേം: ഇസ്രാഈല്‍ സൈന്യം തലയ്ക്ക് വെടിവച്ച 16 കാരനായ ഫലസ്തീനി കൗമരക്കാരന്‍ കൊല്ലപ്പെട്ടു. അഹമ്മദ് സാഹി ഇബ്നു ഷംസയാണ് കൊല്ലപ്പെട്ടത്. തലക്ക് വെടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഹമ്മദ് സാബി വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്.

ജബല്‍ സാബിയില്‍ തങ്ങളുടെ ഭൂമിയില്‍ ഇസ്രാഈല്‍ അനധികൃത കുടിയേറ്റ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരേ നബ്ലസിലെ ബീറ്റ പട്ടണത്തിലെ താമസക്കാര്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് അഹമ്മദ് സാബിയെ ഇസ്രാഈല്‍ സൈന്യം വെടിവെച്ചത്.

അടുത്തിടെ ഇസ്രാഈല്‍ സൈന്യം സാധാരണക്കാര്‍ക്കായ ഫലസ്തീനികള്‍ക്കെതിരെ അക്രമം നടത്തുന്നത് പതിവാണ്. സൈനികര്‍ പലപ്പോഴും അമിത ബലപ്രയോഗം നടത്തുന്നുണ്ടെന്നും നിരപരാധികള്‍ക്കെതിരെ വെടിയുതിര്‍ക്കാറുണ്ടെന്നും ഫലസ്തീനി സംഘടനകള്‍ പറയുന്നു.

ബുധനാഴ്ച ഇസ്രാഈല്‍ സൈന്യം ഫലസ്തീന്‍ യുവതിയെ വെടിവച്ചുകൊലപ്പെടുത്തിയിരുന്നു. കാര്‍ ഇടിച്ചുകയറ്റാന്‍ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു ഇസ്രാഈല്‍ സൈന്യത്തിന്റെ ആക്രമണം.

അതേസമയം, 12 വര്‍ഷത്തെ നെതന്യാഹു ഭരണം അവസാനിപ്പിച്ച് പുതിയ കൂട്ടകക്ഷി സര്‍ക്കാരിന്റെ ഭാഗമായി നഫ്താലി ബെന്നറ്റ് ഇസ്രാഈലിന്റെ പുതിയ പ്രധാനമന്ത്രിയായി അധികാരമേറ്റിട്ടും ഫലസ്തീനി ജനതയോടുള്ള സൈനത്തിന്റെ നിലപാട് ഒരു മാറ്റവുമില്ലാതെ തുടരുകയാണ്.

തീവ്ര ജൂതമതവാദിയായ നഫ്താലി ബെന്നറ്റ് നേരത്തെ പ്രതിരോധ വകുപ്പിലടക്കം നിരവധി പദവികള്‍ വഹിച്ചിട്ടുള്ള വ്യക്തിയാണ്. ഫലസ്തീന്‍ എട്ട് പ്രതിപക്ഷകക്ഷികള്‍ ചേര്‍ന്നുള്ള സഖ്യമാണ് അധികാരത്തിലേറുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നാല് തെരഞ്ഞെടുപ്പുകളാണ് ഇസ്രാഈലില്‍ നടന്നത്. മാര്‍ച്ചില്‍ നടന്ന അവസാന തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും സഖ്യത്തിനും ഭൂരിപക്ഷം നേടാനായതോടെയാണു നെതന്യാഹുവിനെ പുറത്താക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സഖ്യം ചേര്‍ന്നത്. ഫലസ്തീന്‍ വിഷയത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെയാണ് വീണ്ടും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചത്.

ഈ സഖ്യത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും തീവ്ര മതവാദികളും മതേതരവാദികളുമുണ്ട്. സഖ്യത്തിലെ പാര്‍ട്ടികളില്‍ ചിലര്‍ സ്വതന്ത്ര ഫലസ്തീനെ പിന്തുണക്കുന്നവരും മറ്റു ചിലര്‍ അതിശക്തമായി എതിര്‍ക്കുന്നവരുമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Palestinian teen shot by Israeli troops in West Bank dies