| Monday, 30th July 2018, 6:14 pm

ഞങ്ങള്‍ പലസ്തീനൊപ്പം; അഹദ് തമീമിയെ ദക്ഷിണാഫ്രിക്കയിലേക്ക് ക്ഷണിക്കും: നെല്‍സണ്‍ മണ്ടേലയുടെ പേരമകന്‍ മണ്ട്ല മണ്ടേല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജൊഹന്നാസ്ബര്‍ഗ്: പലസതീന്‍ പ്രതിരോധത്തിന്റെ പ്രതീകമായ ബാലിക അഹദ് തമീമിയെ ആദരിക്കുന്നതിനായി ദക്ഷിണാഫ്രിക്കയിലേക്ക് ക്ഷണിക്കുമെന്ന് നെല്‍സണ്‍ മണ്ഡേലയുടെ പേരമകനും മാവ്‌സോ ട്രെഡീഷണല്‍ കൗണ്‍സില്‍ (Mvezo traditional council) തലവനുമായ മണ്ട്‌ല മണ്ഡേല.

നെല്‍സണ്‍ മണ്ഡേലയുടെ നൂറാം ജന്മദിനാഘോഷ പരിപാടികളുടെ ഭാഗമായാണ് തമീമിയെ ആദരിക്കുക. അഹദ് തമീമി ധീരതയുടെയും പലസ്തീന്‍ പ്രതിരോധത്തിന്റെ പ്രതീകമാണെന്ന് മണ്ട്‌ല മണ്ഡേല പറഞ്ഞു.

ഇസ്രഈല്‍ സൈനികരെ അടിച്ചതിന്റെ പേരില്‍ എട്ടു മാസത്തെ ജയില്‍വാസത്തിന് ശേഷം തമീമി കഴിഞ്ഞ ദിവസമാണ് പലസ്തീനിലെത്തിയത്. സഹോദരന്റെ നെറ്റിയില്‍ ഇസ്രഈല്‍ സൈനികന്‍ റബ്ബര്‍കോട്ടഡ് മെറ്റല്‍ ബുള്ളറ്റ് കൊണ്ട് വെടിവെച്ചെന്ന വാര്‍ത്ത കേട്ടതിനെ തുടര്‍ന്നായിരുന്നു തമീമി സൈനികരെ അടിച്ചിരുന്നത്.

അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ നബി സലേഹിലുള്ള ഗ്രാമത്തില്‍ തന്നെ പിന്തുണച്ചെത്തിയവരെ കണ്ട് വിതുമ്പിയാണ് തമീമി കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നത്.

“ഫലസ്തീനിയന്‍ വനിതാ തടവുകാരായ എന്റെ സഹോദരിമാര്‍ കൂടെയില്ലാത്തിടത്തോളം എന്റെ സന്തോഷം പൂര്‍ണമാകില്ല. അവരും സ്വതന്ത്രരാവുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.” തമീമി പറഞ്ഞിരുന്നു.

ഇസ്രാഈലില്‍ തടവില്‍ കഴിയുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന Addameer prisoner support group ന്റെ കണക്കുകള്‍ പ്രകാരം 5900 പലസ്തീന്‍ രാഷ്ട്രീയ തടവുകാരാണ് ജയിലുകളില്‍ കഴിയുന്നത്. ഇതില്‍ 291 കുട്ടികളാണ്.

We use cookies to give you the best possible experience. Learn more